തദ്ദേശീയമായി നിർമിക്കുന്ന കോവിഡ് വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തിൽ, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്സീൻ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നൽകി.വാക്സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നൽകുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്സീൻ പുറത്തിറക്കുക. ഇതിനു 4 മുതൽ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച് അടുത്തവർഷം മാർച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്–ഡി’ വാക്സീൻ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവു.എപ്പോൾ വാക്സീൻ പുറത്തിറക്കുമെന്ന കാര്യത്തിൽ വ്യക്തമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ സമയത്തെക്കാൾ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന നിലപാടാണ് ഭാരത് ബയോടെക്കിന്. ഇവർ വികസിപ്പിച്ച ‘കോവാക്സീൻ’ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. അതേസമയം, തദ്ദേശീയമായി വികസിപ്പിച്ച ഈ 2 വാക്സീനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ ശുഭകരമാണ്.ഇവയുടെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെങ്കിലും 300ൽപരം വൊളന്റീയർമാരിലായി നടന്ന പരീക്ഷണത്തിൽ സാധ്യതാ വാക്സീൻ സുരക്ഷിതമെന്നു തെളിഞ്ഞു. ഇവ കാര്യമായ വിപരീത ഫലങ്ങളും സൃഷ്ടിച്ചിട്ടില്ല. എന്നാൽ, ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇതു കൂടുതൽ ഉറപ്പിക്കാനാണു കൂടുതൽ പേരിലായി രണ്ടും മൂന്നും ഘട്ട പരീക്ഷണം.ഇരു കമ്പനികൾക്കും വാക്സീൻ ഗവേഷണ നടപടികൾ വേഗത്തിലാക്കാൻ നേരത്തെ സർക്കാരിൽ നിന്നടക്കം സമ്മർദമുണ്ടായിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട കോവാക്സീൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാൻ നടപടി വേണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കത്തടക്കം ഇതിനകം വിവാദത്തിലായിരുന്നു.ഏതായാലും ഈ വർഷം ഇറങ്ങുമെന്ന കാര്യത്തിൽ സംശയമാണ്