നിഗൂഢത നിറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അതിസാഹസികര്ക്ക് എന്നും ഹരമാണ്. അങ്ങനെയൊരിടമാണ് സ്പെയിനിലെ കനേറി ദ്വീപുകൾ. സുഖകരമായ കാലാവസ്ഥയും കടൽകാഴ്ചകളും അഗ്നിപർവതവും മരുഭൂമിയുമൊക്കെയുള്ള ഈ ദ്വീപസമൂഹം കഴിഞ്ഞ വർഷം മാത്രം സന്ദർശിച്ചത് ഒന്നരക്കോടിയോളം സഞ്ചാരികളാണ്. സ്പെയിനിന്റെ തെക്കു ഭാഗത്തായാണ് കനേറി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.
അയൽരാജ്യമായ മോറോക്കോയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് നൂറുകിലോമീറ്റർ സഞ്ചരിച്ചാൽ ഈ ദ്വീപിന്റെ കിഴക്കൻ തീരത്ത് എത്തിച്ചേരാം. ദ്വീപിലെ ആദ്യ താമസക്കാർ ഇവിടെയെത്തിയത് 1470 ൽ ആണെന്നാണ് കരുതപ്പെടുന്നത്. വളരെ പുരാതനമായ ഒരു സംസ്കാരത്തിന്റെ നാന്ദിയെന്നു കരുതപ്പെടുന്ന ആ ജനസമൂഹം അറിയപ്പെടുന്നത് ഗ്വാഞ്ചെസ് എന്നാണ്.റിസ്കോ കേയ്ഡോ എന്ന ഭാഗത്തു മാത്രം 21 ഗുഹകളാണ് പുരാവസ്തു ഗവേഷകര് കണ്ടെത്തിയത്. ഗ്വാഞ്ചെസുകൾ ആരാധന നടത്തിയിരുന്ന ക്ഷേത്രങ്ങളുടെയും നിലവറകളുടെയും അവശിഷ്ടങ്ങളാണ് ഇവിടെനിന്നു ലഭിച്ചത്. ജ്യോതിശാസ്ത്രപരമായ അറിവുകൾ പങ്കുവച്ചിരുന്ന ചിത്രങ്ങൾ ഗുഹയുടെ ചുവരുകളിൽ കാണാം. 2019 ൽ കനേറി ദ്വീപുകളിലെ ആദ്യത്തെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി റിസ്കോ കേയ്ഡോയെ തിരഞ്ഞെടുത്തിരുന്നു.ഗ്വാഞ്ചെസിന്റെ ഉത്പത്തിയെക്കുറിച്ചു ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചരിത്രകാരന്മാരുടെ സിദ്ധാന്തങ്ങൾ പറയുന്നത് ഈ ജനവിഭാഗം കെൽറ്റിയർ അല്ലെങ്കിൽ വൈക്കിങ് വിഭാഗത്തിൽപ്പെട്ടതാണെന്നാണ്. എന്നാൽ ചില സൈദ്ധാന്തികരുടെ വാദങ്ങൾ പ്രകാരം അറ്റ്ലാന്റിസ് വിഭാഗത്തിൽപെട്ടവരാണ് കനേറി ദ്വീപിലെ ആദിമമനുഷ്യർ. എന്നാൽ ഒരു പഠനത്തിന്റെ ഭാഗമായി, 2019 ൽ ദ്വീപിൽനിന്നു ലഭിച്ച മമ്മികളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഉത്തര ആഫ്രിക്കയിൽനിന്ന് എഡി 100 നോ അതിനുമുമ്പോ ഇവിടെയെത്തി സ്ഥിരതാമസമാക്കിയ ബെർബെർ എന്ന ആദിമ ജനവിഭാഗമാണിതെന്നു പറയുന്നുണ്ട്.ഗ്വാഞ്ചെസുകൾ എങ്ങനെ ഈ ദ്വീപസമൂഹത്തിലെത്തിയെന്നതിന് കൃത്യമായ ഒരു ഉത്തരമില്ല. ചെറിയ വള്ളങ്ങളിലോ മറ്റോ തുഴഞ്ഞെത്തിയതാകാമെന്നാണ് പറയപ്പെടുന്നത്. ഇവരെന്തുകൊണ്ട് ഈ ദ്വീപിൽ സ്ഥിരതാമസമാക്കി എന്നതിനുള്ള ഉത്തരവും ദുരൂഹമാണ്. കൂട്ടമായി ജീവിച്ച ഈ ആദിമ ഗോത്രവിഭാഗത്തിന് ഒരു തലവനോ രാജാവോ ഉണ്ടായിരുന്നിരിക്കണം. വേട്ടയാടിയും കൃഷി ചെയ്തു വിളവെടുത്തുമാണ് ഇവർ ജീവിച്ചുപോന്നത്.ഗ്വാഞ്ചെസുകളുടെ ഭക്ഷണത്തിൽ പാലും മാംസവും പഴങ്ങളും ഉൾപ്പെട്ടിരുന്നു. ആടിന്റെ തുകലാണ് വസ്ത്രമായി ഉപയോഗിച്ചിരുന്നത്. ഗുഹകൾ നിലവറകളായും ക്ഷേത്രങ്ങളായും ഉപയോഗിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നു ഇവർക്ക്. താമസിക്കാൻ ഉപയോഗിച്ചിരുന്ന ഗുഹയുടെ മുകൾ ഭാഗങ്ങളിൽ സൂര്യപ്രകാശം കടക്കുന്നതിനായി സുഷിരങ്ങൾ ഇട്ടിരുന്നു. അയനങ്ങളെയും വിഷുവങ്ങളെയും പറ്റി ഗ്വാഞ്ചെസുകൾ അറിവുള്ളവരായിരുന്നു.