മലപ്പുറം: വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ വ്യാപക കൊട്ടിക്കലാശം.. നിരവധിപേര്‍ക്കെതിരെ കേസ്. കൊവിഡ് സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് എല്ലാ മുന്നണികളുടെയും നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു.യാതൊരു വിധ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേര്‍ന്നത്. തിരൂര്‍, പൊന്നാനി, വേങ്ങര, കുറ്റിപ്പുറം, ചെമ്രവട്ടം, താനൂര്, എടപ്പാള്‍, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇതോടെ പോലീസ് ഇടപെട്ട് പരസ്യപ്രചാരണങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയും ചെയ്തു.
അതേ സമയം പരസ്യ പ്രചരണം അവസാനിച്ചതോടെ സ്ഥാനാര്‍ഥികളെല്ലാം നിശബ്ദ പ്രചരണത്തിലൂടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടികലാശം കര്‍ശനമായി നിരോധിച്ചിരുന്നുവെങ്കിലും സ്ഥാനാര്‍ഥികള്‍ ബൈക്ക് റാലിയും പദയാത്രയുമൊക്കെയായി സമാപന ദിവസം കൊട്ടിക്കലാശത്തിന് സമാനമാക്കി. ആറ് മണിക്ക് പരസ്യ പ്രചരണം അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയില്‍ വോട്ട് പിടിക്കാനുള്ള ശ്രമത്തിലായി. ഓരോ ഡിവിഷനുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ ഓരോ വോട്ടും നിര്‍ണായകമാണ്.
റോഡ് തന്നെ സ്തംഭിക്കുന്ന രീതിയിലും വന്‍ ശബ്ദത്തില്‍ ഉച്ചഭാഷണിയിലൂടെയുംവീറും വാശിയോടെയും നടത്തിയിരുന്ന പ്രചാരണം, ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ ഒരാളും വാര്‍ഡുകള്‍ വിട്ട് പുറത്തേക്ക് വന്നില്ല. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കോപ്പുകൂട്ടാന്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയായിരുന്നു. വോട്ടുറപ്പിക്കുന്നതിന്ന് ഊടുവഴികളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പ്രചാരണ വാഹനങ്ങള്‍ തുടരെ തുടരെ ചുറ്റിക്കറങ്ങുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയില്‍ കഴിഞ്ഞ കാലങ്ങളില്‍ വരുത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് ആധിപത്യ മുറപ്പിച്ച് ഭരണം തുടരാന്‍ യു.ഡി.എഫ് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ നഗരസഭയിലെ വികസന മുരടിപ്പും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും നിരത്തിയാണ് എല്‍.ഡി.എഫ് പ്രചാരണം. പരിസര പഞ്ചായത്തുകളായ മൂന്നിയൂര്‍, നന്നമ്പ്ര, തെന്നല, എ ആര്‍ നഗര്‍ എന്നിവിടങ്ങളിലും പ്രചാരണം സമാധാനപരമായാണ് കലാശിച്ചത്.