സിനിമ സിനിമയായി മാത്രം കാണുക

Reviews

ആദ്യ സീൻ ആട്ടിൻകുട്ടിയെക്കാണിച്ചും
ആദ്യ ഡയലോഗ് ഉള്ഹിയ്യത്തിനെക്കുറിച്ചുമായപ്പോൾ സിനിമ കൈകാര്യം ചെയ്യുന്നത് ആ വിഷയമാകും എന്ന് വിചാരിച്ചു.
മാത്രമല്ല.
പേരാണെങ്കിൽ
”കുരുതീ “..ന്നും.

പക്ഷേ, സിനിമയുടെ വിഷയം ഇപ്പോഴത്തെ ട്രെൻഡായ , സ്ഥാനത്തും അസ്ഥാനത്തും ശ്രദ്ധിക്കപ്പെടാനും ശ്രദ്ധ തിരിക്കാനും ഉപയോഗിക്കുന്ന
മതതീവ്രവാദം തന്നെ.

സിനിമക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്തിട്ടുണ്ട് ഈ ടീമൊന്നടങ്കം എന്നതിൽ യാതൊരു തർക്കവുമില്ല.
ചിത്രീകരണത്തിനിടയിൽ ബുദ്ധിമുട്ടേറിയ ഒരുപാട് സംഗതികളിലൂടെ അവർ കടന്നു പോയിട്ടുമുണ്ടാവാം.
ആ ത്യാഗം വിസ്മരിക്കുന്നില്ല.

പക്ഷേ കാശ് മുടക്കിയും
” മുടക്കാതെ “യും സിനിമ കാണുന്ന പ്രേക്ഷകനെ അതൊന്നും ബാധിക്കുന്നതേയില്ല. അവൻ നോക്കുന്നത് മൊത്തം സിനിമ എങ്ങനെ എന്നത് മാത്രമാണ്‌.

“ക്യാമറ അടിപൊളി.
എഡിറ്റിംഗ് ഗംഭീരം.
സംഗീതം ഉഷാർ .”
അങ്ങനെ ചില ഘടകങ്ങൾ മാത്രം നന്നായാൽ സിനിമ നന്നാവില്ലല്ലോ .
നല്ല കഥ.
കെട്ടുറപ്പുള്ള തിരക്കഥ.
നല്ല ക്രാഫ്റ്റുള്ള സംവിധായകൻ തുടങ്ങി
സിനിമക്ക് വേണ്ടതായ മറ്റെല്ലാ ഘടകങ്ങളും നന്നായി വരുമ്പോഴാണ് അത് നന്നാവുന്നത്.

ഒരു സാധാരണ പ്രേക്ഷകനായ ഞാൻ സിനിമ ഭംഗിയായി ശ്രദ്ധിച്ച് കണ്ട് മൊത്തത്തിൽ വിലയിരുത്തുന്നയാളാണ്. എനിക്ക് മാത്രം തോന്നിയ ചില കാര്യങ്ങൾ
ഞാൻ ഇവിടെ പങ്കുവെക്കുന്നു.

” ബഹള “ങ്ങളെല്ലാം തീർന്ന് സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ ഏറ്റവും തങ്ങി നിൽക്കുന്ന കഥാപാത്രം
നൻമകൾ ഏറെയുള്ള മാമുക്കോയയുടെ മൂസ തന്നെ.

പക്ഷേ, സിനിമ തുടങ്ങുമ്പോൾ ബാപ്പയെക്കുറിച്ച് ചെറിയ മകൻ പറയുന്ന ഒരു ഡയലോഗുണ്ട്.

“നിങ്ങളുടെ കള്ളും കഞ്ചാവും കാരണമാണ് ഞങ്ങളുടെ ഉമ്മ നരകിച്ച് മരിച്ചതെന്ന് .”

അതെന്തിനാണ് മകനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.?
സിനിമയിലുടനീളം അവസാന
ഡയലോഗ് വരെ
അത്രയും നൻമ നിറഞ്ഞ മനുഷ്യൻ മാമുക്കോയയെപ്പോലെ വേറെരാൾ ഇല്ല തന്നെ.

സിനിമയിലെ
ഏകസ്ത്രീ കഥാപാത്രമായ
സ്രിന്ദ അവതരിപ്പിച്ച സുമയോട് എഴുത്തുകാരൻ ഒട്ടും നീതി പുലർത്തിയില്ല എന്ന് പറയാതെ വയ്യ.

ഉരുൾപൊട്ടലിൽ എല്ലാം തകർന്ന് പോയ ഉറ്റവരെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾ.
തങ്ങളുടെ ഉറ്റവർ നഷ്ടപ്പെട്ട ഓർമകളും അവരുടെ ശേഷിപ്പുകളും ഇട്ടെറിഞ്ഞ് പോരാനുള്ള മടിയാണവർക്ക്.
അതു കൊണ്ട് തന്നെ മറ്റൊരു ഉരുൾപൊട്ടലിൻ്റെ ഭീതിയിലും ആ രണ്ട് കുടുംബങ്ങൾ മാത്രം ഒറ്റപ്പെട്ട് അവിടെത്തന്നെ ജീവിക്കുകയാണ്. തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട , മരിച്ചവരോടുള്ള ആത്മബന്ധം തന്നെ അതിന് കാരണം.

ഇബ്രുവിന് ഭക്ഷണം പാകം ചെയ്ത് കൊടുത്തും അത്
പങ്ക് വെച്ച് കഴിച്ചും തുഛമായ കൂലിക്കാണെങ്കിലും ഇബ്രാഹിമിൻ്റെ വീട്ടിലെ എല്ലാ ജോലിയും എടുത്ത് രോഗിയായ പിതാവിനെപ്പോലും ശുശ്രൂഷിക്കാൻ തയ്യാറായി വരുന്ന സിനിമയിലെ സ്രിന്ദയുടെ കഥാപാത്രം. അയൽവാസിയായ ഇബ്റുവിനെ അവൾ ജീവനോളം സ്നേഹിക്കുന്നുണ്ട്.
അവൻ്റെ എല്ലാ കാര്യങ്ങളും അവൾക്കറിയാം. ഇബ്രാഹീമിനെ കല്യാണം കഴിക്കാനും അവൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്.
ഇബ്രാഹീമിനോടും
കുടുംബത്തോടും അത്രയും ആത്മബന്ധമുള്ള
സുമ , ഒരുപാടൊന്നും മനസ്സിലാക്കാത്ത തൻ്റെ മതത്തിന് വേണ്ടി ആ ബന്ധങ്ങളെല്ലാം തള്ളിപ്പറഞ്ഞു എന്നത് അവിശ്വസനീയം. അതോടു കൂടി ആ കഥാപാത്രത്തിൻ്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടു.
അമിതമായ മതവിശ്വാസമുള്ള ആചാരാനുഷ്ടാനങ്ങളുടെ നടുവിൽ ജീവിക്കുന്നവളാണ് സുമയെങ്കിൽ ഓകെ.

വില്ലൻ്റെ കുത്തേറ്റ്
മാരകമായ പരിക്കേറ്റ് മരണപ്പെടുന്നത് മുരളീ ഗോപി മാത്രമാണ്.
മതതര രാജ്യത്ത് ജീവിക്കുന്നവൻ്റെ പ്രതീകവും മുരളീ ഗോപിയുടെ കഥാപാത്രമാണ്. തികച്ചും വിശ്വസനീയ കഥാപാത്രം.
പോലീസുകാരൻ്റെ മാനറിസങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ മുരളിഗോപി
നൂറു ശതമാനം വിജയം.

ഭീകരൻമാരായ കാട്ടുകടന്നലുകളുടെ ആക്രമണത്താൽ മരണംവരെ സംഭവിക്കുന്ന
നമ്മുടെ നാട്ടിൽ കാട്ടുകടന്നലുകളുടെ ആക്രമണത്തിൽ പെട്ട് മുഖത്ത് ഒരു വീക്കം പോലുമില്ലാതെ
അതേ രാത്രിയിൽ തന്നെ വീണ്ടും പ്രത്യക്ഷപ്പെടുന്ന പ്രിഥ്വിരാജും
ഷൈൻടോമും നല്ല അഭ്യാസികൾ തന്നെ.
ഇളകിയ കാട്ടു കടന്നലുകൾക്കെന്ത് മതതീവ്രവാദം. അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന് സംവിധായകനും തിരക്കഥാകൃത്തും ഓർത്തില്ല എന്നത് മോശമായിപ്പോയി.

മാത്രമല്ല. കഥാപാത്രത്തിൻ്റെ ദമ്മിന് വേണ്ടി ഇത്രയും മസില് പിടിച്ച് ഡയലോഗ് പറയണമെന്നും കഥാപാത്രത്തിന് ഒരു അന്തർദേശീയ മാനം കൈവരുന്നതിന് പാരീസിലെ ഒരു പൂച്ചക്കണ്ണിക്കഥ വിളമ്പിക്കണമെന്നും നിർദ്ദേശിച്ച സംവിധായകൻ പ്രത്യേക അഭിനന്ദനമർഹിക്കുന്നു.

റബ്ബർ പാലിലൊഴിക്കുന്ന, ശരീരത്തിലായാൽ മാംസമുരുകി വീഴുന്ന, ആസിഡ് ആക്രമണത്താൽ മാരകമായി പരുക്കേറ്റ മറ്റൊരു വില്ലനെ ഒരു ഡയലോഗ് പോലും കൊടുക്കാതെ സിനിമയുടെ അവസാനം വരെ വെറുതെ കെട്ടിവലിച്ചതെന്തിനാണാവോ എന്ന സംശയവും ബാക്കി…?

വില്ലൻ്റെ കുത്തേറ്റ്
കൈത്തണ്ടയിൽ കത്തി കുത്തിയിറക്കി വലിയ കടൽമീൻ കീറുമ്പോലെ കീറിയിട്ടും നിഷ്കളങ്കനും കായിക ബലമില്ലാത്തവനുമായ നായകൻ സിനിമയുടെ അവസാനം വരെ ചോര വാർന്നു മരിച്ചു പോകാതെ പിടിച്ചു നിന്നത് ചില്ലറ ഭാഗ്യമൊന്നുമല്ല.

“തട്ടീം മുട്ടി ” നടനും (പേരറിയില്ല) മൂസയുടെ രണ്ടാമത്തെ മകനും (പേരറിയില്ല) പ്രത്യേക അഭിനന്ദനമർഹിക്കുന്നു. കുഴപ്പമില്ലാത്ത പ്രകടനം കാഴ്ചവച്ചു ഇരുവരും.

സിനിമ ഒ ടി ടിയിലായത് വല്ലാത്ത സന്തോഷം നൽകി.
കൊറോണക്കാലത്ത് മൾട്ടിപ്ലക്സിൽ പോയിക്കാണണമെങ്കിൽ പെട്രോൾ ചിലവടക്കം ഒരാൾക്ക് ഏറ്റവും ചുരുങ്ങിയത് 250 രൂപയെങ്കിലുമാവും.
ഭാഗ്യം.
അതിപ്പോൾ പോക്കറ്റിൽ തന്നെയുണ്ട്.

ഇതൊക്കെയാണെങ്കിലും,
ഏത് മതത്തിൻ്റെയും നല്ല വശങ്ങൾ പഠിക്കാനും പകർത്താനും മനുഷ്യർ തയ്യാറാകണം എന്ന് പറയാതെ പറയുന്നു സിനിമ.

പക്ഷെ,
ആരൊക്കെ സ്വന്തം മക്കളെ തങ്ങളുടെ വീട്ടകങ്ങളിൽ നൻമ ഉപദേശിച്ച് വളർത്തിയാലും അതെല്ലാം മായ്ച്ച് അവിടെ തിൻമ എഴുതിച്ചേർക്കാൻ എണ്ണിയാലൊടുങ്ങാത്ത ഒരു കൂട്ടർ പുറത്ത് കാത്ത് നിൽക്കുന്നു എന്ന വലിയ സത്യം വിളിച്ചു പറയുന്നു ഗംഭീര പ്രകടനം കാഴ്ചവെച്ച മൂസക്കയിലൂടെ കഥാകൃത്ത്..!!

ശക്തമായ
ഇത്തരം മുഴുനീള കഥാപാത്രങ്ങളുമായി മാമുക്കോയ ഇനിയും വരും എന്ന പ്രതീക്ഷ സന്തോഷം നൽകുന്നുണ്ട്.

സ്വന്തം ഭാര്യ ,
നിർമാതാവായ സിനിമയാണെങ്കിൽക്കൂടി
താരജാടകളില്ലാതെ വില്ലൻ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ച പ്രിഥ്വിരാജ് തീർച്ചയായും ഇനിയും ഇത്തരം സിനിമകളുടെ ഭാഗമാവണം. അദ്ദേഹത്തിന് ആശംസകൾ.

ഷൈൻ ടോമും മണികണ്ഠനും അധികം അധ്വാനം വേണ്ടാത്ത തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി.

അവസാനം
” അക്ഷരങ്ങൾക്ക് പകരം വെറുപ്പ് മനസ്സിൽ കുത്തിനിറക്കപ്പെടുന്ന ” കുട്ടികളെപ്പറ്റി പരിതപിക്കുന്ന സംഭാഷണം ശരിക്കും ഹൃദയത്തിൽ തട്ടി.

ഇനി
സിനിമ സിനിമയായി മാത്രം കാണുക.
കഥാപാത്രങ്ങളെ ജീവിതത്തിൽ പകർത്താതിരിക്കുക.

മനസ്സിലാകാത്തവർ
“കഥ പറയുമ്പോൾ ” എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം
അശോക് രാജിൻ്റെ ഡയലോഗ് ഉരുവിട്ട് പഠിക്കുക.

സാക്കിർ – സാക്കി.
നിലമ്പൂർ

Leave a Reply

Your email address will not be published. Required fields are marked *