പാണക്കാട് തങ്ങള്‍ക്ക് വിട നൽകി നാട്

Kerala

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയ കേരളം വിട നൽകി.ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ടൗൺഹാളിൽ എത്തി അന്തിമോപചാരമർപ്പിച്ചു.
പതിറ്റാണ്ടുകാലം കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻറെ രാഷ്ട്രീയ, ആത്മീയ നെടുനായകത്വം വഹിച്ച അതികായനാണ് നാട് വിടചൊല്ലിയത്. കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതരകേരളത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് പതിനായിരങ്ങൾ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി.

പാണക്കാട്ടെ ജുമാമസ്ജിദിനു തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെ ഇനി ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം.
പുലർച്ചെ 2.30നായിരുന്നു അപ്രതീക്ഷിതമായി ഖബറടക്കൽ ചടങ്ങ് നടന്നത്.പാണക്കാട് ജുമാമസ്ജിദിൽ അവസാന മയ്യിത്ത് നമസ്കാരങ്ങൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഹൈദരലി തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.

നിയന്ത്രണങ്ങൾക്കപ്പുറമുള്ള ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വിപരീതമായി അർധരാത്രി തന്നെ ഖബറടക്കിയത്.രാവിലെ ഒൻപതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ, മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം അഭൂതപൂർവമായ ജനക്കൂട്ടമാണ് അങ്ങോട്ട് ഒഴുകിയത്.
അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ഇന്നലെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ വിടപറഞ്ഞത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മയ്യിത്ത് നമസ്‌കരിക്കാനുമുള്ള അവസരമൊരുക്കി.

ഇതിനുശേഷമാണ് മലപ്പുറത്തെ ടൗൺഹാളിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിനുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, എ.കെ ശശീന്ദ്രൻ, കാന്തപുരം അബൂബക്കർ മുസ്‍ലിയാർ, എം.ടി അബ്ദുല്ല മുസ്‍ലിയാർ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *