ഗന്ധര്‍വ സംഗീതത്തിന്റെ സ്വരമാധുരിക്ക് ഇന്ന് 82. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന് കെ ജെ യേശുദിസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ഗാനത്തോടെ സിനിമ സംഗീത ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചു. സംഗീതജ്ഞനായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസിന്റെ ജനനം.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.