ഇറ താണ പുല്ലുമേഞ്ഞ വീടും കരി മെഴുകിയ നിലവും..!2020 ലും ഇങ്ങനെയൊക്കെയോ..? വീട് വയ്ക്കാൻ കോടികൾ മുടക്കുന്ന നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല അത്തരമൊരു വീട്. എന്നാൽ കോടീശ്വരനായ വയനാട് കമ്മന ചെറുവയൽ രാമേട്ടന്റെയും ഗീതേച്ചിയുടെയും വീടുകണ്ടാൽ നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള മടങ്ങിപ്പോക്കായി നമുക്ക് തോന്നിയേക്കാം.വീഡിയോ കാണാം… Wide Live News ന്റെ ചാനൽ Subscribe ചെയ്യാൻ മറക്കേണ്ട. ജീനോം സേവ്യർ പുരസ്കാര ജേതാവുകൂടിയായ രാമേട്ടൻ കഴിയുന്നത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ മനോഹര പുല്ലുമേഞ്ഞ വീടിനുള്ളിലാണ്.
വർഷാ വർഷം മഴക്കാലം വരുന്നതിന് തൊട്ടുമുമ്പേ വീട് വരിച്ചിലുകളെല്ലാം പുതുക്കി നീളം കൂടിയ പുതിയ പുല്ലുമേഞ്ഞ് പുതുക്കും. അഞ്ചും ആറും മുറികളുള്ള ഒന്നിലധികം വീടുകളാണ് ഒന്നിനൊന്ന് അഭിമുഖമായി ചെറുവയൽ തറവാട്ടിലുള്ളത്. എല്ലാം പുല്ലുമേഞ്ഞവ തന്നെയാണ്. ആറേക്കറോളം വയലും അത്രതന്നെ കരഭൂമിയുമെല്ലാമുള്ള കോടിക്കണക്കിനു ഭൂസ്വത്തുള്ള രാമേട്ടൻ കോൺക്രീറ്റ് കൊട്ടാരം കെട്ടിപ്പൊക്കാത്തതെന്താണെന്നു ചോദിച്ചാൽ .ഈ ഭൂമിയിൽ എന്തും ലളിതമായി മാത്രം മതിയെന്ന് ഉത്തരം നൽകും.
വീടിന്റെ മുകളിൽ പുല്ലുമേയാൻ മേൽക്കൂരയിലെ വരിച്ചിലിടൽ മുതൽ മൺകട്ട ചുട്ടെടുത്ത് ചുമരുകെട്ടാൻ വരെയും മറ്റാരെയും ആശ്രയിക്കേണ്ടതായിരുന്നില്ല പഴയകാലത്ത്. ഇതെല്ലാം ചെയ്യാൻ വീട്ടുകാർക്ക് തന്നെ കഴിയും. ഇതിനായി കുടംബം ഒന്നാകെ ഇറങ്ങിതിരിക്കണം എന്നുമാത്രം. മരത്തിന്റെ കാതൽ ചെത്തിയുരുട്ടി ഉത്തരവും മുളകഴുക്കോലുകളും കാട്ടുവള്ളികളിൽ കൂട്ടിക്കെട്ടിയാണ് മേൽക്കൂര നിർമിക്കുക
പൊടിയും നുറക്കുകളുമെല്ലാം മാററി കുടഞ്ഞൊരുക്കി നീളം കൂടിയ വൈക്കോലിനെ ക്രമംതെറ്റാതെ ഓരോ പിടിയായി ഒന്നിനൊന്ന് ചേർത്തുവെച്ചാണ് പുരമേയുക. മഞ്ഞുകഴിഞ്ഞാൽ അതിരാവിലെ മേഞ്ഞ മേൽക്കൂര വലിയ തോട്ടിവടികൊണ്ട് അടിച്ചൊതുക്കി കഴിയുന്നതോടെ മഴയും വെയിലും ഏൽക്കാതെ ഒരാണ്ടു കഴിയാനുള്ള വീട് റെഡിയായി.
പരമ്പാരഗതമായി കൈമാറി കിട്ടിയതാണ് ഈ തറവാടും അതോടൊപ്പം വയനാടിന്റെ നാൽപ്പതോളം വരുന്ന അതിപുരാതനമായ നെൽവിത്തുകളും. വീടിന്റെ കുളിർമ്മയുള്ള അകത്തളങ്ങളിൽ കാലത്തെ തോൽപ്പിച്ചാണ് ഈ പൈതൃകം സംരക്ഷിക്കപ്പെടുന്നത്.
ഗ്രാനൈറ്റിനെക്കുറിച്ചും മാർബിളിനെക്കുറിച്ചുമെല്ലാം പുതിയ കാലം സംസാരിക്കുമ്പോൾ ചാണകവും കരിയും മെഴുകിയ തറയും മൺചുവരുമൊക്കെയുള്ള തന്റെ വീടിനെക്കുറിച്ചാണ് രാമേട്ടൻ വാചലനാവുക. വരയിട്ട് തളിച്ച മുറ്റത്തിനരികിലായി ഇറയത്തേക്ക് കാൽ നീട്ടിവെച്ച് പോയകാലത്തിന്റെ സമൃദ്ധിയെക്കുറിച്ചും വയനാടിന്റെ കൃഷി താളത്തെക്കുറിച്ചുമെല്ലാം രാമൻ സംസാരിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് . ഏത് വേനലിലും പെരുമഴയത്തുമെല്ലാം ഒരേ പോലയുള്ള ചൂടും തണുപ്പുമാണ് ഈ വീടിനുള്ളിലുള്ളത്. ഇറ തലമുട്ടും വിധം താഴ്ന്നതായതിനാൽ കനത്ത കാറ്റും ഇതിനുള്ളിലേക്ക് അടിച്ചു കയറില്ല. നിലത്ത് പായ വിരിച്ച് അതിഥികളെ അവിടെയാണ് ഇരുത്തുക.
രാമേട്ടനോടൊപ്പം ചമ്രം പടിഞ്ഞിരുന്ന് വിശേഷങ്ങൾ പറഞ്ഞിരിക്കാനും ഈ വീട്ടുമുറ്റത്ത് നാട്ടിലെ പഴമക്കാരെല്ലാം ഇപ്പോഴും എത്താറുണ്ട്.
ജൈവകൃഷിയോടൊപ്പം പഴമകളെ പരിപാലിക്കുന്ന കുറിച്യസമുദായത്തിൽപ്പെട്ട രാമന് ഈ പുല്ലുമേഞ്ഞ വീടും പൈതൃക നെൽവിത്തുകളുമെല്ലാം എത്രകാലം സൂക്ഷിക്കാൻ കഴിയുമെന്ന് നിശ്ചയമില്ല. എങ്കിലും പ്രകൃതിയോടിണങ്ങിയ ഇങ്ങനെയൊരുകാലവും വീടുമെല്ലാം ഈ നാട്ടിലുണ്ടായിരുന്നു എന്ന് പതുതുതലമുറയോട് പറയാൻ തന്റെ ജീവിതം കൊണ്ട് കഴിഞ്ഞു എന്നതിലാണ് അഭിമാനം
ആഢംബരത്തിന്റെയും ദൂർത്തിന്റെയും പുതിയ വില്ലകളിൽ നിന്നും രാമട്ടെന്റെ വിശേഷങ്ങളറിയാൻ എത്തുന്ന പുതിയ തലമുറയിലെ കുട്ടികളോടെല്ലാം ഇക്കഥകൾ രാമേട്ടൻ തന്റെ വീടിന്റെ വരാന്തയിലുരുന്ന് പങ്കുവെക്കും. കാലം ഏറെ മാറി. ഈ വീടുകൾ നിർമ്മിക്കാനും പുരമേയാനും അറിയുന്നവർ പോലും അരങ്ങൊഴിഞ്ഞു പോകുന്നു.
ഇക്കാലത്തിന്റെ അവസാന കാഴ്ചയായി ഈ പുല്ല് മേഞ്ഞ തറവാടിനെയും കാണാം. ചാണകം കൊണ്ട് അകത്തളങ്ങളിൽ വരയിട്ട് മെഴുകിയ വീട് ഒരു സ്മാരകം തന്നെയാണ്. രമേട്ടന്റെ ഭാര്യ ഗീതേച്ചിയാണ് മെഴുകലിന് നേതൃത്വം കൊടുക്കാറ്.
ഏതായാലും രാമേട്ടനും ഗീത ചേച്ചിയും കുടുംബാംഗങ്ങളും ഈ വീട്ടിൽ സന്തോഷത്തോടെ രാജകീയമായി സംതൃപ്ത ജീവിതം തുടരുന്നു..
കടപ്പാട് ഃ രമേഷ് കുമാർ വെള്ളമുണ്ട