രാമായണവും മഹാഭാരതവും നിത്യപാരായണങ്ങളിൽ പെടാത്ത മുസ്ലിം തറവാട്ടിൽ ജനിച്ച ഈയുള്ളവൻ പുസ്തക രൂപത്തിൽ വായിച്ചറിയുന്നതിനും ഏറെ മുൻപ്… കരുണാകരൻ ചെറുകരയെ പ്രിയ ശിഷ്യൻ ഓർത്തെടുക്കുന്നു

General Kerala Wayanad

ടി.കെ.ഇബ്രാഹിം തന്റെ ഗുരുനാഥൻ കരുണാകരൻ ചെറുകരയെ കുറിച്ച് എഴുതുന്നു…
ചിരപരിചിതമാണീ മുഖം ഓരോ
വയനാട്ടുകാരനും, എവിടെയൊക്കെയോ വെച്ച് ഈ മുഖം നാം കണ്ടിരുന്നു.
ഇനി മുഖ പരിചയമില്ലാത്തൊരാളുണ്ടെങ്കിൽ ഘനഗംഭീരമായ ആശബ്ദമെങ്കിലും കേട്ടിരിക്കുമെന്നു തീർച. ഓർമ്മപ്പെടുത്താം
ശ്രീ:കരുണാകരൻ ചെറുകര .
ചെറുകര നായർ തറവാട്ടിൽ ശങ്കരൻ എന്ന മൂപ്പിൽ നായരുടെയും,ആലഞ്ചേരി തറവാട്ടിലെ കല്യാണിയമ്മയുടെയും മകനായി 1932ൽ ജനനം. പ്രഗത്ഭനായ അധ്യാപകൻ, അരങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാ നടൻ.ശബ്ദ ഗാംഭീര്യം കൊണ്ടും സ്വരവിന്യാസത്തിലെ ആരോഹണാവരോഹണങ്ങൾ കൊണ്ടും എണ്ണമറ്റ റേഡിയോ നാടകങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടായി ഗ്രാമ ഭവനങ്ങളിലെ രാത്രികളെ സജീവമാക്കിയ കോഴിക്കോട് റേഡിയോ നിലയത്തിലെ എ ക്ലാസ് ആർട്ടിസ്റ്റ്. അരങ്ങത്തും,
അദൃശ്യ സാന്നിദ്ധ്യമോ ശബ്ദമോ ആയി നമ്മുടെവീടകങ്ങളിലും അരനൂറ്റാണ്ടിലേറെയായി കരുണാകരൻ ചെറുകര നമുക്കൊപ്പമുണ്ട്. സ്കൂൾ കലാമേളകളിലും കായിക മത്സരവേദികളിലും ഈ ഘനഗാംഭീര്യ സ്വരം കാതുകൾകൊണ്ടറിഞ്ഞവരാണേറെയും
ബഹുമുഖമായ ഈ വ്യക്തിവിശേഷങ്ങളുടെ കഥ യെഴുതാനും അരുതായ്മകൾക്ക് നേരെ വിരൽ ചൂണ്ടാന്നും എന്റെ ചൂണ്ടുവിരലിനെ ശക്തമാക്കിയതും ഈ ഗുരു മുഖം തന്നെയെന്നൂ കൃതജ്ഞതാ പുരസ്സരം ഇവിടെ അടയാളപ്പെടുത്തട്ടെ.
വയനാടിന്റെ ഗതകാല പുരാവൃത്തങ്ങൾ ഇത്രമേൽ ഹൃദിസ്ഥമായ മറ്റൊരാൾ ഇന്നില്ല തന്നെ. ഇദ്ദേഹത്തിന്റെ ക്ലാസുമുറികളിലൂടെ അറിവുതേടി കടന്നുപോയ തലമുറകളുടെ
ഹൃദയാന്തരാളങ്ങളിൽ ഈ വിധംവേരാഴ്ത്തിയ മറ്റൊരാളുണ്ടാവില്ല.ഓരോ ക്ലാസും അനാകർഷകങ്ങളായ സിലബസുകളുടെ വൈരസ്യത്തെ ഉല്ലംഘിച്ച് ചരിത്രവും പുരാണങ്ങളും കലയും സാഹിത്യവും വാമൊഴിയും നാട്ടറിവുകളുമെന്നുവേണ്ട ജ്ഞാന വൈവിദ്ധ്യം കൊണ്ട് മധുരാനുഭമാക്കും കരുണാകരൻ മാസ്റ്റർ.
ഒരായോധന കളരിയിലെന്ന പോലെ മസ്തിഷ്ക്കത്തിലും മനസ്സിലും പാഠഭാഗങ്ങൾ അലിയിച്ചുചേർക്കുന്ന അധ്യാപനത്തിലെ മാസ്മരിക വിദ്യ AKN എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കരുണാകരൻന്മാസ്റ്റർക്ക്സ്വന്തമാണ്.
വെള്ളമുണ്ട എ.യു.പി സ്കൂളിലെ റോഡിനഭിമുഖമായ ചെറിയ ഹാളിൽ വെള്ളിയാഴ്ച തോറും മധ്യാഹ്ന ഇടവേളയി ൽ തുടർച്ചയായി വർഷങ്ങളോളം നടത്തിയ പുരാണേതിഹാസങ്ങൾ നിർദ്ധാരണം ചെയ്തു കൊണ്ടുള്ള പ്രഭാഷണ പരമ്പര കാതോർത്താൽ ഇന്നുമെനിക്കുകേൾക്കാം. രാമായണവും മഹാഭാരതവും നിത്യപാരായണങ്ങളിൽ പെടാത്ത മുസ്ലിം തറവാട്ടിൽ ജനിച്ച ഈയുള്ളവൻ, പുസ്തക രൂപത്തിൽ വായിച്ചറിയുന്നതിനും ഏറെമുമ്പ് ശ്രീകൃഷ്ണ ഭഗവാനും രാമലക്ഷ്മണന്മാരും സീതാദേവിയും ഭീമനും ഭീഷ്മ പിതാമഹനുമെല്ലാം മനസ്സിൽ ആലേഖനം ചെയ്യപ്പെട്ടത് ആ പ്രഭാഷണ തുടർചയിലാണ്.. ആ ശബ്ദ ധോരണിയിൽ മഹാഭാരത യുദ്ധം നേർക്കാഴ്ചയായി. ആനയും തേരും ആർപ്പുവിളികളും അട്ടഹാസങ്ങളും ദീനരോധനങ്ങളും കർണ്ണപുടങ്ങളിൽ കേൾക്കായി .
ഇ ത്രമേൽ സമർപ്പിതമായ അധ്യാപനത്തിന് അർഹിക്കുന്ന ഔദ്യോഗിക അംഗീകാരങ്ങൾ ലഭിക്കാതെ പോയി എന്നത് മറ്റൊരു വൈപരീത്യം . സർവ്വാത്മനാ ഞാൻ ഏതവാർഡിനും പരമ യോഗ്യനെന്ന് സന്തം കൈപ്പടയിലെഴുതി ബോധിപ്പിക്കാൻ മന:സാക്ഷി വിസമ്മതിച്ചതിനാലോയെന്തോ അവാർഡുകളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. (സ്വയംപൂജിതനാവാൻ നിർബന്ധിക്കുന്ന സർക്കാറുത്തരവോർത്ത് നമുക്ക് ലജ്ജിക്കുക) ഏതൊരംഗീകാരത്തേക്കാളും ഔന്നത്യ മാർന്നതാണ് ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെ ആത്മാവുകളിൽ ആ സ്മരണകളെ പ്രതിഷ്ടിച്ചു നിത്യപൂജകളർപ്പിക്കുന്ന ശീകോവിലുകൾ .
പത്തു രൂപ കൊടുത്താൽ തറവാടു വീടുകൾ തോറും കയറിയിറങ്ങി പുരാണ കഥകൾ നാടകങ്ങളായി അവതരിപ്പിച്ചിരുന്ന നാടോടി കളിൽ നിന്നാവാം കരുണാകരൻ എന്ന ബാലനിൽ നാടകത്തിന്റെ കുഞ്ഞു വിത്തു വീണു മുളച്ചത്. സൂൾ വിദ്യാഭ്യാസ കാലത്തു തന്നെ അക്കാലത്തെ അഭിനേക്കാക്കളായിരുന്ന പുത്തൻവീട് കൃഷ്ണൻ നമ്പ്യാർ മാസ്റ്ററെ പോലുള്ള വരുടെ അഭിനയകലയിലെ ശിക്ഷണം കരുണാകര മാസ്റ്റർക്ക് ലഭിചിരുന്നു. തുടർന്ന് തലശ്ശേരിയിൽ പാലക്കാട്ടെ അധ്യാപന പരിശീലന കാലം കലാരംഗത്തേക്കുള്ള അരങ്ങേറ്റത്തിനു നിമിത്തമായി എന്നു പറയാം. പിൽക്കാലത്ത് കേരളത്തിലെ ആധുനികകാല നാടകാചാര്യന്മാരായിരുന്ന ജി.ശങ്കരപ്പിള്ളയുടെയും സി.എൻ.ശ്രീകണ്ഠൻ നായരുടെയും നാടകക്കളരികളിലെ ശിക്ഷണം ലക്ഷണമൊത്ത ഒരു നടനിലേക്കുള്ള ചുവടുവെപ്പിനു നിമിത്തമായി.
1962 മുതലാണ് റേഡിയോ പ്രക്ഷേപണ നാടകങ്ങളിൽ ശബ്ദ സാന്നിദ്ധ്യമായിAKN പ്രത്യക്ഷനായത്. അക്കാലത്ത് പ്രക്ഷേപണം ചെയ്ത “എല്ലാം ദൈവത്തിനുവേണ്ടി ” എന്ന നാടകത്തിലെ ” ഇബ്രാഹിമിനു അദ്ഹം ” എന്ന കഥാപാത്രത്തിന്റെ റോളിലായിരുന്നു ആദ്യ റേഡിയോ നാടക അരങ്ങേറ്റം. പിന്നീട് ഇരുനൂറിലേറെ നാടകളിൽ തന്റെ അനുഗ്രഹീത ശബ്ദ സാന്നിദ്ധ്യമുണ്ടായി. 2017 സെപ്തംബർ വരെ അഞ്ചരപ്പതിറ്റാണ്ടു നീണ്ടുനിന്നു ആ ശബ്ദഘോഷം.
അടിയന്തരാവസ്ഥക്കു ശേഷം ജയിൽ മോചിതരായ തീവ്ര ഇടതുപക്ഷ വീക്ഷണമുള്ള കെ.വേണു കെ.എൻ രാമചന്ദ്രൻ ടി എൻ ജോയി തുടങ്ങിയവരുടെ നേതൃത്വത്തിൽ ബുദ്ധിജീവികളുടെയും എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ കൂട്ടായ്മയുടെയും ഫലമായി രൂപപ്പെട്ടു വന്ന ജനകീയ സാംസ്കാരിക വേദി അടിത്തറയിലെ രാഷ്ടീയ പ്രയോഗത്തിന് ഉപരിതലത്തിൽ ഒരു സാംസ്കാരിക പശ്ചാത്തലമൊരുക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ തെരുവു നാടകങ്ങളുൾപ്പെടെ ചില നാടക പരിശ്രമങ്ങൾ നടത്തുകയുണ്ടായി. പ്രാരംഭംപ്രധാനമായും വയനാട്ടിലെ മീനങ്ങാടികേന്ദ്രീ കരിച്ചായി രുന്നു അന്നത് നടന്നിരുന്നത്.
സിവിക് ചന്ദ്രൻ,മധുമാസ്റ്റർ, ഇലക്കാട് മുരളിധരൻ തോമസ് അമ്പലവയൽ തുടങ്ങിയവരുടെ മുൻ കൈയ്യിൽ “അക്ഷൗഹിണി ” എന്ന നാടകമായിരുന്നു. പരമ്പരയിൽ ആദ്യത്തേത്. കൃത്യമായ സായുധ കലാപരാഷ്ട്രീയം അന്തർദ്ധാരയായ പ്രമേയം. അതു കഴിഞ്ഞ് “പടയണി ” എന്ന നാടകമായിരുന്ന രണ്ടാമത് അരങ്ങിലെത്തിയത്. കുറെക്കൂടി വ്യക്തതയോടെ വിപ്ലവരാഷ്ട്രീയം തുറന്നുപറയുന്നതും ഉപരിഘടനയിൽ പുരാണേതിഹാസ ഛായയിൽ പരിചരിക്കപ്പെട്ട കഥാപാ ത്രസ്വഭാവമാർന്നതും, ചെറിയ മട്ടിൽ പ്രഫഷണൽ ചേരുവകൾ അടങ്ങിയതുമായിരുന്നു “പടയണി “.
ഈ നാടകത്തിൽ “ദേവാനാം പ്രിയൻ ” എന്ന പ്രധാന കഥാപാത്രത്തെ അതി ഗംഭീരമായി സ്റ്റേജിലവതരിപ്പിച്ചത് കരുണാകരൻ ചെറുകരയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ സ്റ്റേജുകളിൽ പടയണി അരങ്ങേറി. ഒടുവിൽ തിരുവനന്തപുരത്തു നടന്ന സമസ്ത കേരളാ സാഹിത്യ പരിഷത്ത് നാടകോത്സവത്തിൽ ഈ നാടകം പ്രദർശിപ്പിക്കുകയും ഔദ്യോഗിക എൻഡ്രി അല്ലാതിരുന്നിട്ടു കൂടി പ്രേഷകരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തൂ ഈ നാടകം
.കോഴിക്കോട് രണചേതനക്കു വേണ്ടി മധു മാസ്റ്റർ സംവിധാനം ചെയ്തവദരിപ്പിച്ച മാക്‌സിംഗോർക്കിയുടെ “അമ്മ” എന്ന നോവലിന്റെ നാടകാവിഷ്ക്കാരത്തിലും നടനെന്ന നിലയിൽ രംഗത്തുണ്ടായിരുന്നില്ലെങ്കിലുംഅണിയറിയിൽ സാങ്കേതിക സഹകരണങ്ങളുമായി എ.കെ.എൻ സജ്ജീവമായുണ്ടായിരുന്നു.
ഇവിടെയും ശ്രദ്ധേയമായ വസ്തുത സാംസ്കാരിക വേദിയോ പ്രസ്തുത നാടകങ്ങളോ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിൽ AKNപങ്കാളിയോ തല്പരനോ ആയിരുന്നില്ലെന്നതാണ് .അദ്ദേഹത്തിന്റെ ആഭിമുഖ്യവും പ്രതിബദ്ധതയും നാടകത്തോടു മാത്രമായിരുന്നു .
രാഷ്ടീയ വീക്ഷണങ്ങൾ മറന്നും ചില പ്രതിസന്ധി ഘട്ടങ്ങളിൽAKN അപകടകരമായ സാഹസങ്ങൾക്ക് മുതിർന്ന സംഭവങ്ങളും ഈ ലേഖകൻ ഓർക്കുന്നു. എൺപതുകളിൽ കായണ്ണയും കേണിച്ചിറയുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന ശ്രീ:കുന്നേൽക്കൃഷ്ണനെന്നസഖാവിനെ സ്വന്തം വീട്ടിൽ സാഹസികമായി ഒളിവിൽ താമസിപ്പിക്കാൻ ഇദ്ദേഹം സന്നദ്ധനായി എന്നതാണ്.
എൺപത്തിമൂന്നാം വയസ്സിൽ ചെറുകരയിലെ “ശ്രീനിലയ”ത്തിൽ ഭാര്യ പത്മാവതിയമ്മക്കും ഇളയ മകൾഭാവനക്കുമൊപ്പം വിശ്രമ ജീവിതത്തിലാണ് കരുണാകരന്മാസ്റ്റർ. മൂത്ത മകൾ ശീലത സുരേഷ്.
പടയണിയിലെ ദേവാനാം പ്രിയനെന്ന കഥാപാത്രത്തിന്റെ കണ്ണിലെ തിളക്കവും പ്രകാശവും ഇന്നു മീ കണ്ണിലുണ്ട്.
കാത്തിരിക്കയാണയാൾ ഇന്നലെയുടെ കഥ പറയാൻ കാലമേൽപ്പിച്ച കാഥികനെപ്പോലെ…

Leave a Reply

Your email address will not be published. Required fields are marked *