ഒരൊറ്റ ഋതുവിലേക്ക്..

Poems

കോർത്തുകെട്ടിയ കാഴ്ചയിൽ
ഒരായുസ്സിനെ വെട്ടിച്ചുരുക്കി
ഒരൊറ്റ ചുംബനത്തിന്റെ
ദൈർഘ്യത്തിലേക്ക് ഒതുക്കിയത്..
മറുവാക്കിനൊരിടം പോലും
കൊടുക്കാതെ നീ
തിരമാലപോലുയർന്ന്
ഏതോ നീർച്ചുഴിയിലകപ്പെട്ടത്..
ഋതുഭേദങ്ങളൊന്നുമില്ലാതെ
ഒറ്റ കാരണത്തിൽ
ഒരൊറ്റ ഋതുവിലേക്ക്
നിന്നെ ഒളിച്ചു കടത്തിയത് …

ഞരമ്പും നാഡിയും
ഒരു മിടിപ്പിലേയ്ക്ക്
ശ്രദ്ധിച്ചിരിക്കുന്ന കാലത്ത്
അവളുടെ അടിവയറ്റിലേയ്ക്ക്
ചുംബനങ്ങള്‍ വിരിയിക്കുന്ന
ഒരു പൂവ് സമ്മാനിച്ചത്…
ഓരോ ചലനങ്ങളിലും
ശലഭങ്ങളുടെ ചിറകടിയിലും
ഇതളുകള്‍ വേരുകളായി
പൊക്കിളിലൂഞ്ഞാലാടി
ഇടയ്ക്കിടെ ഒരു കാറ്റ്
വയറ്റില്‍ തലോടിപ്പോവുന്നത്..

നിന്റെ മടിയിൽ കിടന്ന്
അതിന്റെ നിലാവിന്റെ
നിഴൽചോട്ടിലേക്ക്
ഞാനൊരു പാലമിട്ടത്..
അളന്നു മുറിച്ചതിനവസാനം
കടഞ്ഞെടുത്ത ഒരു പേര്
ഒരായിരം തവണ
വിളിച്ചു നോക്കിയതിൽ
ഏതെങ്കിലും ഒരു മറുമുഴക്കം
തിരികെ തൊടുന്നുണ്ടോയെന്ന്
ഉള്ളനക്കങ്ങളിലേയ്ക്ക്
നിനക്ക് മാത്രം
കേള്‍ക്കാവുന്നയാ
‘കൂടെയുണ്ടെന്ന’ മന്ത്രം
ഒന്നിനുള്ളിൽ മറ്റൊരു മിടിപ്പായ്
കാതുചേര്‍ത്തു ഞാൻ കേട്ടത്..

പത്തുമാസ യാത്രയിലെ
എന്റെ മനസിലെ രണ്ടും
നിന്റെ വയറ്റിലെ ഒന്നും
മൂന്നായി പിളര്‍ന്നതിലൊന്ന്
വേറൊരു നമ്മളായതും,
അടര്‍ന്നുവീണൊരു നോവ്
സ്ത്രീയില്‍ നിന്നും നീ
ഒരമ്മയുടെ വേദനയിലേയ്ക്കും
ഞാൻ അച്ഛനിലേക്കും
ആരോഹണം ചെയ്യപ്പെട്ടത്..

ജീവന്റെയാ വേര്
അറ്റുപോയ പൊക്കിള്‍ക്കൊടി
ഇമചിമ്മാത്ത കണ്ണുകളുടെ
ചൂട് ചേര്‍ത്തുവച്ചത് ..

പീയെസ് മുഹമ്മദലി

Leave a Reply

Your email address will not be published. Required fields are marked *