പബ്ലിക് സർവീസ് കമ്മീഷന്റെ മലയാള ഭാഷയോടുള്ള നിഷേധാത്മക സമീപനത്തിനെതിരെയുള്ള ഐതിഹാസിക സമര പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് വർത്തമാന കേരളം. സാമൂഹ്യ ജീവിതത്തെ സ്വതന്ത്രവും ചലനാത്മകവുമാക്കുന്നതിൽ മാതൃഭാഷ പഠനത്തിനുള്ള പ്രാധാന്യവും സ്വാധീനവും സമരോത്സുകമായ ദേശീയ പ്രസ്ഥാന കാലം മുതൽക്കേ ഊട്ടിയുറപ്പിച്ചതാണെന്നിരിക്കെ പൊതു ഒഴിവിലെ തൊഴിലിന്റെ കൈകാര്യ കർതൃത്വം കേരളം വിശ്വസിച്ചേൽപ്പിച്ച സംവിധാനം കാലാ കാലങ്ങളായി തുടരുന്ന മലയാള ഭാഷ വിവേചനത്തിനെതിരെയാണ് സമാനതകൾ ഇല്ലാത്ത പോർമുഖം തുറക്കുന്നത് ഭാഷാ സ്നേഹികൾ.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ലോവർപ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലേക്കുള്ള അദ്ധ്യാപകർക്കായുള്ള എഴുത്തു പരീക്ഷയുടെ സിലബസ്സിൽ നിന്നും മലയാള ഭാഷയെ പൂർണ്ണമായും തഴയുന്ന പി എസ് സി യുടെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാതൃ ഭാഷയിലൂടെയായിരിക്കണം പ്രൈമറി വിദ്യാഭ്യാസമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളോടുള്ള നഗ്നമായ ലംഘനവുമാണ്. മാതൃ ഭാഷയിൽ കൂടിയുള്ള അനുഭവങ്ങൾ പ്രദാനം ചെയ്തു കൊണ്ടായിരിക്കണം ലോവർ പ്രൈമറി ക്ലാസ്സുകളിലെ അധ്യയനം എന്നിരിക്കെ പ്രസ്തുത തലങ്ങളിലെ അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ സിലബസ്സിൽ നിന്നുമുള്ള മാതൃ ഭാഷ നിഷ്കാസനത്തിലൂടെ പി എസ് സി ചോദ്യം ചെയ്യുന്നത് മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നില നിൽപിനെ തന്നെയാണ്.
പ്രൈമറി ക്ലാസ്സുകളിലേക്കുള്ള അധ്യാപക നിയമനത്തിനായുള്ള പരീക്ഷകളിലെ പ്രധാന വിഷയം കാൽനൂറ്റാണ്ട് മുൻപ് വരെ മലയാളം തന്നെയായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപക നിയമനത്തിനായുള്ള പ്രാഥമിക യോഗ്യതയായ മുൻപ് ടി ടി സി എന്നും ഇപ്പോൾ ഡി എൻ എഡ് എന്നും പറയുന്ന കോഴ്സിന്റെ നാല് സെമസ്റ്ററിലും ഓരോ പേപ്പർ മലയാള ഭാഷയും സാഹിത്യവുമാണെന്നിരിക്കെ ഭാഷയുടെ മാധുര്യവും സൗന്ദര്യവും കുരുന്നു ഹൃദയങ്ങളിൽ കരുപ്പിടിപ്പിക്കാൻ നിയുക്തരായവരുടെ ഭാഷാ ശേഷി അളക്കേണ്ടതില്ലെന്ന വിചിത്ര വാദഗതിയുമായി വരുന്നു പി എസ് സി.
1928 ലാണ് കൊച്ചി നിയമ സഭയിലേക്ക് സഹോദരൻ അയ്യപ്പൻ തെരഞ്ഞെടുക്കപ്പെടുന്നത്. നിയമ സഭയിലെ ആദ്യ മലയാള പ്രസംഗത്തിന്റെ ഉടമയും അദ്ദേഹമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ കരണമാരാഞ്ഞ ദിവാൻജിയുടെ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം 'ബോംബ് മലയാളത്തിൽ ആണെങ്കിലും ബോംബാണല്ലോ '! എന്നായിരുന്നു. ഐക്യ കേരളപ്പിറവിയെ തുടർന്ന് അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ ഭരണ ഭാഷാ വിഷയത്തിൽ ക്രിയാത്മകമായി ഇട പെടുകയും പ്രസ്തുത വിഷയം സമഗ്രമായി പഠിക്കുന്നതിനായി 1957 ൽ കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ജനങ്ങളുടെ ഭരണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് നിഷ്കർഷിച്ച പ്രസ്തുത കമ്മറ്റി ഭരണഭാഷ മലയാളമാക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ റിപ്പോർട്ടിൽ നിർദേശിക്കുകയും ചെയ്തു. ഏറെ താമസിയാതെ തന്നെ മലയാളം ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്നത് സർക്കാർ നയമായി പ്രഖ്യാപിക്കപ്പെട്ടു. 1965 ൽ ഭരണഭാഷാ മാറ്റ നടപടി ക്രമങ്ങൾ പ്രായോഗിക തലത്തിലെത്തുകയും 1969 ൽ കേരള ഔദ്യോഗിക ഭാഷ ആക്ട് പാസ്സാക്കുകയും പ്രസ്തുത നിയമം 1973 ൽ ഭേദഗതി നടത്തി 'കേരള ഔദ്യോഗിക ഭാഷകൾ 'എന്ന് പുനർ നാമകരണം നടത്തുകയും ചെയ്തു. തൽഫലമായി മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകൾ ആയി അംഗീകരിക്കപ്പെട്ടു. വിവിധ സർക്കാർ വകുപ്പുകളിൽ മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് അധികാരം നൽകുന്ന 1(B)വകുപ്പും കേരളത്തിലെ ന്യൂനപക്ഷ ഭാഷകളായ തമിഴിനും കന്നടക്കും പരിരക്ഷ ഏർപ്പെടുത്തിക്കൊണ്ടുള്ള 3:10 വകുപ്പും നിയമത്തിൽ വ്യവസ്ഥ ചെയ്യുകയുമുണ്ടായി.
2015 ഡിസംബർ 17 ന് മലയാള ഭാഷാ ബിൽ കേരള നിയമ സഭ ഐക്യകണ്ഡേന പാസ്സാക്കി. 2017 ഏപ്രിൽ 26 ന് മാതൃ ഭാഷ ഭരണ ഭാഷ എന്ന നയം പിൻപറ്റാത്ത സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷാർഹരാണെന്ന ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പുറത്തു വരികയുമുണ്ടായി.
ഐ എ എസ് പരീക്ഷയും റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന ഡി ഗ്രൂപ്പിലേക്കുള്ള പരീക്ഷകളും ഐ ബി പി എസിന്റെ ബാങ്ക് പരീക്ഷകളുമടക്കം മാതൃ ഭാഷയിൽ എഴുതുവാനുള്ള അവകാശം ഉണ്ടായിരിക്കെയാണ് മലയാളം ശ്രേഷ്ഠ ഭാഷ തലയെടുപ്പോടെ നിലകൊള്ളുന്ന നാട്ടിൽ സർക്കാർ നയങ്ങളെപ്പോലും നോക്കു കുത്തിയാക്കികൊണ്ടുള്ള പി എസ് സി യുടെ ഗൂഢ നീക്കങ്ങൾ.
മാതൃ ഭാഷ ഔദാര്യമല്ല അവകാശമാണ്. മാതൃ ഭാഷ സംരക്ഷണം സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ജനാധിപത്യപരമായ ഔദ്യോഗിക കൃത്യ നിർവഹണത്തിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് സർക്കാർ നിർദേശാനുസരണം ജീവനക്കാരെ നിയമിക്കുന്നതിനായി നിയുക്തമായിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയ ഭരണഘടന സ്ഥാപനം ജനാധിപത്യ വിരുദ്ധത മുഖമുദ്രയാക്കരുത്.
എഴുതിയത്ഃ ടി കെ മുസ്‌തഫ വയനാട്