തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിൽ കണ്ണുവെച്ച് എ.സി അടക്കം ദീർഘദൂര സർവിസുകളിൽ നിരക്ക് കൂട്ടി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ യാത്രക്കാരുടെ വർധന പരിഗണിച്ചാണ് തിരക്ക് കൂടുമ്പോൾ നിരക്കും കൂടുന്ന ‘ഫ്ലക്സി’ സംവിധാനം ഏർപ്പെടുത്തിയത്.
കെ.എസ്.ആർ.ടി.സിയുടെയും സ്വിഫ്റ്റിന്റെയും കീഴിലെ ദീർഘദൂര സർവിസുകൾക്കാണ് വർധന ബാധകമാവുക. സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ ചാർജിൽനിന്ന് ആശ്വാസം പ്രതീക്ഷിച്ച് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ കാത്തിരുന്നവർക്കാണ് പുതിയ തീരുമാനം പ്രഹരമാവുക. നിലവിലെ സർവിസുകൾ, ഉത്സവ സീസണിലെ അധിക സർവിസുകൾ എന്നിക്കെല്ലാം ഫ്ലക്സി നിരക്ക് ബാധകമാക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകൾക്ക് ഇപ്പോൾ നൽകുന്ന 30 ശതമാനം നിരക്കിളവ് ഉണ്ടാകില്ല.
.പ്രത്യേക സർവിസുകളായി നടത്തുന്ന എ.സി ബസുകളിലെ മാന്വൽ ടിക്കറ്റിന് 20 ശതമാനം വർധനയാണുണ്ടാവുക. ഓൺലൈൻ ടിക്കറ്റുകൾക്ക് 30 ശതമാനം നിരക്കിളവില്ലെന്ന് മാത്രമല്ല, 10 ശതമാനം അധികനിരക്കുമുണ്ടാകും. എക്സ്പ്രസ്-ഡീലക്സ് മാന്വൽ ടിക്കറ്റുകൾക്ക് 20 ശതമാനം അധിക ചാർജ് നൽകണം. ഓൺലൈൻ ടിക്കറ്റുകൾക്ക് 10 ശതമാനവും.
എ.സി സർവിസ് മാന്വൽ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ 10 ശതമാനം വർധനയാണ് വരുത്തിയത്. ഓൺലൈൻ ടിക്കറ്റുകൾക്ക് 30 ശതമാനം നിരക്കിളവ് ഒഴിവാക്കി. എക്സ്പ്രസ്-ഡീലക്സ് ബസുകളിലെ മാന്വൽ ടിക്കറ്റുകൾക്ക് 15 ശതമാനം വർധനയുണ്ടാകും. ഓൺലൈൻ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനം അധിക നിരക്കും.