ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്തു പുറത്താക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. വിവാദ സംഭവത്തില്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക് പങ്കുണ്ടെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഹിതമാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയത്.
ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് മറുപടി തേടിയിരുന്നു. രാജി സമര്‍പ്പിക്കുക അല്ലെങ്കില്‍ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് വര്‍മ്മ, രാജിവെക്കാന്‍ തയ്യാറല്ലെന്നും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നല്‍കിയ വീശദീകരണവും ശുപാര്‍ശയ്‌ക്കൊപ്പം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയുടെ ഇംപീച്ച്മെന്റ് പാര്‍ലമെന്ററി പ്രക്രിയയാണ്. അതിനാല്‍ കുറ്റവിചാരണ നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രധാനമാണ്. ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘കഴിവില്ലായ്മ’ തുടങ്ങിയ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പാർലമെന്റ് സമിതിയെ നിയോഗിച്ചേക്കും.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ സ്‌റ്റോര്‍ മുറിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് വിവാദമായതോടെ, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, മലയാളിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്റ് നടപടിക്ക് ശുപാർശ നൽകിയിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് 14നു ജസ്റ്റിസ് വർമ്മയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവുമാണ് നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. ആരോപണവിധേയനായ ജസ്റ്റിസ് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നിൽ അലഹാബാദിലേക്ക് സ്ഥലംമാറ്റിയതിൽ വലിയ എതിർപ്പുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകിയിട്ടില്ല.