വായന ഒരു ദിനം മാത്രമായോ..

Reviews Wayanad

*ഒരു വായനാദിനം കൂടി എത്തിയിരിക്കുന്നു…*

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. 1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.
മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.

വായന ഒരു ദിനം മാത്രമായി നിർത്താവുന്നതാണോ എന്നാണെന്റെ സംശയം.. അതൊരു തുടർപ്രക്രിയയായി പോകേണ്ടതല്ലേ…എന്നും ഓരോ ദിനമായിട്ടുണ്ടിപ്പോൾ…എങ്കിലും വായനാദിനം ഏറെ പ്രാധാന്യമർഹിക്കുന്നു
എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു…
പുസ്തകത്തിന്റെ താളുകളിലേക്ക് നമുക്ക് ഒന്ന് ശ്രദ്ധ തിരിച്ചു പിടിക്കാനായാൽ , അതിന്റെ ഗുണം തീർച്ചയായും ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം..
അതിന് സമയം കണ്ടെത്താൻ നമുക്കാകണം…കഥയാകട്ടെ , കവിതയാകട്ടെ , നോവലാകട്ടെ ,
കാർട്ടൂണാകട്ടെ അതിലെല്ലാം അന്തർലീനമായ ഒരു സാരാശം ഉണ്ടായിരിക്കും…അതുൾക്കൊള്ളാനായാൽനമ്മുടെ ജീവിതം ഒരുപാട് ശുദ്ധീകരിക്കപ്പെടുമെന്നത് തീർച്ച…
അതുകൊണ്ടു തന്നെ വായനാശീലം വളർത്തിയെടുക്കേണ്ടത് പരമപ്രധാനം…
പണ്ടത്തെ തലമുറക്കിത് പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല.. അന്ന് വിനോദോപാധികൾ ഏറെയൊന്നുമില്ലല്ലോ…ശേഷിക്കുന്ന സമയം സ്വാഭാവികമായും വായന കൈക്കലാക്കും…ഇന്നങ്ങിനെയല്ല മൊബൈലും ഇന്റർനെറ്റും എല്ലാം
മനുഷ്യരെ..കുട്ടികളെ ..പലപ്പോഴും വികലമായ സരണികളിലേക്ക് നയിക്കുന്നതും , ആയതിന്റെ തിക്തമായ അനന്തരഫലങ്ങൾ കുടുംബത്തെ വേട്ട
യാടുന്ന ദാരുണമായ പ്രതിസന്ധികൾക്കുമാണിന്ന്
സമൂഹം സാക്ഷ്യം വഹിക്കുന്നത്…
ഒരു നീരാളിപ്പിടുത്തം പോലെ യുവതലമുറയേയും കുട്ടികളേയും അത് പിടി കൂടുന്നു…അതിനോടടിമപ്പട്ട അവർക്ക് പലപ്പോഴും ഒരു മോചനം സാദ്ധ്യമല്ലാതാവുന്നു… ഈ ഒരു പതനത്തിലേക്ക് സമൂഹം വ്യതിചലിച്ചതി
നുള്ള ഒരു പ്രധാന കാരണം വായനയോടുള്ള മനുഷ്യന്റെ അഭിനിവേശം കുറഞ്ഞതായിരിക്കാം…പേരുപെറ്റ മലയാള സാഹിത്യത്തിലെ കൃതികളിലൂടെ ഒന്നോടിക്കളിക്കാൻ ഏതൊരു മനസ്സും തയ്യാറായാൽ..അനന്തസുന്ദരമായ ഒരു വിഹായസ്സിലേക്കല്ലേ അവൻ എത്തിച്ചേരുക…എത്ര ഉന്നതമായ സൗഭാഗ്യം…സ്വപ്നസുന്ദരമായ എത്രയെത്ര കൃതികൾ സാഹിത്യസൃഷ്ടികൾ ഈ മലയാള ഭാഷയിൽ…ഏതു ഭാഷയേയും സ്നേഹിക്കാം…ലോകമാകെ പരന്നുകിടക്കുന്ന ഇംഗ്ളീഷ് സാഹിത്യം
ഒരു സ്വർണ്ണഖനി തന്നെയല്ലേ
മഹാൻമാരുടെ ആത്മകഥാകഥനങ്ങൾ ഏതൊരു തകർന്നടിഞ്ഞവനേയും ഉത്തേജിപ്പിക്കില്ലേ..ഉയിർത്തെഴുന്നേൽപ്പിക്കില്ലേ..പ്രചോദനമാവില്ലേ..

ദിവസവും ഇത്തിരി നേരമെങ്കിലും ആരായാലും പുസ്തകത്താളുകളുടെ തണലിൽ ഇരിക്കാൻ സാധിച്ചാൽ ആ മനസ്സ് ബോധിവൃക്ഷം പോലെ, സ്വഛന്ദമായ ശാന്തതയും ജ്ഞാനവും പക്വതയും പ്രദാനം ചെയ്യുന്ന ഒന്നായി മാറും..തീർച്ച…

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുസ്തകങ്ങള്‍ക്ക് പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയും. പുസ്തക വായനയുടെ സുഖം ‘ഇ-വായന’ക്കുണ്ടാകുന്നില്ല എന്നതു കൊണ്ട് അധികനേരം വായിക്കാന്‍ പലരും തുനിയുന്നില്ല. സമയത്തെ പഴി പറയാറുണ്ടെങ്കിലും, പുസ്തകാനുഭവം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. 
സാമൂഹ്യ പ്രതിബദ്ധതയുളള സമൂഹത്തെ രൂപപ്പെടുത്തുന്നതിന് വായനക്ക് മികച്ച പങ്കു വഹിക്കാന്‍ കഴിയും .വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്.

വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ നാം തയ്യാറാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു

വിവേക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *