‘ആയുസ്സിന്റെ പുസ്തകം ‘ വിവേക് വയനാടിന്റെ വായനാനുഭവം..

Reviews

മനുഷ്യ ജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്‌ധങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. വായനക്കാരുടെ ചിന്തയില്‍ ഇത് ശരിയെന്ന ഒരു ബോധം ഉണ്ടാക്കാന്‍ കഴിയുന്ന ജീവിതസമരങ്ങളുടെ നേരെഴുത്തുകള്‍ കൊണ്ടാണ് എഴുത്തുകാര്‍ വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നത് .ഒറ്റപ്പെടലുകള്‍ സമ്മാനിക്കുന്ന വേദനയും മാനസിക ആഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി എഴുത്തുകള്‍ മലയാളത്തിലടക്കം വന്നുപോയിട്ടുണ്ട്. അവയൊക്കെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുവാചകരെ ആകര്‍ഷിക്കുകയും ഓര്‍മ്മയില്‍ സൂക്ഷിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളവയാണ് . വൈകാരികതയില്‍ അധിഷ്ഠിതമായ രചനകള്‍ ഒക്കെയും കൂടുതല്‍ വായനക്കാരെ നേടിയിട്ടുള്ളതാണല്ലോ . മാനുഷിക വികാരങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ ഒക്കെയും അതിനാല്‍ തന്നെ വിജയിച്ച് നില്‍കുകയും ചെയ്യുന്നുണ്ട് .

സി.വി.ബാലകൃഷ്ണന്റെ, “ആയുസ്സിന്റെ പുസ്തകം” പ്രമേയം കൊണ്ട് വലിയ നല്ലൊരു തലത്തില്‍ നില്‍ക്കുന്നുണ്ട്. ആശയപരമായും ഭാഷാപരമായും നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യവും അതിന്റെ സ്വീകാര്യതയും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്ന ഒന്നാണ് . കഥാപാത്രങ്ങളുടെ നൊമ്പരം മനസ്സില്‍ ഒരു കൊളുത്തിപ്പിടിക്കല്‍ ആകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ വായന നല്കുന്നുണ്ട് . തോമയും യോഹന്നാനും സാറായും മാത്യൂവും ആനിയും ജോഷിയും റാഹേലും ഒക്കെ മനസ്സിനെ ഒരുപാട് സ്പർശിക്കുന്ന വിധത്തിൽ പറഞ്ഞു പോകുന്ന,വായിച്ചു പോകാവുന്ന കഥാപാത്രങ്ങൾ ആണ് . ഭാര്യ മരിച്ചിട്ടും അവിവാഹിതനായി കഴിയുന്ന തോമായുടെ സ്വഭാവം മുരടനാണെങ്കിലും അയാൾ മനുഷ്യത്വമുള്ളവൻ ആണ്. അതിനാലാണ് സ്വന്തം തന്ത ഒരു കൊച്ചുകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നതും. കുറ്റബോധം കൊണ്ട് പിതാവ് ആത്മഹത്യ ചെയ്യേണ്ടി വരുന്നുവെങ്കിലും തോമായിൽ അത് വലിയ ഭാവം ഉണ്ടാക്കുന്നില്ല. പക്ഷെ തോമ കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വം ഒന്നും കാണിക്കാത്ത ഒരാൾ ആയതിനാൽ ആകണം ആനിയും യോഹന്നാനും ജീവിതത്തിലെ ഒറ്റപ്പെടലും അസുരക്ഷിതത്തവും വലിയ തോതിൽ അനുഭവിക്കേണ്ടി വന്നത് . അച്ഛൻ പട്ടം കെട്ടി വന്ന മാത്യൂവും ഒന്നിച്ചു ആനി പുതിയൊരു ജീവിതം തേടി പട്ടണത്തിലേക്ക് പോകുമ്പോൾ യോഹന്നാൻ വീണ്ടും കൂടുതൽ ഒറ്റപ്പെടലിലേക്ക് പതിക്കുന്നു . സഹപാഠിയായ ജോഷിയോടു അവനു തോന്നുന്ന പ്രണയത്തിനു പക്ഷെ അൽപായുസ്സു ആയിരുന്നു . കത്തനാർ പഠനത്തിന് ജോഷി പോയതോടെ ആ അദ്ധ്യായം അടയുന്നു . അങ്ങനെയാണ് റാഹേലിൽ നിന്നും അവൻ സാന്ത്വനം പ്രതീക്ഷിക്കുന്നത്. അവളും മഠത്തിലേക്ക് പോകുന്നതോടെ അവന്റെ ജീവിതം തരിശു നിലം പോലെയാകുന്നു . വിധവയായ സാറയിൽ അയാൾ പുതിയൊരു തണലും ജീവിതവും തേടുമ്പോൾ തോമ വീണ്ടും ഇടയിലേക്ക് എത്തുന്നു.

എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഊർന്നുപോകുന്ന മോഹങ്ങൾ പോലെയാണ് യോഹന്നാന്റെ ജീവിതം . ഒടുവിലെ ഏകാന്തതയുടെ കഠിനമായ വ്യഥയിൽ അയാൾ തന്റെ വീടിന്റെ ഉൾമുറിയിലേക്ക് വലിയുന്നു . അവിടെ സൂചനപോലെ വല്യപ്പന്റെ ചെരുപ്പ് കാണിക്കുന്നത് ഒരുപക്ഷെ ആത്മഹത്യയുടെ മുനമ്പിലേക്ക് യോഹന്നാനെ എറിയുന്നത് പറഞ്ഞു വച്ചതാകാം .

എങ്ങനെ വായിച്ചാലും മാനുഷികമായ വികാരങ്ങളുടെ ആഴത്തിലുള്ള രേഖപ്പെടുത്തൽ ആണ് ആയുസ്സിന്റെ പുസ്തകം പങ്കുവയ്ക്കുന്നത് എന്ന് കാണാം. പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ ഇതിൽ കാണാൻ കഴിയുന്നുണ്ട് . ആത്മീയതയുടെ ഉള്ളിൽ നിന്നും പ്രണയത്തിൻ്റെ ഉഷ്ണത്തിൽ പുറത്തു ചാടുന്ന വൈദികത, പ്രായത്തിൻ്റെ വലിപ്പച്ചെറുപ്പമില്ലാത്ത പ്രണയാകാശം , സ്വവർഗ്ഗ ലൈംഗികതയുടെ പ്രണയഭാഷ്യം തുടങ്ങിയ വിവിധങ്ങളായ പ്രണയമാനങ്ങൾ ഇതിൽ കാണാൻ കഴിയുന്നുണ്ട് . അതുപോലെ സദാചാര ചിന്തകളും പാപബോധവും മതവും വിവേകവും ഭരിക്കുന്ന മനസ്സുകളുടെ ചിന്തകളും പ്രവർത്തികളും വളരെ നന്നായി തന്നെ പറഞ്ഞു പോകുന്നുണ്ട് നോവലിൽ . ആത്മവേദനയുടെ ആഴങ്ങൾ കാണിക്കുന്ന, നോവിന്റെ പുസ്തകമായി ഇതിന്റെ വായനയെ അടയാളപ്പെടുത്താൻ കഴിയും.

മലയാളത്തിലെ നല്ല പുസ്തകങ്ങളുടെ കൂട്ടത്തിൽ അടയാളപ്പെടുത്താവുന്ന ഈ പുസ്തകം വായനയിൽ നല്ലൊരു അനുഭവം തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *