പത്തുമാസത്തെ കൊവീഡിയൻ ഇരുൾക്കാലത്തെ വകഞ്ഞ് മാറ്റി തിയേറ്ററുകളിൽ വെള്ളിവെളിച്ചം തെളിയുകയും ആരവങ്ങൾ മുഴങ്ങുകയും ചെയ്യുന്നതിൻറെ ആഹ്ലാദത്തിലാണ് സിനിമാലോകം. സൗത്തിൻഡ്യയിലെ നമ്പർവൺ ക്രൗഡ് പുള്ളർ ആയ വിജയിയെയും വിജയ് സേതുപതിയെയും ലീഡ് കാസ്റ്റ് ചെയ്തുകൊണ്ട് ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ‘മാസ്റ്റർ’ പോലെ ഒരു മാസ്സ് സിനിമയാണ് അൺബ്ലോക്ക് റിലീസ് ആയി വരുന്നത് എന്നത് ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വിസ്ഫോടകമായ
ഒരു തുടക്കത്തിന്റെ ശുഭപ്രതീക്ഷ കൂടിയാണ്. ആദ്യദിനത്തിലെ തീയേറ്റർ അനുഭവവും ഇതുവരെയുള്ള റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത് ഈ പ്രതീക്ഷയുടെ ഫലപ്രാപ്തിയിലേക്ക് തന്നെയാണ്. ആയിരക്കണക്കിനാളുകളുടെ അന്നവും ആത്മാവിഷ്കാരവുമാണു,
ലക്ഷക്കണക്കിന് കലാസ്നേഹികളുടെ അതിരറ്റ ആനന്ദമാണ്, സിനിമ. ദീർഘമായൊരു മൃതാവസ്ഥയിൽ നിന്നും
ചലച്ചിത്രലോകത്തിന് നവജീവന്റ മുകുളങ്ങൾ ഉണരേണ്ട ഈയൊരു സവിശേഷ നിമിഷത്തിൽ, അതിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ആദ്യ സിനിമ എന്ന നിലയ്ക്ക്, നെഗറ്റീവ്സ് ഏറെ ഉയർത്തിക്കാട്ടാതുള്ള മൃദുസമീപനം സ്വീകരിച്ചുകൊണ്ട് ‘മാസ്റ്ററി’നെ അവലോകനം ചെയ്യുവാൻ മാത്രമാണ് ഈ കുറിപ്പ് ഉദ്യമിക്കുന്നത്.
ഫാൻസിനെ മാത്രമല്ല ഒരു പക്കാ ബ്രെയിൻലെസ് എന്റർടെയ്നർ മാത്രം പ്രതീക്ഷിച്ച് തീയേറ്ററിൽ ചെല്ലുന്ന ആരെയും
‘മാസ്റ്റർ’ പാടെ നിരാശപ്പെടുത്തില്ല എന്ന് ഒറ്റവാക്യത്തിൽ പറയാം. അതേസമയം
കഴിഞ്ഞവർഷം വിജയിയുടെ തന്നെ ‘ബിഗിലി’നോട് മത്സരിച്ച് കൂടുതൽ ക്രിട്ടിക്കൽ അക്ലൈം നേടിയെടുത്ത
‘കൈദി’യുടെ ശില്പിയായ ലോകേഷ് കനകരാജ് വിജയിയുമായി ടീം അപ് ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഉയർന്ന പ്രതീക്ഷകളുമായി ചേർന്നു പോകുന്നതിൽ ‘മാസ്റ്റർ’ വിജയിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. ‘ബിഗിലി’ൽ അച്ഛൻ വിജയ് കഥാപാത്രത്തിനു ലഭിച്ചത് പോലുള്ള അഭിനയസാധ്യത ‘മാസ്റ്ററി’ലെ ‘ജെഡി’ എന്ന കഥാപാത്രത്തിന് ഇല്ല; മറിച്ച് ഒരു ടിപ്പിക്കൽ ആക്ഷൻഹീറോ മാത്രമാണ് ജെഡി. തിരക്കഥയിലും അവതരണത്തിലും ‘കൈദി’യിൽ താൻ പുലർത്തിയ കണിശത നിലനിർത്തുന്നതിന് പകരം റെഡിമെയ്ഡ് മസാലകൾ മാത്രം ആശ്രയിക്കുന്ന ക്ലീഷേ റെസിപ്പിലേക്ക് ഒതുങ്ങുകയും ചെയ്തു ലോകേഷ്. എന്നാൽ സംവിധായകനെയും നായകനെയും മറികടന്ന് ആത്യന്തികമായി
‘മാസ്റ്ററി’നെ മാസ്റ്റർ ചെയ്യുന്ന മറ്റു ചിലരുണ്ട് ചിത്രത്തിൽ – വിജയ് സേതുപതിയും സത്യൻ സൂര്യനും അനിരുദ്ധും ആണത്.
തിരശ്ശീലയ്ക്കു മുന്നിലും പിന്നിലും ഇവർ നടത്തുന്ന മികച്ച പ്രകടനങ്ങളും വിജയുടെ ഹീറോയിസവും (അത് ഇഷ്ടപ്പെടുന്നവർക്ക് മാത്രം !) ഒത്തുചേരുമ്പോൾ ‘മാസ്റ്റർ’ വാച്ചബിൾ എൻറർടെയിനർ ആയി മാറുന്നു.
വിജയിയുടെ ജേഡിയ്ക്ക് രണ്ട് അവതാരങ്ങളാണ് ‘മാസ്റ്ററി’ലുള്ളത്. ‘മാസ്റ്റർപീസി’ലെ മമ്മൂട്ടിക്ക് സമാനമായി ഗുണ്ടാ പ്രൊഫസർ ആയുള്ള ആദ്യ ഹ്രസ്വാധ്യായവും ജുവനൈൽ ഹോമിലെ വാർഡനായുള്ള രണ്ടാമത്തെ ദീർഘാധ്യായവും. നേരത്തെ സൂചിപ്പിച്ചതുപോലെ ജെഡി എന്ന വിജയിയുടെ പാത്രനിർമ്മിതിയിലും ഈ വിഭിന്നനിലങ്ങളിലേക്കുള്ള പാത്രവികസനത്തിലും ലോകേഷ് തന്നെ എഴുതിയ തിരക്കഥ പുലർത്തുന്ന ഉദാസീനത ജേഡിയുടെ തോഴിമാരുടെ കാര്യത്തിലെത്തുമ്പോൾ
ദയനീയതയുടെ പാരമ്യത്തിലാണ്. ഒരെഫെക്റ്റിനു വേണ്ടി ജേഡിയുടെ കയ്യിൽ ഒരു പൂച്ചക്കുട്ടിയെ കൊടുക്കുന്നുണ്ട് സംവിധായകൻ. അതെ എഫക്ട് മാത്രമേ സ്ത്രീകഥാപാത്രങ്ങളുടെ കാര്യത്തിലും മാസ്റ്ററിൽ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു ! എന്നാൽ ജേഡിയുടെ പ്രതിനായകനായി വരുന്ന വിജയ് സേതുപതിയുടെ ‘ഭവാനി’യുടെ കാര്യം അങ്ങനെയല്ല. ഏതൊരു ജുവനൈൽ ഹോം കേന്ദ്രീകരിച്ചുള്ള ക്രിമിനൽ മാഫിയയെ തുരത്തുകയാണോ ജേഡിയുടെ ദൗത്യം, അതേ അധോലോകത്ത് നിന്ന് ഒരു പ്രശ്നപരിഹാരപാഠങ്ങൾക്കും അവസരം ലഭിക്കാതെ ദുർഗുണങ്ങളുടെ പരമമൂർത്തിയായി വളർന്നുവന്ന കൊടുംകുറ്റവാളി യാണ് ഭവാനി. എഴുത്തിലും അവതരണത്തിലും അയാളിലെ ക്രൗര്യം ചോർന്നു പോകാതിരിക്കുന്നതിൽ ലോകേഷും സേതുപതിയും നിലനിർത്തുന്ന സൂക്ഷ്മതയാണ് ‘മാസ്റ്ററി’ന്റെ മുഖ്യ ആകർഷണം.
നായകനും വില്ലനും തമ്മിലുള്ള
തുടർപൊയ്ത്തുകളും തിന്മയ്ക്കു മേൽ നന്മ കൈവരിക്കുന്ന ആത്യന്തിക വിജയവും ആയിരിക്കുമല്ലോ ഇത്തരം സിനിമകളുടെ
പൊതുധാര. എന്നാൽ കഥപറച്ചിലിൽ ഈ ദ്വന്ദയുദ്ധത്തിൻറെ ട്രാക്ക് ഒന്ന് മാറ്റി പിടിക്കുന്നുണ്ട് ലോകേഷ് കനകരാജ്. 20 വർഷങ്ങൾക്ക് മുമ്പ് തന്റെ ജീവനുവേണ്ടി ഒരു കൂട്ടം അക്രമികളോട് ദയനീയമായി യാചിക്കുന്ന വില്ലനിൽ ആരംഭിക്കുന്ന സിനിമ മൂന്നുമണിക്കൂർ നീണ്ട
പരാക്രമങ്ങൾക്കൊടുവിൽ നായക – വില്ലന്മാരിൽ ഒരാൾ മറ്റൊരാളോട് സമാനമായി ജീവന് വേണ്ടി യാചിക്കുന്ന ക്ലൈമാക്സിലാണ് ഏതാണ്ട് അന്ത്യം കുറിക്കുന്നത്. എന്നാൽ അവസാന പതിനഞ്ച് മിനിട്ടുകളിൽ മാത്രമേ നായകനും വില്ലനും തമ്മിൽ മുഖാമുഖം വരുന്നുള്ളൂ. പൂർവ്വ രംഗങ്ങളിൽ കോമ്പിനേഷൻ സീനുകൾ ഇല്ലെന്ന് മാത്രമല്ല നായകനും വില്ലനും പരസ്പരം ‘ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതും’ അങ്കം കുറിക്കുന്നതും ഇൻറർമിഷനോട് ചേർന്ന് മാത്രമാണ്. അതായത് ജേഡീസ് ഡേ ഔട്ട്, തുടർന്ന് ഭവാനീസ് നൈറ്റ് ഔട്ട്; ജേഡിയുടെ അടുത്ത ഡേ ഔട്ട്, ഭവാനിയുടെ അടുത്ത നൈറ്റ് ഔട്ട് – ഈ ക്രമത്തിലാണ് സംവിധായകൻ കഥയെ മുന്നോട്ടു ചലിപ്പിക്കുന്നത്. ആദ്യപകുതിയുടെ അധിക രംഗത്തും ഇരുവർക്കും പരസ്പരം കേട്ടറിവു പോലുമില്ല ! മാറിമാറി വരുന്ന ഈ
ഇരട്ട ട്രാക്കുകൾ കേന്ദ്രകഥാപാത്രങ്ങളെ സെറ്റ് ചെയ്യുന്നത് വരെ മാത്രമല്ല
തുടർന്നും നിലനിർത്തിപ്പോകാനാണു സംവിധായകൻ താത്പര്യപ്പെടുന്നത്.
വിജയിയുടെയും സേതുപതിയുടെയും ഹീറോയിസങ്ങൾ ജ്വലിപ്പിച്ചു നിർത്താൻ ഉതകുംവണ്ണമാണ് ഓരോ രംഗവും സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
ആവശ്യത്തിൽ കവിഞ്ഞും അത്തരം രംഗങ്ങൾക്ക് ഇടം നൽകാനുള്ള ലോകേഷിന്റെ തീരുമാനം രണ്ടാംപകുതിയിൽ വലിച്ചുനീട്ടലിലേക്കും മടുപ്പിലേക്കും അമിതദൈർഘ്യത്തിലേക്കും വരെ നയിക്കുന്നുമുണ്ട്. ഈ കളിയിൽ താരതമ്യേന കുറഞ്ഞ സ്ക്രീൻ സ്പേസുകൾ ആണ് ഓരോഘട്ടത്തിലും ലഭിക്കുന്നതെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റോടെ സ്കോർ ചെയ്യാൻ കഴിയുന്നത് വിജയ് സേതുപതിക്കാണെന്നത് ശ്രദ്ധേയമാണ്. വിജയിയെ പൊലിപ്പിക്കാൻ വേണ്ടി നടത്തിയ കബഡിത്തല്ല്കളി,
ഒഴിവാക്കാമായിരുന്ന അനാവശ്യരംഗത്തിനും;
തന്നെ ഒറ്റുകൊടുത്ത ലോറിഡ്രൈവറെ
സേതുപതി ഡീൽ ചെയ്യുന്ന കൊച്ചു സീൻ, പ്രവചനാതമകമായിട്ട്പോലും, ആ കഥാപാത്രത്തിനും നടനും നൽകുന്ന വലിയ ഇംപാക്ടിനും ഉദാഹരണങ്ങളാണ്. കഥയുടെ ഒരുഘട്ടത്തിലും ഗ്ലോറിഫൈ ചെയ്യപ്പെടാത്ത കൊടും ക്രൂര വില്ലൻ കഥാപാത്രം ഏറ്റെടുക്കുവാൻ താൻ കാണിച്ച അഭിനന്ദനീയമായ സന്നദ്ധയുടെ വിളവ്, ആ കഥാപാത്രത്തിന്റെ ഇംപാക്ട് ആണ് ഈ സിനിമ കഴിയുമ്പോൾ പ്രേക്ഷകനിൽ ശേഷിക്കുക എന്നിടത്തോളം വിജയിപ്പിച്ചെടുക്കുന്നതിലാണു സേതുപതിയിലെ മികച്ച നടൻ കൊയ്തെടുക്കുന്നത്.
വിജയിയുടെ മാസ് അപ്പീൽ ഉയർന്ന് തന്നെ നിൽക്കുന്നതായും ‘മാസ്റ്റർ’ സാക്ഷ്യപ്പെടുത്തുന്നു. തന്നിൽ നിന്ന് തന്നെ ആവർത്തിച്ച് കണ്ടുമടുത്ത റോൾ ആണെങ്കിൽ പോലും (മുൻ പടങ്ങൾ മെൻഷനിൽ മാത്രമല്ല സീനുകളിൽ പോലും ആവർത്തിക്കുന്നത് കാണാം) വീഞ്ഞിൻ കുപ്പിക്ക് പുതിയ ഫീൽ നൽകാനുള്ള വിജയിയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നില്ല എന്നത് ചെറിയ കാര്യമല്ല.
തൻറെ വജ്രായുധങ്ങളിലൊന്നായ സോഷ്യലി കമ്മിറ്റഡ് നീളൻ ഡയലോഗുകൾ കാര്യമായി ലഭിച്ചില്ലെങ്കിലും ഡാൻസിലും ഫൈറ്റിലും പ്രസൻസിലും
പ്രകടിപ്പിക്കുന്ന അത്ഭുതകരമായ ഡൈനാമിസത്തിലൂടെ
വിജയ് തന്റെ സൂപ്പർ ഹീറോയിസം ഭദ്രമായിത്തന്നെ സൂക്ഷിക്കുന്നു. തന്നെ വേട്ടയാടാൻ ശ്രമിച്ച ഭരണകൂട ഭീകരതയ്ക്ക് സിനിമയിലൂടെ ശക്തമായ മറുപടി നൽകാനും അദ്ദേഹം മറക്കുന്നില്ല.
അനിരുദ്ധിന്റെ സംഗീതവും
(നായകൻറെ അദർവൈസ് പതിഞ്ഞ ഇൻട്രോയെ ഊർജസ്വലമാക്കി ഉയർത്തുന്ന ഡപ്പാംകുത്തും ഉടനീളമുള്ള സുന്ദരമായ ബിജിഎമ്മും എടുത്ത് പറയേണ്ടതാണു)
സത്യൻ സൂര്യൻറെ സുന്ദരമായ ദൃശ്യങ്ങളും ഫൈറ്റ് സീനുകൾ കൊഴുപ്പിക്കുന്ന ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും ‘മാസ്റ്ററി’ന്റെ ഹൈലൈറ്റുകൾ ആണ്.
‘മാസ്റ്റർ’ എന്ന ബ്ലോക്ക് ബസ്റ്ററിലാവട്ടെ ഇൻഡസ്ട്രിയുടെ പുനർജന്മം എന്ന്, മികച്ച ഒരു നിര സിനിമകൾക്കായി കാത്തു നിന്നുകൊണ്ട്, പ്രത്യാശിക്കാം
-കെ.സി. ഷൈജൽ-വയനാട്