ചെറുപ്പക്കാരനായി ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത എണ്‍പത്തിയഞ്ചു വയസ്സുകാരന് സ്വന്തം വീട്ടിൽ മരണം. നാഗ്പൂരിലാണ് സംഭവം. കോവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്നാണ് 85-കാരനായ നാരായൺ ദഭാൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ സന്മനസിന് തയ്യാറായത്. സ്വന്തം ഭർത്താവിന് ആശുപത്രിയിൽ സ്ഥലം ലഭിക്കാൻ യാചിക്കുന്ന സ്ത്രീയെ കണ്ട് മനസലിഞ്ഞാണ് നാരായൺ തന്റെ കിടക്ക ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായത്.‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. അവരുടെ മക്കൾ ചെറുതാണ്. ദയവായി എന്റെ സ്ഥലം അവർക്ക് കൊടുക്കൂ..’ നാരായണ്‍ ഡോക്ടർമാരോട് പറഞ്ഞതിങ്ങനെ.വീട്ടിലെത്തി മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് നാരായൺ മരിക്കുന്നത്. ‘ഓക്സിജൻ ലെവല്‍ താഴ്ന്നതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഒരുപാട് കിണഞ്ഞുപരിശ്രമിച്ചാണ് ആശുപത്രിയിൽ സ്ഥലം ലഭിച്ചത്. എന്നാൽ മണിക്കൂറുകൾക്കു ശേഷം അദ്ദേഹം വീട്ടിലെത്തി. അവസാന നിമിഷങ്ങൾ ഞങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. ആ ചെറുപ്പക്കാരനായ രോഗിയെക്കുറിച്ചും സംസാരിച്ചു’, നാരായണന്റെ മകള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.