തെരഞ്ഞെടുപ്പുകളിൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിധി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ്. സംസ്ഥാന സർക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ കോടതി നോട്ടീസ് നൽകി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ചാണ് നേരത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്.
വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സുപ്രീകോടതിയിൽ ഇതിനെതിരേ നൽകിയ അപ്പീലിനെ തുടർന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്. എന്നാൽ നാളെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. കൂടാതെ നിലവിലെ സാഹചര്യത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എയ്ഡഡ് സ്‌കൂൾ അധ്യപകർക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ രാഷ്ട്രീയ സ്വാതന്ത്യം തടയുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ പൊതുപ്രവർത്തകൻ സലിം മടവൂരടക്കമുള്ള ആളുകൾ നൽകിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.