തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ കേന്ദ്ര നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. യഥാക്രമം അല്ല കോവാക്സിന് അനുമതി നൽകിയതെന്ന് മനീഷ് തിവാരി ആരോപിച്ചു. മാരകമായ കൊറോണ വൈറസിനെതിരെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് ഇന്ത്യ ആരംഭം കുറിച്ച ദിവസമാണ് മനീഷ് തിവാരിയുടെ പരാമർശങ്ങൾ.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യ അടുത്തിടെ അനുമതി നൽകി.
“വാക്സിൻ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു, എന്നാൽ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിനുള്ള ഒരു നയം ഇന്ത്യയ്ക്കില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു,” മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
യഥാക്രമം ഉള്ള നടപടികൾ പാലിക്കാതെയാണ് കോവാക്സിന് അംഗീകാരം നൽകിയതെന്ന് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി കൂട്ടിച്ചേർത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിന് നിയന്ത്രിത ഉപയോഗ അനുമതി നൽകിയ വിഷയത്തിൽ ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും ഇടയിൽ ഭിന്നാഭിപ്രയങ്ങൾ ആണ് ഉള്ളതെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ടും മനീഷ് തിവാരി ട്വീറ്റിനൊപ്പം ചേർത്തിരുന്നു.