ആലപ്പുഴ: ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖൻ പോറ്റി എന്ന വ്യാജ പേരിൽ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു ഫൈസൽ. 10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരിൽ വന്നുപോയിരുന്ന ഫൈസൽ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു.
എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാൻ വീട് നല്കിയവരോട് ഇയാൾ പറഞ്ഞിരുന്നത്. പൂണൂൽ ധാരിയായിരുന്ന ഫൈസൽ താൻ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമൻകുട്ടി വെള്ളമുണ്ട എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. പൂജാരിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാൻ വീടിനോട് ചേർന്ന് ഒരു കുരിയാലയുണ്ടാക്കി അവിടെ പൂജാദികർമ്മങ്ങളും ഫൈസൽ നടത്തിയിരുന്നു. ട്രെയിൻ യാത്രയിലുണ്ടായ പരിചയം മുതലാക്കി വീട്ടിലെ ഒരംഗവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഫൈസൽ ഈ വീട്ടിൽ താമസത്തിനെത്തുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വീട്ടിലെ ആൺകുട്ടിക്ക് തന്റെ മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്.ആൾമാറാട്ടത്തിന് ഉണ്ടായ സാഹചര്യം പോലീസ് പരിശോധിച്ചു വരികയാണ്