“ഉദയം കാണാൻ വേണ്ടി
ഉറക്കമൊഴിഞ്ഞ മറ്റൊരാൾ”
പറയാം .. ഒരു ജന്മം കനൽവഴിയിലൂടെ നടന്ന ഏകാകിയായ ഒരു വിപ്ലവകാരിയുടെ സഞ്ചാരപഥങ്ങളെക്കുറിച്ച്.. മനുഷ്യ ജീവിതം ഇന്നത്തേതിനേക്കാൾ പതിന്മടങ്ങ് സംഘർഷഭരിതവും ശിഥിലവുമായിരുന്ന അമ്പതുകൾക്ക് ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ,
അധ്യാപക വൃത്തി കഴിഞ്ഞുള്ള മിച്ച സമയമത്രയും വിമോചന മന്ത്രം ഉരുവിട്ടു നടന്ന,
വെള്ളമുണ്ടയുടെ ഇതിഹാസ സമാനനായ ധീരപുത്രനെക്കുറിച്ച്.
കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന്റെ
ജീവിതത്തിന്റെ നാൾവഴികളെക്കുറിച്ച്.
എ.കെ.കെ ,
എന്ന മൂന്നക്ഷരത്തിൽ നീണ്ടു മെലിഞ്ഞ,
മഹാ വ്യക്തിയുടെ
തീ കൊണ്ടെഴുതിയ ഒരു ജീവിതം.
എന്റെ ഗുരു
സ്കൂളിലും ക്ലാസിലും ക്ലാസുമുറിക്കു വെളിയിലും വൃത്തവും പ്രാസവുമൊത്തു ചേരാത്ത വെറും മനുഷ്യരുടെ
വിപണി മൂല്ല്യമില്ലാത്ത ജീവിതമുണ്ടെന്ന് എന്റെ ചെവിയിലോതിയ
ഒരാൾ.
ഗോത്ര സമൂഹത്തിന്റെ ആ വാസ സ്ഥലി എന്ന് വിളിപ്പേരുള്ളവയനാട്ടിൽ മനുഷ്യന് കാലിൽ ചങ്ങലകളില്ലാത്ത കാലം സ്വപ്നം കണ്ട് അവർക്ക് നിഷേധത്തിന്റെ ഭാഷ പറഞ്ഞു പഠിപ്പിച്ച പോരാളി, അമ്പതുകളുടെ തുടക്കത്തോടെ ഫിദൽ കാഷ്ട്രോ ചെഗുവേരതുടങ്ങിയരുടെ നേത്യത്തിൽ ക്യൂബ ഉൾപ്പെടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആരംഭിച്ച സായുധ വിമോചന പോരാട്ടങ്ങളിൽ ആവേശം കൊണ്ട് ചൈനയുടെ ഭാഗികമായ പിന്തുണയോടെ ബംഗാളിൽ സിലിഗുരി നകസൽ ബാരി മേഖലകളിലും ,
തുടർച്ച എന്ന നിലയിൽ കേരളത്തിൽ തലശ്ശേരി പുൽപ്പള്ളി പോലുള്ള പ്രദേശങ്ങളിലും സായുധ സമരത്തിന്റെ കമ്യൂണിസ്റ്റ് അധ്യായം അണിയറയിൽ പറഞ്ഞും പഠിപ്പിച്ചും തുടങ്ങിയ കാലം.
സ്വന്തം സഹോദരൻ ശങ്കരൻ മാസ്റ്ററുൾപ്പെടെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കൾ സമരവീര്യം പൂണ്ട് വരുംവരായ്കകളെക്കുറിച്ച് ആലോസര മേതുമില്ലാതെ വിപ്ലവ മാർഗ്ഗത്തിലേക്കെടുത്തു ചാടിക്കൊണ്ടിരിക്കുന്നു.. അപ്പോഴും താനുൾപ്പെട്ട പാർട്ടി ഘടകത്തിനകത്ത് പക്ഷം നിർണ്ണയിക്കാനാവാതെ ആത്മ സംഘർഷമനുഭവിച്ചു എ.കെ.കെ.
ആയിടെ ബംഗാളിൽ നിന്നും കേരളത്തിലെത്തിയ ചാരു മജുംദാർ മാനന്തവാടി കണിയാരത്തെഒരു വീട്ടിൽ രഹസ്യ യോഗത്തിൽ പങ്കെടുക്കുന്ന വിവരമറിഞ്ഞ് തന്റെ സന്തത സഹചാരിയായ എം.എ.പി. എന്ന പത്മനാഭൻ മാസ്റ്ററെ പോലും വിവരമറിയിക്കാതെ AK K ആ രഹസ്യ യോഗത്തിൽ പങ്കെടുക്കുന്നു. ഓക്സിജൻ സിലണ്ടറുമായാണത്രെ കാസ രോഗിയായ മജുംദാർ ബംഗാളിൽ നിന്നും മാനന്തവാടി കണിയാരത്തെത്തിയത്.!
സ: വർഗ്ഗീസ് അന്ന് ചില അഭിപ്രായനൈക്യത്തെ തുടർന്ന് ആ രഹസ്യയോഗത്തിൽ പങ്കെടുത്തിരുന്നില്ല.’
പ്രായോഗികമായി രൂപപ്പെട്ടു വരുന്ന സായുധവിപ്ലവ ഗ്രൂപ്പുകളിൽ അക്കാലം മുതലേ വ്യത്യസ്ഥ ചിന്താധാരകൾ 1 സജീവമായിരുന്നു. കുന്നിക്കൽ നാരായണൻ മന്ദാകിനി അജിത – തുടങ്ങിയവർ ഒരു പക്ഷത്തും സ: വർഗീസ്, ഗ്രോ വാസുവേട്ടൻ തുടങ്ങിയവർ മറുപക്ഷത്തുമാണുണ്ടായിരുന്നത്. പിൽക്കാലം വളരുംതോറും പിളരുക എന്ന ആശയത്തിന് അടിത്തറ പാകിയത് നക്സലുകളാണെന്ന് തോന്നുന്നു.
സായുധ സമരം നിലവിലെ ഭരണകൂട സംവിധാനത്തെ ചെറുതായി കാണലാണെന്നും വിപ്ലവ ശ്രമങ്ങൾപ്രഥമഘട്ടത്തിൽ തന്നെ അടിച്ചമർത്തപ്പെടുമെന്നുമുള്ള വസ്തു നിഷ്ടമായ നിലപാടെടുത്ത എ.കെ.കെ.നിലവിൽ താനുൾയെട്ട പാർട്ടിയിൽ തന്നെ തുടരുകയാണുണ്ടായത്.
ശക്തമായ ബഹുജനാടിത്തറയുടെ പിൻബലമില്ലാതെയുള്ള സായുധവിപ്ലവ ശ്രമങ്ങൾ പരാജയപ്പെടുമെന്ന കാഴ്ചപ്പാടിൽ ഉറച്ചു നിൽക്കു മ്പോഴും വ്യവസ്ഥാപിത കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്ഥനായി ജനാധിപത്യപരമായ സംവാദങ്ങൾക്ക് എന്നും അദ്ദേഹം സന്നദ്ധനായി.വെള്ളമുണ്ട പ്രദേശത്ത് അക്കാലം ചില വീടുകൾ കേന്ദ്രീകരിച് നടത്തിയ രാത്രി കാല സ്റ്റഡി ക്ലാസുകൾ കഴിഞ്ഞ് ഇതെഴുതുന്നയാൾ പാതിരാത്രിയിൽ എ.കെ.കെ യുടെ വീട്ടിലെത്തി അദ്ദേഹത്തെ വിളിച്ചുണർത്തി ഭക്ഷണം കഴിച്ച് ആ വീട്ടിൽ കിടന്നുറങ്ങിയ
അനുഭവങ്ങൾ ഇന്നെന്ന പോലെ മനസ്സില്ലണ്ട്.
എ.കെ.കെഎല്ലാഗ്രൂപ്പുകൾക്കും വിഭാഗീയതകൾക്കുമപ്പുറം അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു. അയാൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയേ ഉണ്ടായിരുന്നുള്ളൂ അതിനിടയിൽ തീവ്രവാദിയും മിതവാദിയുമില്ല.
നക്സലൈറ്റ് നേതാവായിരുന്ന കെ.വേണുവിനെ സ്വന്തം വീട്ടിൽ ഒളിവിൽ താമസിപ്പിച്ച പി.ഗോവിന്ദപ്പിള്ളക്കു മാത്രമാണ് എ.കെ.കെ യുമായി ഇക്കാര്യത്തിൽ താരതമ്യമുള്ളത്.
സ:വർഗ്ഗീസിന്റെ ഭരണകൂട കൊലപാതകം, പോലീസ് ഭീകരത, കൃസ്തീയസഭയുടെയും മറ്റും എതിർപ്പുകളും നിഷേധനിലപാടുകളും, ഇതിനിടയിലും ഭയവും വേദനയും തളം കെട്ടി നിന്ന ഒഴുക്കൻ മൂലയിലെഅരീക്കാട്ട് വീട്ടിൽ കുടുംബത്തിനൊപ്പം നിന്ന് സ:വർഗ്ഗീസിന്റെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തതും അന്ന് എ.കെ.കെആയിരുന്നുവത്രെ.
1975 ജൂൺ 26 ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനയുൾപ്പെടെ പൗരാവകാശങ്ങൾ റദ്ദു ചെയ്യപ്പെടുകയും ചെയ്തു.അന്നുതന്നെ വൈകിട്ട് അതിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും കഠിനമായ മർദ്ദനമുറകൾക്ക് വിധേയനാക്കുകയും ചെയ്തു. ഇത് പിൽക്കാലം അദ്ദേഹത്തെ നിത്യരോഗിയാക്കി. അദ്ദേഹം അക്ഷരം ചൊല്ലിക്കൊടുത്തു പഠിപ്പിച്ച ഒരു ശിഷ്യനാണ് മർദ്ദനമുറകൾക്ക് നേതൃത്വംകൊടുത്തത് എന്ന വസ്തുത ഭരണകൂടത്തിന്റെ മർദ്ദനോപകരണമാണ് പോലീസെന്ന സംജ്ഞയെ അന്വർഥമാക്കുന്നു.
അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണെന്ന് വിശ്വസിച്ചുറച്ച വ്യക്തിത്വമായിരുന്നു എ.കെ.കെ യുടെത്.
“അറിയപ്പെടാത്ത മനുഷ്യരുമായി നീയെനിക്ക് സാഹോദര്യം നൽകി.
എന്നിലെ കാരുണ്യവായ്പ്പിനെ ഒരഗ്നിപോലെ ഉദ്ധീപിപ്പിക്കാൻ നീ എന്നെ പഠിപ്പിച്ചു “
മഹാനായ ചിലിയൻ കവി
പാബ്ലോ നെറൂദയുടെ വരികൾ ഒരു മതബോധം പോലെ മനസ്സിലാവാഹിക്കാൻ എനിക്ക് ഉൾപ്രേരണയായതിൽ ഈ മെലിഞ്ഞ മനുഷ്യനോളം പങ്ക് മറ്റാർക്കുമില്ല.
മനുഷ്യനെ അതിന്റെ ഔന്നത്യത്തോടെയും സമഗ്രതയോടെയും തിരിച്ചറിയാനുള്ള രഹസ്യ മന്ത്രം ചെവിയിലോതിയത് ഈ മനുഷ്യനാണ്.
അവർ അന്നു കണ്ട സ്വപ്നങ്ങൾ പാഴാവില്ല. കാലം ആ കിനാക്കളെ ഗർഭത്തിൽ വഹിക്കുന്നുണ്ട്.
മരിച്ചു പോയവരിൽ ചിലരെങ്കിലും തിരിച്ചു വരും.,
ചരിത്രമായി, ആശയങ്ങളായി,
മുക്തി ഗീതമായി.
പ്രണാമം
ആ പാദപത്മങ്ങളിൽ