രമണിക മിസ് കേരള മത്സരത്തിൽ വിജയി ആയതുകൊണ്ടല്ല താൻ മിസ് ഇന്ത്യ മത്സരവേദിയിൽ എത്തിയതെന്ന് നടി ശ്വേതാ മേനോൻ. 1992–ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും തന്നെക്കുറിച്ച് മുൻ മിസ് കേരള ജേതാവും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും നടി വ്യക്തമാക്കി. ‘മിസ് ഇന്ത്യ മത്സരത്തിലേക്ക് ഞാൻ യോഗ്യത നേടിയത് 1994-ൽ ആണ്, 92-ലെ മത്സരത്തിൽ യോഗ്യത നേടി 94-ലെ മിസ് ഇന്ത്യ മത്സരത്തിനു പോകാൻ കഴിയില്ലല്ലോ…’ ശ്വേതാ മേനോൻ സ്വാകാര്യ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.സൗന്ദര്യ മത്സരങ്ങളിൽ ശ്വേതാ മേനോൻ എന്ന വ്യക്തിക്ക് ഒരുപാട് പ്രിവിലേജ് ലഭിച്ചിരുന്നുവെന്ന് നിഷ ജോസ് െക. മാണി ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1992 ല്‍ കൊച്ചിയില്‍വച്ച് നടന്ന രമണിക മിസ് കേരള മത്സരത്തിലെ വിന്നറായിരുന്നു നിഷ. അതേ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു ശ്വേതാമേനോന്. മിസ് കേരള ജേതാവിന് നേരിട്ട് മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാമെന്ന കരാർ അന്ന് ഉണ്ടായിരുന്നുവെന്ന് നിഷ പറയുന്നു. പക്ഷേ, വീട്ടുകാര്‍ തന്റെ അവസരം നിഷേധിച്ചപ്പോള്‍ ആ വര്‍ഷം മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് റണ്ണര്‍ അപ്പായ ശ്വേതാ മേനോനായിരുന്നുവെന്നാണ് നിഷ അഭിമുഖത്തിൽ പറഞ്ഞത്.