സമര പ്രഹസനങ്ങൾ നിശബ്ദമാക്കുന്ന ഭയപ്പെടുത്തുന്ന ഭാവി: പ്രവാസികളെ പറ്റി.
ഡോ. പി.കെ.യാസർ അറഫാത്ത്
(അസി.പ്രൊഫസർ , ചരിത്ര വിഭാഗം, ഡൽഹി യൂണിവേഴ്സിറ്റി) എഴുതുന്നു
കേരളത്തിലെ നൂറുകണക്കിന് പ്രവാസിഗ്രാമങ്ങളിൽ ഒന്നാണ് എന്റേത്. പ്രവാസത്തെ മാത്രം നേരിട്ട് ആശ്രയിച്ചു കഴിയുന്ന അയ്യായിരത്തോളം കുടുംബങ്ങൾ ഉണ്ടാവാം ഇവിടെ. നൂറുകണക്കിന് പ്രവാസികൾ എന്റെ അടുത്ത കുടുംബത്തിലും സൗഹൃദ വലയത്തിലും കാണാൻ പറ്റും. അതിൽ തൊഴിലെടുക്കുന്നവരും, തൊഴിൽ ദായകരുംഉണ്ട്. ഗൾഫിലെ സർക്കാർ സർവീസിലും അല്ലാത്തിടങ്ങളിലും ജോലിയെടുക്കുന്നവർ നിരവധിയാണ്. പെട്രോളിയം, ഗ്യാസ് , ഹെൽത്ത് തുടങ്ങിയവയിൽ ജോലിചെയ്യുന്ന ഉയർന്ന വൈറ്റ് കോളർ ജോലിക്കാരും ഡ്രൈവർ, മാനേജർ, തുടങ്ങിയ ഇടത്തരം ജോലിക്കാരും, റെസ്റ്റോറന്റ്, ഗ്രോസറി കടകളിലിൽ ജോലിചെയ്യുന്നവമായി നിരവധി പേരെ നേരിട്ട് അറിയാം. പലരും നല്ല സുഹൃത്തുക്കളാണ.കഴിഞ്ഞ മൂന്നു മാസമായി അതിൽ നിരവധി പേരുമായി സംസാരിച്ചു.
നാട്ടിലുള്ളവരും ഗൾഫിലുള്ളവരും
പറഞ്ഞ പല കാര്യങ്ങളും, ഞാൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളും, നമ്മളിൽ പലർക്കും അറിയാവുന്ന കാര്യങ്ങളും കേരളത്തിൽ ചർച്ചചെയ്യാൻ പോലും സാധിക്കാത്ത ഒരു മാധ്യമരാഷ്ട്രീയ സംസ്കാരമുള്ളപ്പോൾ ചില കാര്യങ്ങൾ പറയട്ടെ!
ഗൾഫിലുള്ളവരുമായി സംസാരിച്ച ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കുവെക്കാം ആദ്യം.
“നാട്ടിലേക്ക് വരുന്നില്ലേ”എന്ന് ചോദിച്ചപ്പോൾ കോര്പറേറ്റ് മേഖലയിൽ ജോലിചെയ്യുന്ന എന്റെ അടുത്ത ഒരു ബന്ധുപറഞ്ഞതു “തിരിച്ചു വന്നാൽ ജോലിയുണ്ടാകുമോ എന്നറിയില്ല, അതുകൊണ്ടു റിസ്ക് എടുത്തു ഇവിടെ നിൽക്കുകയാണ് എന്നാണ്.” ഇത് ഏപ്രിലിലാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ചുമാസമായി, ഗൾഫിൽ, പ്രത്യേകിച്ചു സർക്കാർ മേഖലയിലെ പല സ്ഥാപനങ്ങളിലും അതിവ്യാപകമായ തദ്ദേശീയവൽക്കരണം നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ,വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപകങ്ങൾ കൊയ്തുതുടങ്ങിയിരിക്കുന്നു ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ.
സർക്കാർ മേഖലകളിൽ, തദ്ദേശീയ വാസികളെ സാങ്കേതിക മേഖലകളിൽ വിന്യസിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ മേഖലയിൽ വര്ഷങ്ങളായി ജോലിചെയ്യുന്നവരുടെ ശമ്പളം വെട്ടിക്കുറക്കുകയോ, അലവന്സുകള് എടുത്തോകളയുകയോ ചെയ്യുന്നതായിട്ടാണ് പലരും പറയുന്നത്.”സ്ഥിരപ്പെട്ട ജോലി” എന്ന് കരുതിപ്പോന്നിരുന്ന പല മേഖലകളിലും, വര്ഷങ്ങളായി ജോലിചെയ്തവർ, കോൺട്രാക്ട് ജോലിക്കാരായി, തങ്ങൾ വര്ഷങ്ങളായി ചെയ്തിരുന്ന ജോലിയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലിക്കാരായി തിരികെ കയറുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ടത്രേ.
ഗവൺമെന്റ് സെക്ടറിൽ ഉയർന്ന ജോലിയുള്ള ഒരടുത്ത സുഹൃത്ത് പറഞ്ഞത്, വിമാന സർവീസുകൾ അത്യാവശ്യം ശക്തമായാൽ, ഖത്തർ ജനസംഘ്യയുടെ പത്തുശതമാനം ആൾക്കാർ, ഏകദേശം മൂന്നുലക്ഷത്തോളം ആൾക്കാർ ഉടനടി കുറയും എന്നാണ്. പിരിച്ചുവിടപ്പെട്ട തൊഴിലാളികളാണിൽ ഭൂരിപക്ഷം . അതായത് അതിൽ പകുതിയോളം ഇന്ത്യക്കാരും, അതിന്റെ വലിയൊരു ശതമാനം മലയാളികളും ആയിരിക്കും എന്ന് വ്യക്തം. ഇത് സർക്കാർ/ സ്വകാര്യ മേഖലകളിൽ വൈറ്റ് കോളർ ജോലിചെയ്യുന്നവരുടെ കണക്കാണ്. ഇങ്ങിനെ MENA (Middle East and North Africa) പ്രദേശത്ത് ഇരുപതിൽ കൂടുതൽ രാജ്യങ്ങളിൽ ജോലിചെയ്തിരുന്ന ലക്ഷക്കണക്കിന് ആൾക്കാരാണ് ജോലി നഷ്ടപ്പെട്ടു കേരളത്തിലേക്ക് ഘട്ടം ഘട്ടമായി തിരിച്ചുവരാൻ പോകുന്നത്.
റസ്റ്റോറന്റ്, ഗ്രോസറി, സൂപ്പർമാർക്കറ്റുകളിക്കുള്ള റിക്രൂട്ടുമെന്റുകൾ കഴിഞ്ഞ ആറുമാസമായി നടക്കുന്നില്ല എന്നാണ് ഈ രംഗത്ത് ഉള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. കൊറോണക്ക് മുൻപ് ഓരോ മാസവും ആയിരക്കണക്കിന് ചെറുപ്പക്കാരാണ് കേരളത്തിൽ നിന്ന് ഈ മേഖലയിലേക്ക് ജോലിക്കായി പൊയ്ക്കൊണ്ടിരുന്നത്. അതായത്, തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, അവിദഗ്ദ്ധ മേഖലകളിലേക്കും വിദഗ്ധ മേഖലകളിലേക്കും സാധാരണ സമയത്തു കേരളത്തിൽ നിന്ന് ഓരോ മാസവും ജോലിക്കെത്തുന്ന പതിനായിരങ്ങൾക്ക് ആ സാധ്യതയും നിലവിൽ അടഞ്ഞിരിക്കുകയാണ് എന്ന് വ്യക്തം. ഏകേദശം എല്ലാ രാജ്യങ്ങളിലും പുതിയ തൊഴിൽവിസ അടിക്കുന്നത് പൂർണ്ണമായി തന്നെ നിർത്തി.
പല സ്ഥലങ്ങളിലും സ്ഥാപങ്ങങ്ങൾ പൂട്ടിക്കിടക്കുന്നുഅല്ലെങ്കിൽ വളരെ പരിമിതമായ തോതിൽ മാത്രം കച്ചവടം നടക്കുന്നു. തൊഴിലാളികളുടെ ശമ്പളം കെട്ടിക്കിടക്കുന്നു. അത്യാവശ്യ തൊഴിലാളികളെ മാത്രം നിലനിർത്തിയാണ് ഭക്ഷണ,ചെറുകിട കച്ചവടമേഖലയിലെ ആൾക്കാർ മുന്നോട്ടു പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇപ്പോൾ, ചിലരുടെ കാര്യത്തിൽ അവരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം നാട്ടിൽ നിന്ന് അങ്ങോട്ടേക്ക് അയക്കേണ്ടി വരുന്നതായും അറിയുന്നു.
കൊറോണ കഴിഞ്ഞാൽ ഈ മേഖലയിൽ കാര്യങ്ങൾ പഴയനിലയിൽ തന്നെ ആകാനുള്ള സാധ്യതകളാണ് ആ മേഖലകളിലുള്ളവർ കാണുന്നത് എന്ന് മനസ്സിലാക്കുന്നവരും ഉണ്ട്. കാരണം ഈ മേഖലകളിലേക്ക് തദ്ദേശീയർ വരുന്നത് പെട്ടെന്ന് അത്ര വ്യാപകമാവില്ല എന്നുള്ള വിശ്വാസമാണ്. അതേസമയം, കൊറോണ എപ്പോൾ കഴിയും എന്ന അങ്കലാപ്പും അവരെ ഭയപ്പെടുത്തുണ്ട്. എന്നാൽ സൂപ്പർ മാർക്കറ്റുകളിലൊക്കെ ഇത്രശതമാനം സ്റ്റാഫുകളെ വെക്കണമെന്നുള്ള നിയമം പല രാജ്യങ്ങളും പുതുതായി കൊണ്ടുവരുന്നുണ്ട്. അതായത് പലമേഖലകളിലും, പ്രത്യേകിച്ച് വിദഗ്ധ/അർദ്ധ വിദഗ്ധ മേഖലകളിൽ കാര്യമായി കുറഞ്ഞുവരുകയാണെന്നു കാണാം.
അതിവിദഗ്ധ മേഖലകളിലെ പ്രവാസികളിൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി കണ്ടിരുന്നു ക്രിയാത്‌മകമായ ഒരു മാറ്റം അവർ ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ ഏറ്റവും പുതിയ സാധ്യതകൾ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ്. ഒരേ സ്ഥലത്തുതന്നെ വര്ഷങ്ങളോളം ജോലിചെയ്തിരുന്ന പഴയ തലമുറയിലെ പ്രവാസികളെ അപേക്ഷിച്ചു, ഓരോവർഷവും കമ്പനിയും രാജ്യവും മാറുവാനുള്ള ആത്മവിശ്വാസവും കഴിവുമുള്ള ഒരു പ്രവാസി ജനറേഷൻ ഉയർന്നു വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ അവരുടെയും സാധ്യതകൾ മങ്ങിനിൽക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മൂന്നുപ്രാവശ്യം കോർപ്പറേറ്റ് ഓഫിസുകൾ മാറിയ അതിമിടുക്കനായ ഒരു സുഹൃത്ത് പറഞ്ഞത്.
ഗൾഫിലെ കോര്പറേറ്റ് ഓഫിസുകളിൽ മോശമല്ലാത്ത “ലെ ഓഫ്” നടക്കുന്നു, പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും കേരളത്തിലെ തൊഴിലില്ലായ്മയുടെ ആഴം കൂട്ടുകതന്നെ ചെയ്യുമെന്ന് വ്യക്തമാണ്. തൊഴിൽ നഷ്ടപ്പെട്ട, നഷ്ടപ്പെടുമെന്നു പേടിയുള്ളവർ ആഴത്തിലുള്ള മാനസിക പ്രയാസങ്ങളും ആശങ്കകളും അനുഭവിക്കുന്നവരുമാണ് എന്ന് അവിടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷേധങ്ങൾ, ലേബർ സമരങ്ങൾ തുടങ്ങിയവയൊന്നും സാധ്യമല്ലാത്ത “മെന” റീജ്യനിൽ, കോവിഡിനെ ഉപയോഗപ്പെടുത്തി തൊഴില്പരമായും, സാമ്പത്തികവുമായ, പ്രവാസികളെ നന്നായി ബാധിക്കുന്ന, പല പോളിസികളും ഭരണാധികാരികൾ അടിച്ചേൽപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നു.
എന്നാൽ ‘പെർഫോമൻസ് വൈസ്’ ‘പിരിച്ചുവിടലും’ ‘തരം താഴ്ത്തലുമാണ്’ നടക്കുന്നതെന്നും തങ്ങളുടെ ഓഫിസിനെ മുൻനിർത്തി അടിവരയിടുന്ന പ്രവാസികളും ഉണ്ട്. പക്ഷെ പുതിയ നിയമനങ്ങളൊന്നും നടക്കുന്നില്ല എന്നകാര്യം അവരും സമ്മതിക്കുന്നു. പുതിയ നിയമനങ്ങൾ, മലയാളികൾക്ക് ഏറ്റവും സ്വാധീനമുള്ള മേഖലകളിലൊന്നായ റെസ്റ്റോറന്റ്, ജ്യൂസുകടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലും പൂർണ്ണമായും മുടങ്ങിക്കിടക്കുകയാണ് എന്ന് ആ മേഖലയിലെ, എനിക്ക് അറിയാവുന്ന ചില പ്രധാന തൊഴിൽദായകർ സാക്ഷ്യപ്പെടുത്തുന്നു.
ചുരുക്കത്തിൽ, കഴിഞ്ഞ ഏഴു മാസങ്ങളിൽ ഗൾഫിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞു, ആയിരങ്ങൾക്ക് തൊഴിലുകൾ നഷ്ടപ്പെട്ടു, ഒരു വലിയവിഭാഗത്തിനു തങ്ങൾക്ക് കിട്ടിയിരുന്ന ശമ്പളവും അലവൻസും ഗണ്യമായി കുറഞ്ഞു, പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം വലിയൊരളവുവരെ കുറഞ്ഞു, എന്നിങ്ങനെയുള്ള കാര്യങ്ങൾ കാണാൻ കഴിയും. അതായത് ഇതിൽ ഓരോന്നും കേരളത്തിലെ സാമ്പത്തികാവസ്ഥയിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വളരെ ആഴത്തിലുള്ളതാണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ, എന്റെ ഗ്രാമത്തിൽ മാത്രം അഞ്ഞൂറിൽ കൂടുതൽ ആൾക്കാർ തിരിച്ചുവന്നിട്ടുണ്ടാകും, അതിൽ തിരിച്ചു പോകുന്ന കാര്യത്തിൽ ശങ്കകളില്ലാത്തവർ വളരെ കുറവാണെന്നു പറയാം. കൊറോണ മാറിയാലും, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലുകൾ മാത്രമാണ് പൂർവസ്ഥിതിയിലാകാൻ പോകുന്നത് എന്നും, വലിയ ശമ്പളമുള്ള സ്വകാര്യ-സർക്കാർ മേഖലയിലെ പിരിച്ചുവിടലുകളും, ശമ്പളം കുറക്കലും തുടർന്ന് കൊണ്ടേയിരിക്കുമെന്നും അവിടെ വര്ഷങ്ങളായി ജോലിചെയ്യുന്നവരിൽ വലിയൊരു ശതമാനം അഭിപ്രായപ്പെടുന്നു.
ഇതിന്റെ ആഘാതം കേരളത്തിൽ, പ്രത്യേകിച് മലബാർ മേഖലയിൽ ആഘാതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിക്കഴിഞ്ഞു. നിർത്തിവെക്കപ്പെട്ടിട്ടുള്ള വീടുപണികൾ, കടകൾ, വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ, പൂർണ്ണമായും നിലച്ചു എന്നുപറയാവുന്ന ചെറുകിട റിയൽ എസ്റ്റേറ്റ് രംഗം, മാസങ്ങളായി വലിയ പണികളൊന്നുമില്ലാത്ത ടാക്സി തൊഴിലാളികൾ, കച്ചവടം “പത്തുശതമാന”ത്തിലേക്ക് കൂപ്പുകുത്തിയ തുണിക്കടകൾ, ‘വിളക്കലും’ ‘മാറ്റലുമായി’ മാറിയ സ്വര്ണക്കടകൾ, പൂർണ്ണമായും നിലച്ചുപോയ കുറിക്കല്യാണങ്ങൾ , പണപ്പയറ്റുകൾ, കൊടുത്ത കാശും മറ്റും തിരിച്ചു കിട്ടില്ല എന്നുള്ളതുകൊണ്ടുതന്നെ മാറ്റിവെക്കപ്പെടുന്ന കല്യാണങ്ങൾ, നിരവധി മേഖലകളിൽ, കൂലികൊടുക്കാൻ വയ്യാതെ ആൾക്കാർ നിർത്തിയ തൊഴിലുകൾ, നിലച്ചുപോയ ജ്യൂസുകടകളും ഹോട്ടലുകളും, ജോലി നഷ്ടപ്പെട്ടു കാലികളെ വളർത്താൻ തുടങ്ങിയവർ, എന്നിങ്ങനെ ഗൾഫിലെ മാറിമറിഞ്ഞ സാഹചര്യം കേരളത്തിലെ സാമ്പത്തിക രംഗത്തെ ഗുരുതരമായ അവസ്ഥയിലേക്കാണ് വരുന്ന ദിവസങ്ങളിൽ എത്തിക്കാൻ പോകുന്നത്.
സാമ്പത്തിക കാര്യത്തിൽ, ജിഡിപിയുടെ 35 ശതമാനത്തിനടുത്തു നേരിട്ടും, അത്രതന്നെ നേരിട്ടല്ലാതെയും പ്രവാസി വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം ഇപ്പോഴും. അതായത് ഇരുദയ രാജനെപ്പോലെയുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടതുപോലെ, ഏകദേശം ഗൾഫ് റെമിറ്റൻസിനെ, സാമ്പത്തികാവസ്ഥയെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. അതായത്, ശരാശരി 75000 കോടിയിൽ കൂടുതലാണ് കേരളത്തിലേക്ക് , ഗൾഫിൽനിന്നു മാത്രമായി ഓരോ വർഷവും വരുന്ന പണം. ഈ പണമാണ് പ്രതിശീർഷാവരുമാനത്തിൽ ദേശീയ ശരാശരിയെക്കാളും അറുപതുശതമാനം കൂടുതൽ മലായാളികളെ കേറ്റി നിർത്തുന്നത്.
ചുരുക്കത്തിൽ, ഗൾഫ് വരുമാനം നിൽക്കുന്നതോടെ കേരളം വലിയൊരളവിൽ നിശ്ചലമാകും എന്ന് സാരം. അതായത് ഗൾഫുകാരൻ നിൽക്കുന്നതോടു കേരളത്തിലെ പല ഗ്രാമങ്ങളും പൂർണ്ണമായിത്തന്നെ നിൽക്കും, നിശ്ചലമാകും. അത് തുടങ്ങി ക്കഴിഞ്ഞു എന്നതും വ്യക്തമാണ്. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളിൽ പതിനായിരം കോടിയുടെ കമ്മിയാണ് ഗൾഫ് വരുമാനത്തിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്നത് ഇതിനോട് ചാർത്തുവായിക്കാം. ഇപ്രാവശ്യം അത് പ്രവചിക്കാൻ പറ്റാത്ത രീതിയിലുമായിട്ടുണ്ട്.
ഇതൊക്കെ, ഒരോട്ടത്തിൽ പറഞ്ഞത്, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കാൻ പോവുകയാണ് നാം, . പല ഗ്രാമങ്ങളും പിടിച്ചുനിൽക്കുന്നു സ്ഥിര വരുമാനമുള്ള സർക്കാർ ജോലിക്കാരുടെയും, അവശ്യ സാധന മേഖലയിൽ ജോലിചെയ്യുന്നവരുടെയും കയ്യിലൂടെ കൈമാറപ്പെടുന്ന പണത്തിന്റെ ബലത്തിൽ മാത്രമാണ്. നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ, ഇപ്പോൾ തിരിച്ചു വന്നിട്ടുള്ള നാല് ലക്ഷത്തോളം പ്രവാസികളുടെ വലിയൊരു വിഭാഗത്തിന്റെ കരുതൽ ധനം തീരുന്നതോടെ, ഈ സാമ്പത്തിക ആഘാതം ഓരോ വീടുകളിലും പ്രതിഫലിക്കാൻ തുടങ്ങും. വരുന്ന മാസങ്ങളിൽ. രാഷ്ട്രീയ പിരിവുകൾ, ആഘോഷ പിരിവുകൾ, തുടങ്ങിയവ ആദ്യം നിൽക്കും.
ഇത്രയും ഭയാനകമായ അവസ്ഥ നമ്മുടെ മുന്നിൽ നമ്മെ തുറിച്ചു നിൽക്കുമ്പോൾ, വിദേശ വരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ കേരളത്തിലെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളുടെ , ഉറപ്പായിട്ടും വരുമെന്നുറപ്പുള്ള ഈ പ്രതിസന്ധിയെ പറ്റിയുള്ള ആലോചനകൾ എന്തൊക്കെയാണ്? പ്രവാസികളിൽ ഭൂരിപക്ഷം വലതുപക്ഷ വോട്ടർമായിരിക്കെ, ഗൾഫിൽ ജോലിനഷ്ടപ്പെട്ട, നഷ്ടപ്പെടാൻ പോകുന്ന, നാട്ടിൽ കുടുങ്ങിപ്പോയ, ആയിരങ്ങളെ പറ്റി ക്രിയാല്മകമായ ഒരു ചിന്തയോ, പ്രവർത്തന പരിപാടിയോ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ. ഇതിനെ പറ്റി കേരളത്തിലെ ഏതെങ്കിലും ദൃശ്യമാധ്യമങ്ങൾ ആഴത്തിലുള്ള അവലോകനം നടത്തിയിട്ടുണ്ടോ, ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് നാട്ടിൽ ചർച്ചയായിട്ടുണ്ടോ.ഭാവി പരിപാടികളെ പറ്റി ആലോചിട്ടുണ്ടോ.
ഇതിനെ കാര്യക്ഷമമായി മനസ്സിലാക്കുകയും, കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളെ, തങ്ങളുടെ തന്നെ വോട്ടർമാരെ ബാധിക്കുന്ന ഒരു വിഷയത്തെ പറ്റി കാര്യമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? അവരുടെ വിഷയങ്ങളിൽ സർക്കാർ വേണ്ടത്ര ഇടപെടുന്നില്ല എന്ന് പ്രഖ്യാപിച്ചു ഒരു സമരമെങ്കിലും സംഘടിപ്പിച്ചോ?
ഇന്ന് നടക്കുന്ന സമരങ്ങൾ ആഭാസമാണെന്നും, കേരളം അഭിമുഖീകരിക്കാൻ പോകുന്ന യഥാർത്ഥ പ്രശ്നം, ഗൾഫ് റെമിറ്റൻസിന്റെ വരവ് നിൽക്കുന്നതോടെ/ഗണ്യമായി കുറയുന്നതോടെ ഉണ്ടാകാൻ പോകുന്ന അതി വ്യാപകമായ തൊഴിലില്ലായ്മയും, അസ്ഥിരതയും ആണെന്ന് പ്രവാസി ഫോറങ്ങൾ പറയേണ്ട സമയമാണിത്. പരിമിതമായ സാമ്പത്തിക ക്രയവിക്രയങ്ങളെ പോലും രൂക്ഷമായി ബാധിക്കാൻ പോവുകയാണ്, ചില നേതാക്കളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി നടക്കുന്ന ഇപ്പോഴുള്ള സമര പ്രഹസനങ്ങൾ. കോവിഡ് രോഗികളുടെ എണ്ണം അഞ്ചക്കത്തിലേക്കും പിന്നെ ആറിലേക്കും കടത്തി നാടിനെ അസ്ഥിരപ്പെടുത്താനല്ലാതെ മറ്റൊന്നും ലക്ഷ്യമില്ലാത്തതാണ് ഈ സമരങ്ങൾ എന്ന് കഴിഞ്ഞ രണ്ടുദിവസങ്ങൾ നമുക്ക് കാണിച്ചുതന്നു.
അവസാനമായി- ഉത്തരേന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെ വളർത്തിയത് മതം മാത്രമല്ല, ദാരിദ്ര്യം കൂടിയാണ്. മറ്റുള്ള കാര്യങ്ങളുടെ കൂടെ കൃത്യമായ സാമ്പത്തിക സ്ഥിരതയാണ് അതിനെ കേരളത്തിൽ ഒരു പരിധിവരെ തടഞ്ഞു നിർത്തിയത്. ദാരിദ്ര്യത്തെ ഏറ്റവും ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയത് പരിവാർ സംഘടനകളാണ്. കേരളത്തിൽ ഉയർന്നുവരാൻ പോകുന്ന രൂക്ഷമായ തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ മുതലെടുക്കാൻ പോകുന്നതും അവരാണ്. ഈ വിഷയങ്ങളൊക്കെ നമ്മുടെ മുന്നിൽ നിലനിൽക്കുമ്പോഴാണ്, കാരക്ക, ഈത്തപ്പഴം, കിറ്റ്, എന്നൊക്കെ പറഞ്ഞു ഈ പ്രക്രിയയെ ത്വരിതപെടുത്തുന്ന പ്രതിപക്ഷ പാർട്ടികൾ സമരങ്ങൾ ചെയ്യുന്നത്.
കൊറോണക്ക് മുൻപ് ആയിരത്തോളം പേർക്കു തൊഴിൽ കൊടുത്തിരുന്ന, ഇപ്പോൾ അത് അറുനൂറിലേക്കു ചുരുക്കിയ ഒരു പ്രവാസി സംരംഭകൻ രണ്ടു ദിവസം മുൻപ് എന്നോട് പറഞ്ഞത്, വരുന്ന മാസങ്ങളിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആള്ക്കാരെ മോഷണത്തിന് അറസ്റ്റു ചെയ്തതായിട്ടുള്ള വാർത്തകൾക്കു തയ്യാറായിക്കൊള്ളാനാണ്.