ലോക്ഡൗൺ കാലത്ത് നായ്ക്കളെപ്പോലെയോ അതിലേറെയോ പ്രിയപ്പെട്ടവരായി മാറി പൂച്ചകൾ. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കി പൂച്ചകളെ വാങ്ങി വളർത്തുന്നവർക്ക് ഒരു ജാഗ്രതാ നിർദേശവുമായി എത്തുകയാണ് മൃഗസംരക്ഷണ വകുപ്പ്. കൊല്ലം പത്തനാപുരത്തു നിന്നാണ് അപായസൂചന. ‘ഫെലൈൻ പാൻ ലുക്കോപീനിയ’ എന്ന വൈറസ് രോഗം ഇവിടെ പൂച്ചകളിൽ വ്യാപകമായി കണ്ടെത്തി. മാരകമായ രോഗം അതിവേഗത്തിൽ പടരുമെന്നതാണു പ്രധാന ഭീഷണി.
മാരകമായ വൈറസ് രോഗമാണിത്. ഫെലൈൻ ഡിസ്റ്റെംബർ, ഫെലൈൻ പാർവോ എന്നീ പേരുകളിലും അറിയപ്പെടും. പൂച്ചയുടെ കോശങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് വൈറസ് പെരുകുന്നത്. അസ്തികളിലെ മജ്ജ, കുടൽ എന്നിവ പ്രവർത്തനരഹിതമാകും.പത്തനാപുരത്ത് തെരുവുപൂച്ചകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഏതു പ്രായത്തിലുമുള്ള പൂച്ചകൾക്കും രോഗം ബാധിക്കാമെങ്കിലും വേഗത്തിൽ ഇരകളാവുന്നത് പ്രായം കൂടിയവയും കുഞ്ഞുങ്ങളുമാണ്. തെരുവുപൂച്ചകൾ സംഘം ചേർന്നു നടക്കുന്നതാണ് രോഗം അതിവേഗം പടരുന്നതിനു കാരണം. രോഗം ബാധിച്ച പൂച്ചകളുടെ വിസർജ്യത്തിലൂടെയാണ് സാധരണയായി രോഗം പടരുന്നത്. അന്തരീക്ഷത്തിൽ ഒരു വർഷത്തോളം ജീവിച്ചിരിക്കാൻ കഴിയുന്ന വൈറസ് അതിനകം വ്യാപകമായി പൂച്ചകൾക്കു രോഗം പകർത്തും.