കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയും യൂറോപ്പും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവ് സാക്ഷ്യം വഹിക്കുകയാണ്. കൂടുതൽ ഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇവിടങ്ങളിലെ ഗവൺമെന്റുകൾ ജനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. യൂറോപ്പിലും യുകെയിലും പലയിടങ്ങളിലും ലോക്ഡൗണുകൾ വീണ്ടും ഏർപ്പെടുത്തി.
കാനഡയിലും ഇതേ അവസ്ഥ തന്നെയാണ്. കോവിഡിനെതിരെയുള്ള മുൻകരുതലുകളുടെ ഭാഗമായി മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി.ഫിൽറ്റർ പാളി ഉൾപ്പെടുന്ന മൂന്നു പാളികളുള്ള മെഡിക്കൽ ഇതര മാസ്ക് ധരിക്കാനാണ് നിർദ്ദേശം. കോട്ടണോ ലിനനോ പോലുള്ള സാമഗ്രികൾ ഉപയോഗിച്ചായിരിക്കും ഇതിന്റെ രണ്ട് പാളികൾ നിർമിച്ചിരിക്കുക.
മൂന്നാമത്തെ മധ്യ പാളി നോൺ‑വൂവൻ പോളിപ്രൊപ്പിലൈൻ തുണി പോലുള്ള ഫിൽറ്റർ ടൈപ്പ് തുണി ഉപയോഗിച്ചുള്ളതാകണമെന്ന് ആരോഗ്യ അധികൃതർ പറയുന്നു.