നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും.

Gulf

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുന്നതിന്​ ഒപ്പം വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക്​ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന്​ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്​ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന്​ നികുതി ഈടാക്കുമെന്നതാണ്​ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ്​ വരുമാന നികുതി ഈടാക്കുക.

ഈ നികുതി ഏതൊക്കെ രീതിയില്‍, ആരില്‍ നിന്നൊക്കെ ഈടാക്കണമെന്നതടക്കം വിഷയങ്ങള്‍ പഠന വിധേയമാക്കി വരുകയാണ്.

2020-24 വര്‍ഷത്തേക്കുള്ള ധനസന്തുലന പദ്ധതിക്ക്​ സുല്‍ത്താന്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. സുസ്​ഥിര നിലവാരത്തിലുള്ള ധനസന്തുലനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ 2024ഓടെ 12.1 ശതകോടി റിയാലിന്റെ വരുമാനവും 12.6 ശതകോടി റിയാലിന്റെ ചെലവുമാണ്​ ലക്ഷ്യമിടുന്നത്​.

സാമ്പത്തിക വളര്‍ച്ച, വരുമാന വൈവിധ്യവത്​കരണം, ചെലവഴിക്കലി​ന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, സാമൂഹിക സുരക്ഷാ സംവിധാനം ശക്​തമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ്​ പദ്ധതിക്ക്​ രൂപം നല്‍കിയിരിക്കുന്നത്​. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതി​ന്റെ ഭാഗമായി റിയല്‍ എസ്​റ്റേറ്റ്​ മേഖലയുടെ പുനരുജ്ജീവനം, സര്‍ക്കാര്‍ ഫീസുകളുടെ പുനര്‍ നിര്‍ണയം, തൊഴില്‍ വിപണിയുടെ പരിഷ്​കരണം, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും.

വരുമാന വൈവിധ്യവത്​കരണത്തി​ന്റെ ഭാഗമായി നിക്ഷേപ ഏജന്‍സി സ്​ഥാപിക്കല്‍, നികുതി ശേഖരണം ശക്​തമാക്കല്‍, മൂല്ല്യ വര്‍ധിത നികുതി തുടങ്ങിയവയാണ്​ നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലെ ചെലവഴിക്കലി​ന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി​ന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ചെലവ്​ ഏകീകരിക്കുന്നതടക്കം നടപടികള്‍ കൈകൊള്ളും. ധനകാര്യ പരിഷ്​കരണങ്ങള്‍ നിശ്​ചിത വരുമാനക്കാരെ ബാധിക്കാതിരിക്കാന്‍ സമഗ്രമായ സാമൂഹിക സുരക്ഷാ സംവിധാനവും നടപ്പിലാക്കും. പദ്ധതിയിലെ നിക്ഷേപ ഏജന്‍സി സ്​ഥാപിക്കല്‍ അടക്കം പദ്ധതികള്‍ ഒമാന്‍ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റുപദ്ധതികള്‍ മുന്‍ഗണനാ അടിസ്​ഥാനത്തില്‍ നടപ്പിലാക്കും

Leave a Reply

Your email address will not be published. Required fields are marked *