വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗ സാദ്ധ്യത കുറവെന്ന് ഐസിഎംആർ

Health National

കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരിൽ രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ കുറവെന്ന് ഐസിഎംആർ. കൊവാക്‌സിന്റേയോ കൊവിഷീൽഡിന്റേയോ രണ്ടു ഡോസും സ്വീകരിച്ചവരിൽ ആകെ 5709 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി.
ബയോടെക്ക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്കും ഓക്‌സഫഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീൽഡിന്റെ രണ്ടു ഡോസും സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആദ്യ ഡോസ് സ്വീകരിച്ച 21,000 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാക്‌സിൻ സ്വീകരിച്ച 10,000 പേരിൽ രണ്ട് മുതൽ നാല് പേർക്ക് മാത്രമാണ് രോഗം ബാധിക്കുന്നത്. കൊവാക്‌സിന്റെ ആദ്യ ഡോസ് ഇതുവരെ 93 ലക്ഷം പേരും രണ്ട് ഡോസും 17,37,178 പേരും സ്വീകരിച്ചു. കൊവിഷീൽഡ് എടുത്തത് പത്ത് കോടി ആളുകളാണ്. വാക്‌സിൻ സ്വീകരിച്ചാൽ കൊറോണയുടെ അപകടം കുറയുകയും മരണത്തിൽ നിന്ന് രക്ഷപെടുകയും ചെയ്യുമെന്ന് ഡോ. ഭാർഗവ വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിച്ചവരിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോളും അറിയിച്ചു. അതേസമയം വാക്‌സിനെടുത്ത ശേഷം അപകടം ഒഴിഞ്ഞതായി കണക്കാക്കരുതെന്നും മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *