ഇരുപതു ബിരുദങ്ങൾ കരസ്ഥമാക്കിയ ഇന്ത്യക്കാരനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട്; മഹാരാഷ്ട്രക്കാരനായ ഡോ.ശ്രീകാന്ത് ജിച്കർ. എംബിബിഎസിലൂടെയാണു ജിച്കർ തന്റെ ഉപരിപഠനം തുടങ്ങിയത്. പിന്നെ എംഡിയെടുത്ത് സ്പെഷലിസ്റ്റ് ഡോക്ടറായി. നിയമത്തിൽ എൽഎൽബി, എൽഎൽഎം, ബിസിനസ് മേഖലയിൽ എംബിഎ അങ്ങനെ സംസ്കൃതത്തിൽ ഡി.ലിറ്റ് വരെ.അദ്ദേഹത്തിന്റെ ബിരുദയാത്രകൾ തുടങ്ങുന്നത് 19ാം വയസ്സിലാണ്. പിന്നീടുള്ള 17 വർഷം സർവകലാശാലാ പരീക്ഷകൾക്കായി തന്റെ സമയമത്രയും മാറ്റിവച്ചു. എന്നിട്ടും വിജ്ഞാനദാഹം തീർന്നില്ല. 1978ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഐപിഎസ് നേടി. രാജി വച്ച് 1980ൽ വീണ്ടും പരീക്ഷയെഴുതി; അത്തവണ ഐഎഎസ്. 4 മാസത്തിനു ശേഷം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങി. 1980ൽ 25–ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായി.14 വകുപ്പുകൾ വരെ കൈകാര്യം ചെയ്ത മന്ത്രിയുമായി. തീർന്നില്ല; 1992–98 കാലയളവിൽ രാജ്യസഭാ അംഗവുമായിരുന്നു അദ്ദേഹം. അരലക്ഷത്തിലേറെ പുസ്തകങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളിലൊന്നിന്റെ ഉടമയുമായിരുന്നു ജിച്കർ. 2004ൽ 49–ാം വയസ്സിൽ കാറപകടത്തിൽ മരിക്കും വരെ അദ്ദേഹം പഠനം തുടർന്നു കൊണ്ടേയിരുന്നു.
ഇന്ത്യയിലെ റെക്കോർഡുകൾ രേഖപ്പെടുത്തുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹത്തിന്റെ പേരുണ്ട്– ഏറ്റവും യോഗ്യതയുള്ള ഇന്ത്യക്കാരൻ എന്ന വിശേഷണവുമായി. താരതമ്യേന ഹ്രസ്വമായ തന്റെ ആയുസ്സിൽ ജിച്കർ എങ്ങനെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചു? അദ്ദേഹം തന്റെ സമയം സമർഥമായി വിനിയോഗിച്ചു എന്നതാണു കാരണം.ജിച്കർക്കും നമുക്കും ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരു ദിവസത്തിൽ കിട്ടുന്നത് 24 മണിക്കൂർ തന്നെയാണ്. ചിലർ ഓരോ നിമിഷവും ഭാവി ജീവിതത്തിലേക്കുള്ള ചെറുനിക്ഷേപങ്ങളാക്കുന്നു.
മനസ്സു വച്ചാൽ നമുക്കും അതിലൊരാളാകാം. അതിനു പറ്റിയ സമയമാണ് ഈ ‘പുതുവർഷം’. പുതുവർഷമെന്നു കേൾക്കുമ്പോൾ സംശയിക്കേണ്ട. വിദ്യാർഥികളുടെ പുതുവർഷം ഈ പുതിയ അധ്യയനവർഷത്തുടക്കം തന്നെ.