മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര തുക..!

Ernakulam

മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര വിതരണത്തിനായി നിര്‍മ്മാതാക്കള്‍ നല്‍കേണ്ട 61.50 കോടി രൂപയില്‍ ഇതുവരെ നല്‍കിയത് നാല് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായർ സമിതി. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതിയുടെ ഈ കണ്ടെത്തലുള്ളത്.ഗോള്‍ഡൻ കായലോരത്തിന്‍റെ നിര്‍മ്മാതാക്കള്‍ 2 കോടി എണ്‍പത്തിയൊന്‍പത് ലക്ഷവും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷൻ രണ്ട് കോടിയും നല്‍കി. എന്നാല്‍ ആല്‍ഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.ലഭിച്ച തുകയില്‍ 1,20,30,000 രൂപ സമിതിയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു. 248 ഫ്ലാറ്റ് ഉടമകള്‍ക്കായി സ‍ംസ്ഥാന സർ‍ക്കാര്‍ 62 കോടി നഷ്ടപരിഹാര ഇനത്തില്‍ കൈമാറിയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.നഷ്ടപരിഹാരം നല്‍കാനായി വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയതായി സമിതി സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു. വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *