കെ.ജയചന്ദ്രൻ
വയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത ജനകീയ മാധ്യമ പ്രവർത്തകൻ. മാതൃഭൂമിയുടെ ജില്ലാ ലേഖകനായും, ഏഷ്യാനെറ്റ് മലബാർ ലേഖകനായും, തിരുവനന്തപുരം പ്രത്യേക ലേഖകനായും പ്രവർത്തിച്ച ജയചന്ദ്രൻ 1998 നവമ്പർ 24 ന് അരങ്ങൊഴിഞ്ഞു.
തിരുനെല്ലി പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ച് അവരുടെ ദയനീയ ചിത്രം മാതൃഭൂമി പത്രത്തിലൂടെ സമൂഹത്തിൻ്റെ മുന്നിലെത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ജയചന്ദ്രൻ. ഇന്നും മാച്ചിയുടെ കഥ ഏവരും ഓർക്കുന്നുണ്ടാകും. വയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ് നക്സലൈറ്റ് വേട്ടക്കായ് ക്യാമ്പുചെയ്ത
CRP ക്കാരിൽ നിന്നടക്കം ആദിവാസി യുവതികൾക്കനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾ .
മക്കിമല ജാൻ സാഹിബിൻ്റെ വനഭൂമിക്ക് സമാനമായ തോട്ടത്തിൽ നിന്നും അനധികൃതമായി മരം മുറിക്കുന്നതറിഞ്ഞ ജയചന്ദ്രൻ മാനന്തവാടി വന്ന് ഫോറസ്റ്റ് ഡപ്യൂട്ടി തഹസിൽദാരെ കണ്ടശേഷം തോട്ടത്തിൽ നേരിട്ട് പോയി കണ്ടു് വാർത്ത ചെയ്യു ന്നതിന് ടാക്സി ജീപ്പിൽ ജയചന്ദ്രനൊപ്പം ഞാനും പോയിരുന്നു. തോട്ടത്തിലേക്ക് പുറത്ത് നിന്നുള്ളവരെ തടയാനായി വിലങ്ങനെ മരങ്ങൾ മുറിച്ചിട്ട് വഴി അടച്ചിരുന്നു. അവിടെ നിന്നും ഇറങ്ങി തോട്ടത്തിൽ പ്രവേശിച്ചു് മുറിച്ചിട്ട മരങ്ങളുടെ ഫോട്ടോയുമെടുത്ത് വാർത്ത ചെയ്തതും അധികൃതർ അതിനു ശേഷം പോയി മരം മുറി തടഞ്ഞതും ഓർക്കുന്നു. മറ്റു പലരും സാമ്പത്തിക പ്രലോഭനങ്ങളിലും മറ്റും വാർത്തകൾ തമസ്കരിച്ചപ്പോൾ അത്തരം വാർത്തകൾ സമൂഹമധ്യത്തിൽ എത്തിച്ചത് അന്ന് ജയചന്ദ്രനായിരുന്നു.
പാർശ്വവൽക്കരിക്കപ്പെട്ടവയനാട്ടിലെ ആദിവാസി ജനതയുടെ ദുരിത ജീവിതങ്ങളും അധികൃതരുടെ ഒത്താശയോടു കൂടിയുള്ള വനംകൊള്ളയും വാർത്താ മാധ്യമങ്ങളുടെ ശ്രദ്ധയിൽ ആദ്യമായി കൊണ്ടുവന്നതും ജയചന്ദ്രനായിരുന്നു.
ഏഷ്യാനെറ്റിൽ ഏറെ ശ്രദ്ധയാകർഷിച്ച കണ്ണാടിയിൽ ചെയ്ത ഹൃദയ സ്പർശിയായ റിപ്പോർട്ടുകളും സഖാവ് വർഗീസിനെ വെടിവെച്ചുകൊന്ന പോലീസുകാരൻ രാമചന്ദ്രൻ്റെ റിപ്പോർട്ടും ഓർമ്മിക്കപ്പെടുന്നതാണ്.
അനവധി മനുഷ്യാവകാശ ലംഘനങ്ങളെ പുറത്തു കൊണ്ടുവന്നു മാധ്യമ പ്രവർത്തക ധർമ്മം മാതൃകാപരമായി നിർവ്വഹിച്ച പ്രതിഭയായിരുന്നു ജയചന്ദ്രൻ.
അവിവാഹിതരായ അമ്മമാരുടെ റിപ്പോർട്ടുകൾ അധികൃതരും വനിതാ കമ്മീഷൻ അംഗമായിരുന്ന സഖാവ് ടി.ദേവിയും ഗൗരവപൂർവ്വമെടുക്കുകയും നേരിട്ടു പലതവണ തിരുനെല്ലി വന്ന് പ്രശ്നങ്ങളിലിടപെടുകയും അവർക്ക് തൊഴിലും പുനരധിവാസവും ഉറപ്പാക്കാൻ തൃശിലേരിയിൽ പ്രവർത്തിക്കുന്ന പവർലൂം സൊസൈറ്റി അതിൻ്റെ ഫലമായി വന്നതുമാണ്.
ഒരു പത്രപ്രവർത്തകൻ്റെ സാമൂഹ്യ പ്രതിബദ്ധത സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങൾ ഇന്നത്തെ പത്രപ്രവർത്തകർ ജയചന്ദ്രനിൽ നിന്നും പഠിക്കേണ്ടതാണ്.
ജയചന്ദ്രൻ കൽപ്പറ്റ മാതൃഭൂമി ലുണ്ടായിരുന്നപ്പോൾ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പലരും അവിടെ നിത്യസന്ദർശകരായിരുന്നു. എനിക്ക് പരേതനായ ജനയുഗം ലേഖകൻ ശ്രീ വിജയൻ ,ചരിത്രകാരനും ചലചിത്ര നിരൂപകനുമായ ശ്രീ ഒ.കെ.ജോണി, സാഹിത്യകാരനും പരമ്പരാഗത കൃഷിക്കാരനുമായ ശ്രീ ഒ.കെ.ജോണി ,പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി ബാദുഷ ,തുടങ്ങി ഒട്ടനവധി പേരുടെ സൗഹൃദം അവിടെ നിന്നുമാണ് ഉണ്ടായത്.
അന്നത്തെ ധന്യമായ ഓർമ്മകളിലൂടെ …..