സാമുദായിക സംവിധാനങ്ങൾക്കകത്തെ വൈചിത്ര്യങ്ങളെ നേർത്ത നർമ്മത്തിന്റെ വാൾമുനയിൽ കോർത്തെടുക്കുന്നതാണിത്

Movies Reviews

ഒരു സാങ്കൽപിക മുസ്ലിം സംഘടനയുടെ പ്രാദേശിക ഘടകത്തിലെ കലാപ്രവർത്തകരായ ചിലരുടെ മനസ്സിൽ മുളപൊട്ടുന്ന ചലച്ചിത്രമോഹവും അതിന്റെ സാക്ഷാത്കാരവുമാണു സക്കറിയ, കോ റൈറ്റർ മുഹ്സിൻ പരാരിയോട്‌ ചേർന്ന് എഴുതി സംവിധാനം ചെയ്ത ആമസോൺ പ്രൈം റിലീസ്‌ സിനിമ ‘ഹലാൽ ലവ്‌ സ്റ്റോറി’യുടെ പ്രമേയം. എന്നാൽ മദ്രസാ കലോത്സവം പോലെ മുസ്ലിങ്ങളുടെ മാത്രം ആഭ്യന്തര കാര്യമല്ല, ഈ സിനിമ എന്ന് പ്രത്യേകം പറയാതെ വയ്യ.

മുസ്ലിം ജീവിതത്തിന്റെ മാത്രമല്ല, സമുദായഘടനയുടെ തന്നെ അകത്തളങ്ങളിലേക്ക്‌ ക്യാമറ തിരിച്ചുവെക്കാനാണു ‘ഹലാൽ ലവ്‌ സ്റ്റോറി’യിലൂടെ സക്കറിയയും മുഹ്സിനും ഉദ്യമിക്കുന്നത്‌. സിനിമയിലേക്ക്‌ കടക്കും മുൻപ്‌ ഒന്ന് രണ്ട്‌ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട്‌ സൂചിപ്പിക്കേണ്ടതുണ്ട്‌ എന്ന് തോന്നുന്നു.

മുസ്ലിം ജീവിതം മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്ന ആളൊന്നുമല്ല സക്കറിയ. പക്ഷെ
മണിയറയുടെയും മണിത്താലിയുടെയും
പൈങ്കിളിക്കഥകളിലൂടെയും അതിനുമപ്പുറം അത്യന്തം റിഗ്രസീവ്‌ ആയ നറേറ്റിവുകളിലൂടെയുമാണു
ഇക്കാലമത്രയും മലയാള സിനിമയിൽ
മുസ്ലിം ജീവിതം കടന്നുവന്നിട്ടുള്ളത്‌ എന്നതാണു പൊള്ളുന്ന യാഥാർത്ഥ്യം. സ്വയംകൃതാനർത്ഥങ്ങൾ, അതിൽ നിന്ന് കൂടി ഉദ്ഭുതമാവുന്ന മുൻവിധികൾ, ഇസ്ലാമോഫോബിയ തുടങ്ങി വിവിധ ഘടകങ്ങൾ ഇതിനു ഹേതുകമായുണ്ട്‌. കാരണങ്ങളെന്തായാലും, സന്താനോത്പാദനശാലകളും കോമാളികളും കള്ളക്കടത്ത്കാരും
നാടിനെ ബോംബിട്ട്‌ തകർക്കാനെത്തുന്ന ജെഹാദികളും ആയി ആവർത്തിച്ചവതരിപ്പിക്കപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങളിലൂടെ മന:പൂർവ്വമായും അല്ലാതെയും ഒരു വിഭാഗം മനുഷ്യരെ അപ്പാടെ അപഹാസ്യരും നിന്ദ്യരും ആക്കിത്തീർക്കുന്നതിൽ മാത്രമല്ല മലയാള സിനിമ സംഭാവന ചെയ്ത്‌ പോരുന്നത്‌ ; മറിച്ച്‌ ‘ക്രൂരമുഹമ്മദീയർ’ എന്ന് വില്ലിഫൈ ചെയ്യപ്പെടുന്നതിലൂടെ, ഔട്ട്കാസ്റ്റ്‌ ചെയ്യപ്പെടുന്നതിലൂടെ,
തത്പരകക്ഷികൾ ആദ്യമേ സെറ്റ്‌ ചെയ്ത്‌ വച്ച ഹിന്ദു – മുസ്ലിം ഡിവൈഡിനു ആക്കം കൂട്ടുന്നതിൽ കൂടിയാണു. മാറാട്‌ കലാപം നടത്തിയവരിൽ മാത്രമല്ല, മാൻഹോളിൽ കുടുങ്ങിപ്പോയ മറുനാടൻ തൊഴിലാളികളെ സ്വന്തം ജീവൻ നൽകി രക്ഷപ്പെടുത്തിയ നൗഷാദുമാരിലും മുസ്ലിം പ്രാതിനിധ്യം കാണാമെന്ന് ഇന്നാട്ടിലെ എല്ലാ മനുഷ്യർക്കുമറിയാമെങ്കിലും മലയാള സിനിമയ്ക്ക്‌ മാത്രം നാളിത്‌ വരെയും അത്ജ്ഞാതമായിരുന്നു ! എന്ന് മാത്രമല്ല അതേ നൗഷാദ്മാരെ അഭിനന്ദിക്കുന്നവരിൽ പോലും വർഗ്ഗീയത ആരോപിക്കുംവണ്ണം മനസ്‌ വിഷലിപ്തമായിപ്പോയ മതവൈരികൾക്ക്‌ കൂടി കൈയടി ലഭിക്കുന്ന ഒരു നാടായി കേരളം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്നതിൽ, വേൾഡ്‌ റ്റ്രെയ്ഡ്‌ സെന്റർ മുതൽ മക്കയിൽ വരെ ആൾബോംബായെത്തുന്ന ഭീകരമതവാദികളുടെ പങ്കിനോടു തുലനം ചെയ്യാവുന്ന ഒരു പങ്ക്‌ ഇത്തരം അയഥാർത്ഥ പ്രതിനിധാനങ്ങളിലൂടെ മലയാള സിനിമയും നിർവഹിച്ചിട്ടുണ്ട്‌.
മുസ്ലിങ്ങളുടെ കാര്യത്തിൽ മാത്രമല്ല
ദലിത്‌ – സ്ത്രീ – കമ്യൂണിസ്റ്റ്‌ – എൽ ജി ബി റ്റി – ബ്ലാക്ക്‌ പ്രാതിനിധ്യങ്ങളിലും ഇതേ അപഭ്രംശം ദൃശ്യമാണെന്ന് കൂട്ടത്തിൽ പറയട്ടെ.

ദുരവസ്ഥയുടെ ഈ കൺസ്ട്രക്റ്റിൽ നിന്ന് മനുഷ്യരെ വീണ്ടെടുത്ത്‌
മത ജാതി ഭേദങ്ങൾക്കപ്പുറം ഇന്നാട്ടിൽ നിലനിൽക്കുന്ന യഥാർത്ഥ സാമൂഹിക ബന്ധങ്ങളുടെ ഫീൽഡിലേക്ക്‌ ഫോക്കസ്‌ ഷിഫ്റ്റ്‌ ചെയ്യാൻ നമ്മുടെ സിനിമയെ പര്യാപ്തമാക്കണമെങ്കിൽ അരികുകളിലേക്കും ഇരുളുകളിലേക്കും
പര്യാലോചനകളുടെയും പുനരന്വേഷണങ്ങളുടെയും
ആഴക്കണ്ണു പായിച്ചേ മതിയാകൂ. മുഹ്സിൻ പരാരിയും സക്കറിയയും
രാജീവ്‌ രവിയും സൗബിൻ ഷാഹിറും
മനോജ്‌ കാനയും റഹ്മാൻ ബ്രദേഴ്സും
ആഷിക്‌ അബുവും ദിലീഷ്‌ പോത്തനും ശ്യാം പുഷ്ക്കരനും ഒക്കെ നിർവഹിക്കുന്നത്‌ ഈയൊരു വിപ്ലവം കൂടിയാണെന്ന് ഞാൻ വിചാരിക്കുന്നു. സിനിമ ഏതായാലും (ആർട്ട്‌ / കോമേർസ്യൽ) മനുഷ്യൻ നന്നായാൽ മതി.

‘ഹലാൽ ലവ്‌ സ്റ്റോറി’യിലേക്ക്‌ തിരിച്ചുവരാം. കേരളീയ മുസ്ലിം സമൂഹത്തിലെ ‘പുരോഗമന വിഭാഗം’ എന്ന് സിനിമയിൽ സ്വയം പരിചയപ്പെടുത്തുന്ന
സംഘടനയ്‌ക്കുള്ളിൽ തന്നെ (ഇത്തരം വീതംവെപ്പുകളും വിവേചനങ്ങളും അസംഗതമായിമാറും വിധം മുസ്ലിം സമുദായത്തിനുള്ളിൽ ആകമാനം വളരെ ഡ്രാസ്റ്റിക്‌ ആയ സോഷ്യൽ അഡ്വാൻസ്‌മന്റ്‌ നടന്നു കഴിഞ്ഞ ഒരു കാലത്താണു ‘ഹലാൽ ലവ്‌ സ്റ്റോറി’ പുറത്തിറങ്ങുന്നത്‌. മതാചരണത്തിന്റെ സമീപനങ്ങളിലും വ്യാഖ്യാനങ്ങളിലും സ്വാഭാവികമായ വൈവിധ്യങ്ങളും വൈരുധ്യങ്ങളും കണ്ടേക്കാമെങ്കിലും പുരോമനം / യാഥാസ്തികം ലേബലുകൾ ഒട്ടിക്കുവാനുള്ള ചുമരുകളല്ല അതൊന്നുമെന്നതാണു യാഥാർത്ഥ്യം) സിനിമാ നിർമാണം, ഉള്ളടക്കം, അവതരണം തുടങ്ങിയ വിഷയങ്ങളിൽ വിരുദ്ധാഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞുവെച്ചതിനു ശേഷം, സുവിദിതമായ ഹലാൽ/ഹറാമുകൾക്ക്‌
(ഡൂസ്‌ ആൻഡ്‌ ഡോണ്ട്സ്‌) ഇടയിൽ സൂക്ഷ്മമായ ഒരു മധ്യമമാർഗം ഉണ്ടെന്നും റിസ്കി ആണെങ്കിലും ആ വഴി തിരഞ്ഞെടുക്കുവാനാണു താനുദ്ദേശിക്കുന്നതെന്നും സക്കറിയ തുടക്കത്തിലേ തന്റെ നയം വ്യക്തമാക്കുന്നു.

ഫീച്ചർ ഫിലിമിലേക്ക്‌ കടക്കാനുള്ള ‘പാകത’ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്തതിനാൽ ആ വഴിക്ക്‌ പോകാൻ അശക്തമായ സംഘടന, ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ടെലിസിനിമ നിർമ്മിക്കാനാണു തീരുമാനിക്കുന്നത്‌.
സംഘടനയുടെ ‘യുവ വാഗ്ദാനം’ തൗഫീഖ്‌ ആണു മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ടെലിസിനിമയുടെ രചയിതാവും ലെയ്സൺ ഓഫീസറും. ഇൻഡസ്റ്റ്രിയിൽ 15 വർഷത്തെ അനുഭവ സമ്പത്തുള്ള സിറാജ്‌ എന്ന അസോസിയേറ്റ്‌ ഡയറക്ടറെയാണു അയാൾ ഫിലിം സംവിധാനം ചെയ്യാനായി കണ്ടെത്തുന്നത്‌.
കലാപ്രവർത്തനങ്ങളിലെ മുഖ്യ പങ്കാളിയും സ്വയം പ്രഖ്യാപിത നടനുമായ ശരീഫും ഭാര്യ സുഹ്രയുമുൾപ്പെടെയുള്ള സംഘടനാ പ്രവർത്തകർ തന്നെയാണു അഭിനേതാക്കൾ. സംഘടനയുടെ പ്രാദേശിക നേതാവും കലാസ്നേഹിയും പൊതുസ്വീകാര്യനുമായ
റഹിം സാഹിബാണു ഈ കൂട്ടായ്മയുടെ, ടെലി സിനിമാ പ്രവർത്തനങ്ങളുടെ, എന്തിനേറെ, ഒറിജിനൽ സിനിമയുടെ തന്നെ ഉയിർ. സൂക്ഷ്മമായ ആധ്യാത്മികവിശുദ്ധിയും സംഘടനയുടെ കേഡർ സ്വഭാവവും ഒരു വശത്തും കലാ സ്നേഹവും സാമുഹിക ബന്ധങ്ങളും മറുവശത്തുമായി ഏറ്റുമുട്ടാനനുവദിക്കാതെ അപാരമായ നൈർമ്മല്യത്തോടെ വ്യക്തി ജീവിതത്തെയും അത്ഭുതകരമായ സംഘാടന പാടവത്തോടെ (സീരിയസ്സായി ഒരു വർക്ക്‌ ചെയ്യുമ്പോൾ നമുക്കൊരു മുട്ട ബോംബും ചായയും കഴിച്ചാലോ എന്ന് ചോദിക്കുന്ന കഥാപാത്രത്തോട്‌ – നടൻ എന്ന നിലയ്ക്ക്‌ യുവകലാകാരനു നല്ല ഭാവിയുണ്ട്‌ – സരളമായി പുഞ്ചിരിക്കുകയും അക്ഷോഭ്യനായി
വഴങ്ങുകയും ചെയ്യുന്ന രംഗം ഒരുദാഹരണം) സാമൂഹിക ജീവിതത്തെയും സമജ്ഞസിപ്പിക്കുന്ന റഹിം സാഹബ്‌, അതീവ ശ്രദ്ധയോടെ വാർത്തെടുക്കപ്പെട്ട കഥാപാത്രമാണു. വേഷത്തിലും ഭാഷയിലും
ശരീരഭാഷയിലും മുതൽ സൂക്ഷ്മ ഭാവങ്ങളിൽ വരെ നടനെയും കഥാപാത്രത്തെയും വേർതിരിച്ചെടുക്കാൻ സാധിക്കാത്തത്ര സുന്ദരമായി റഹിം സാഹബിനെ പൂർണ്ണമാക്കാൻ നാസർ എന്ന അപരിചിതനായ അഭിനേതാവിനു സാധിച്ചിട്ടുണ്ട്‌.

എന്നാൽ ടെലി സിനിമ ഷൂട്ടിലേക്ക്‌ കടക്കുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയാണു. മുഖ്യനടൻ താനായിരിക്കുമെന്ന് ഊറ്റം കൊണ്ടിരുന്ന ശരീഫ്‌ പിന്തള്ളപ്പെടുകയും കാണാമറയത്ത്‌ നിന്ന് ഭാര്യ സുഹ്‌റ മുന്നിരയിലെത്തുകയും ചെയ്യുന്നതോടെ അയാളുടെ ഈഗോ
ഹർട്ട്‌ ചെയ്യപ്പെടുന്നു. ഇതോടൊപ്പം സുഹ്രയിൽ നിന്ന് അവിചാരിതമായുണ്ടാകുന്ന ഒരു വൈകാരിക വിസ്ഫോടനവും അനുബന്ധ സംഭവങ്ങളും കൂടിച്ചേരുന്നതോടെ ദമ്പതിമാർക്കിടയിൽ അസ്വാസ്ഥ്യം ഉരുൾപൊട്ടുകയാണു. ഇതിനു സമാന്തരമായി സിനിമയിലെ ഒരു പ്രത്യേക രംഗത്തിന്റെ മതപരവും (ഹറാം / ഹലാൽ) കലാപരവുമായ തലങ്ങൾ തമ്മിൽ സംവിധായകനും നിർമ്മാതാക്കളും തമ്മിൽ സംഘർഷമുടലെടുക്കുകയും ചെയ്യുന്നു.
എന്നാൽ സ്ക്രിപ്റ്റിൽ മുൻകൂർ തയാർ ചെയ്ത്‌ വച്ച ദുർബല ഫോർമുലകളുപയോഗിച്ചാണു സക്കറിയ ഈ പ്രശ്നങ്ങൾ മറികടക്കുന്നത്‌. സ്വാഭാവികമായും അവസാനഭാഗങ്ങൾ അത്രകണ്ട്‌ രസനീയവുമല്ല. അതേസമയം, പ്രാർത്ഥനയും കലയും ഒരേദിശയിലേക്ക്‌ സമാന്തര രേഖകളായൊഴുകുന്ന പോസ്റ്റ്‌ ക്ലൈമാക്സ്‌ സീനിൽ തന്റെ ആർട്ടിസ്റ്റിക്‌ മാനിഫെസ്റ്റോ സക്കറിയ ഭംഗിയായി വിളംബരം ചെയ്യുന്നുമുണ്ട്‌.

ആധ്യാത്മിക സൂക്ഷ്മത പുലർത്തുവാനും അതേസമയം സ്വതന്ത്ര സർഗാത്മക ലോകത്തെ പുൽകുവാനും ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും എളുപ്പം റിലേറ്റ്‌ ചെയ്യാവുന്ന ആത്മസംഘർഷങ്ങളുടെ കൂടി കഥനമാണു ‘ഹലാൽ ലവ്‌ സ്റ്റോറി’.
സെൽഫ്‌ ട്രോളുകൾ ആണു അതിനു സക്കറിയ സ്വീകരിക്കുന്ന ആഖ്യാനതന്ത്രം. ടെലിസിനിമയുടെ സംവിധായകനെപ്പോലും ‘ഡയരക്ടർ സാഹിബ്‌’ എന്ന് വിളിക്കുന്ന രേഖീയമായ അഭിസംബോധനകൾ, സോ കോൾഡ്‌ ‘പൊതു സമൂഹ’ത്തെ തൃപ്തിപ്പെടുത്തുവാൻ മുസ്ലിം സംഘടനകൾ കാട്ടിക്കൂട്ടുന്ന വ്യർത്ഥ
അപഹാസ്യതകൾ, ‘ഭാര്യയോടുള്ള കടമ നിർവഹിച്ചുവോ’ എന്ന മട്ടിലുള്ള യാന്ത്രികമായ സ്വയംസംസ്കരണ കൈപുസ്തകങ്ങൾ, സ്ത്രീയ്ക്ക്‌ പ്രാതിനിധ്യം നൽകുകയും എന്നാൽ മിണ്ടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ‘വിമോചനങ്ങൾ’
എന്നിങ്ങനെ സാമുദായിക സംവിധാനങ്ങൾക്കകത്തെ വിവിധ വൈചിത്ര്യങ്ങളെ നേർത്ത നർമ്മത്തിന്റെ വാൾമുനയിൽ സക്കറിയയും മുഹ്സിനും കോർത്തെടുക്കുന്നുണ്ട്‌. സിനിമയുടെ ആദ്യപകുതിയെ കൂടുതൽ എൻഗെയ്ജിംഗ്‌ ആക്കി നിർത്തുന്നതും ഈ സ്പൂഫ്‌ സ്വഭാവമാണു.

ശിഥിലമായ കുടുംബജീവിതവും ലഹരിയും തന്റേതായ ആർട്ടിസ്റ്റിക്‌ ബോധ്യങ്ങളും കൂടിക്കുഴഞ്ഞ്‌ ഒരു പരുക്കൻ സംവിധായകനായി മാറിയ സിറാജ്‌, ജോജുവിന്റെ കരങ്ങളിലും മതത്തിനും സംഘടനയ്ക്കും കലയ്ക്കും നടുവിൽ പെടാപ്പാട്‌ പെടുന്ന തൗഫീഖ്‌, ശറഫുദ്ധീന്റെ കരങ്ങളിലും ഭദ്രമാണു. ശരീഫിനെ (ആ കഥാപാത്രമാവശ്യപ്പെടുന്ന അമിതാഭിനയമുൾപ്പെടെ) ഇന്ദ്രജിത്തും അയാളുടെ ഭാര്യയുടെ ആത്മസംഘർഷങ്ങളെ ഗ്രെയ്സ്‌ ആന്റണിയും മികവുറ്റതാക്കി. ജോജുവിന്റെ അസിസ്റ്റന്റായി വന്ന നടനും സൗബിനും നവാസും മാമുക്കോയയും
സ്വാഭാവികഭംഗി കഥാപാത്രങ്ങൾക്ക്‌ പകർന്നു. പാർവ്വതിയുടെ കാമിയോ ഊർജ്ജസ്വലമായിരുന്നു, അവരുടെ സമരോത്സുകമായ വ്യക്തിത്വം പോലെ തന്നെ. ‘സുന്ദരനായവനേ’ എന്ന സൂഫി സുഗന്ധമുള്ള ഗാനവും (ഷഹബാസ്‌ അമൻ) പശ്ചാത്തല സംഗീതവും (യക്സാൻ – നേഹ) ലളിത സുന്ദര ദൃശ്യങ്ങളും (അജയ്‌ ശേഖർ/ സൈജു ശ്രീധരൻ) ചിത്രത്തിന്റെ മുതൽക്കൂട്ടുകളാണു.

അവാച്യസുന്ദരവും അഗാധവുമായ മാനവികതയുടെ ഗാഥയാണു ‘സുഡാനി ഫ്രം നൈജീരിയ’. നാളിത്‌ വരെയുള്ള മലയാള സിനിമയിലെ ഏറ്റവും മികച്ച പടങ്ങളിലൊന്നു. പ്രമേയ പരിസരം ഭിന്നമായതുകൊണ്ടും തിരക്കഥയുടെ ദൗർബല്യങ്ങൾ കൊണ്ടുമാവാം, അത്രമേൽ ഉൾക്കനം ഈ സിനിമയ്ക്കില്ല എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്‌. അതേ സമയം, ആദ്യം വിവരിച്ചത്‌ പോലെ, വ്യക്തമായ ഒരിടം ‘ഹലാൽ ലവ്‌ സ്റ്റോറി’യ്ക്ക്‌ സ്വന്തമായുണ്ടെന്നും അടിവര.

കെ സി ഷൈജൽ

Leave a Reply

Your email address will not be published. Required fields are marked *