‘സൈക്കോളജിസ്റ്റിനെ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്’

Health Movies

സനുഷയുടെ വാക്കുകള്‍:

‘ലോക്ക്ഡൗണിന്റെ തുടക്കസമയം എല്ലാംകൊണ്ടും വ്യക്തിപരമായും തൊഴില്‍പരമായും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. ഇപ്പോല്‍ ആലോചിക്കുമ്പോഴും എനിക്ക് ഇങ്ങനത്തെ ഒരു അവസ്ഥയുണ്ടായിരുന്നല്ലോ എന്ന ഒരു ഫീലാണ്.

എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പേടിയായിരുന്നു ശരിക്കും. അങ്ങനെയുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിരുന്നു. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ.

ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യാ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഈ അവസ്ഥയില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. അങ്ങനെ വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്ത് പോയി, വയനാട്ടിലേക്ക്… ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്.

വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. ഞാന്‍ സംസാരിച്ച എന്റെ സുഹൃത്തുക്കളും മിക്ക ആളുകളും ആ ഒരു സമയത്ത് പല പ്രശ്‌നങ്ങളിലൂടെയും കടന്ന് പോകുന്ന ആളുകളായിരുന്നു. അവരോടൊക്കെ ഞാന്‍ ചോദിച്ച പ്രധാന കാര്യങ്ങളില്‍ ഒന്ന് വീട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു. വീട്ടില്‍ പറയാന്‍ മിക്ക ആളുകള്‍ക്കും പേടിയാണ്. കാരണം സൈക്കോളജിസ്റ്റിനിയോ സൈക്കാര്‍ട്ടിസ്റ്റിനിയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്.

അത്തരം ആശങ്കകള്‍ ഉണ്ടായിരുന്നതിനാന്‍ വീട്ടില്‍ ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. കുറെ ആലോചിച്ച ശേഷം, ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളില്‍ അതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ല. അതെന്താണെന്ന് അറിയില്ല.

ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്‌റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ വേറെ ഒന്നിലേക്കും ചാടിക്കാതെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അനിയന്‍ തന്നെയാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്.

പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, വര്‍ക്കൗട്ട്, ഡാന്‍സ് എല്ലാം ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ ചെയ്തു, കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചു. അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നുത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട് ഓകെ ആണോ, ഹാപ്പി ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല. ഇപ്പോള്‍ മെഡിക്കേഷന്‍സ് ഒക്കെ കുറച്ചിട്ടുണ്ട്. ഇപ്പോള്‍ അതെ കുറിച്ച് ആലോചിക്കുമ്പോള്‍, ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്.

സുശാന്തിന്റെ മരണവാര്‍ത്തയും അല്ലെങ്കില്‍ മറ്റ് ആത്മഹത്യാ വാര്‍ത്തകളുമൊക്കെ കാണുന്നത് എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്‍പിച്ചിട്ടുണ്ട്. ഈ ഒരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുക എന്നാണ്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. എല്ലാവരും ഉണ്ട് കുടെ, വെറും വാക്കുകളായി പറയുന്നതല്ല. അവര്‍ നിങ്ങളെ സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *