തീരാനോവായി അവർ ഒന്നിച്ചുമടങ്ങി; കണ്ണീരോടെ നാട് വിട ചൊല്ലി; കരിമ്പയിലെ നാലു സഹപാഠികള്‍ക്ക് നിത്യനിദ്ര

General

പാലക്കാട്: ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍ നാലു വിദ്യാര്‍ത്ഥിനികളുടേയും മൃതദേഹം എത്തിച്ചത്. മയ്യത്ത് നമസ്‌കാരത്തിനുശേഷം അടുത്തടുത്തായി തയ്യാറാക്കിയ ഖബറില്‍ നാലുപേരെയും സംസ്‌കരിച്ചു.

പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വീടുകളിലും കരിമ്പനയ്ക്കല്‍ ഹാളിലുമെത്തിച്ച കരിമ്പ വാഹനാപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം രാവിലെ മുതല്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.

കുട്ടികളുടെ മൃതദേഹം വീടുകളിലും കരിമ്പനയ്ക്കല്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, വീട്ടുകാരും ബന്ധുക്കളും സഹപാഠികളും പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *