ഓണം അവധിക്കാണ് മാനന്തവാടി മാരുതി തിയേറ്ററിൽ എത്തി സുഹൃത്ത് ഡാനിക്കൊപ്പം കിഷ്കിന്ധാകാണ്ഡം എന്ന സിനിമ കണ്ടത്.
നിന്ന നില്‍പ്പില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിച്ച വിജയരാഘവന്‍, അതേ സ്‌കെയിലില്‍ പകരം നല്‍കി ആസിഫലിയും അപര്‍ണ ബാലമുരളിയും. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും രൂപത്തിലും ജഗദീഷ്, ഇവരോടൊപ്പം അശോകനുമുണ്ട്. കിഷ്‌കിന്ധാകാണ്ഡം പേരുപോലെ അത്ഭുതപ്പെടുത്തും സിനിമയാണ് .
കക്ഷി അമ്മിണിപ്പിള്ളയെന്ന പേരുകൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്തമായ ആദ്യ സിനിമ പോലെ വീണ്ടും വിസ്മയിപ്പിക്കുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍. കൂടെ എഴുത്തുകാരനും ക്യാമറാമാനുമായി ബാഹുല്‍ രമേഷും.
ശ്വാസം പിടിച്ചിരുന്നു പോകുന്ന രണ്ടാം പകുതി അവസാനിച്ച് ടൈറ്റില്‍ തെളിയുമ്പോള്‍ കാഴ്ചക്കാരന്‍ അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കില്‍ അത് മേക്കിംഗിന്റെ മികവാണ്. ദീര്‍ഘനിശ്വാസമോ ആശ്വാസമോ പ്രകടിപ്പിച്ചല്ലാതെ ഒരു പ്രേക്ഷകനും തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങില്ല
രാമായണത്തിലെ കിഷ്‌കിന്ധയുമായി സിനിമയ്ക്കുള്ള ആകെ ബന്ധം കുറച്ചു കുരങ്ങന്മാരുണ്ടെന്നതാണ്. മനുഷ്യരെ പോലെ ഈ കുരങ്ങുകളും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.
പ്രമേയം കൊണ്ടും ആഖ്യാനംകൊണ്ടും കാഴ്ചപ്പാടുകൊണ്ടും നിര്‍മാണ രീതികൊണ്ടുമെല്ലാം അത്ഭുതപ്പെടുത്തുകയും ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന മലയാള സിനിമയ്ക്ക് ഒരു സംഭാവന കൂടി നല്‍കുകയാണ് കിഷ്‌കിന്ധാകാണ്ഡം. ലെവല്‍ ക്രോസും അഡിയോസ് അമിഗോയും കടന്ന് തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മനോഹരമായ കഥാപാത്രത്തെ കൂടി ആസിഫലി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. അയാള്‍ തന്റെ കഥാപാത്രങ്ങളിലൂടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുകയാണ്.
തനിക്കു തന്നെ പിടികിട്ടാത്ത വിജയരാഘവന്‍ കഥാപാത്രം അപ്പുപ്പിള്ളയെ പോലെ സിനിമയും ആദ്യഘട്ടത്തിലൊന്നും പ്രേക്ഷകര്‍ക്ക് ഒരുപിടിയും കൊടുക്കുന്നില്ല. പതിഞ്ഞ താളത്തിലാണെങ്കിലും ‘കിഷ്‌കിന്ധ’യിലൂടെ പ്രേക്ഷകരെ കൂടെക്കൊണ്ടുപോവുന്നുണ്ട്. പ്രേക്ഷകര്‍ക്കെന്ന പോലെ കഥാപാത്രങ്ങള്‍ക്കും നടക്കുന്നതെന്താണെന്ന് അറിയുന്നില്ലെന്ന് തോന്നും.
പട്ടാളത്തില്‍ നിന്നും വിരമിച്ചെത്തിയ അച്ഛനും അയാളുടെ മക്കളില്‍ രണ്ടാമന്‍ അജയചന്ദ്രനുമുള്ള വീട്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന അപര്‍ണ ബാലമുരളിയുടെ അപര്‍ണയെന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചുറ്റും മരങ്ങളുമായി വലിയ പറമ്പില്‍ ഒറ്റക്കു നില്‍ക്കുന്ന ആ വീട്ടിന്റെ അതിരിനപ്പുറം റിസര്‍വ് ഫോറസ്റ്റാണ്. അപ്പുപിള്ളയുടെ മകന്‍ വനം വകുപ്പില്‍ ജീവനക്കാരനാണ്. അപ്പുപിള്ളയുടെ കടുംപിടുത്തവും സ്വഭാവവുമാണ് മൂത്തമകനെ അയാളില്‍ നിന്ന് അകറ്റിയത്. എങ്കിലും ചേട്ടനും അനിയനും നല്ല ബന്ധമാണ്, അപര്‍ണയെത്തിയപ്പോള്‍ അവളും ഭര്‍തൃ സഹോദരനോട് മികച്ച ബന്ധം സൂക്ഷിക്കുന്നു.
കല്ല്യാണം കഴിച്ചെത്തിയ വീട്ടിലേക്ക് ‘രണ്ടാഴ്ചത്തേക്ക് ടൂറിന്’ എത്തിയതല്ലെന്ന ബോധ്യമുള്ളതിനാല്‍ അപര്‍ണ അവിടെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ മറനീക്കാന്‍ അപര്‍ണ ‘ഷെര്‍ലെക്ക് ഹോംസ്’ കളിക്കുന്നുണ്ട്. ആ കളിയിലാണ് പ്രേക്ഷകന്‍ വീണു പോകുന്നതെങ്കിലും ഇപ്പുറത്ത് വേറെ കളികള്‍ കാഴ്ചക്കാര്‍ക്കായി എഴുത്തുകാരനും സംവിധായകനും ഒരുക്കിവെച്ചിട്ടുണ്ട്.
പരിസരങ്ങളേയും അവിടുത്തെ ജീവിതങ്ങളേയും ചുറ്റി, മരങ്ങളിലെ താമസക്കാരായ കുരങ്ങന്മാരെ പോലെ സിനിമയും ഒരു കൊമ്പില്‍ നിന്ന് അടുത്ത കൊമ്പിലേക്ക് ചാടുന്നു.
ഓര്‍മയ്ക്കും മറവിക്കുമിടയിലെ റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ വേഷത്തില്‍ വിജയരാഘവന്‍ നടത്തുന്ന പ്രകടനം സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്. തനിക്കാവശ്യമുള്ളത് ഓര്‍ക്കാനും വേണ്ടാത്തത് മറക്കാനുമുള്ള സൗകര്യത്തില്‍ അയാള്‍ ജീവിച്ചു പോകുമ്പോള്‍ അനുസരണയുള്ള മകനായി ആസിഫലിയും പ്രേക്ഷക ഹൃദയം കീഴടക്കും. അജയചന്ദ്രന്റെ ഉള്ളിലുള്ള വിങ്ങലുകള്‍ മുഴുവന്‍ ആസിഫലി തന്റെ മുഖത്ത് വരച്ചു ചേര്‍ത്തിട്ടുണ്ട്, എല്ലാ സമയത്തും!
ബോംബുണ്ടാക്കവെ പൊട്ടിത്തെറിച്ച് കൈകള്‍ക്ക് പരുക്കേറ്റ വനം വകുപ്പ് വാച്ചറായി (കള്ളവാറ്റുകാരനും) ജഗദീഷ് വളരെ വ്യത്യസ്തമായ വേഷമാണ് കിഷ്‌കിന്ധാകാണ്ഡത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അയാളൊരു പഴയ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ കൂടിയാണ്.
സിനിമ സഞ്ചരിക്കുന്ന വഴികള്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായിരിക്കണമെന്നില്ല. എന്നാല്‍ തപ്പിത്തടയാതെ ദിന്‍ജിത്തിനും ബാഹുല്‍ രമേഷിനുമൊപ്പം വിജയരാഘവന്റേയും ആസിഫലിയുടേയും അപര്‍ണയുടേയും കൂടെ പ്രേക്ഷകരും സഞ്ചരിക്കും. തിരുനെല്ലിയിലാണ് തങ്ങളുള്ളതെന്ന് പ്രേക്ഷകനും കരുതും.
സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് മുജീബ് മജീദിന്റെ സംഗീതം. എഡിറ്റര്‍ സൂരജ് ഇ എസിന് ദൃശ്യങ്ങളെ ചേര്‍ത്തുവെച്ച് കാഴ്ചക്കാരനെ അനുഭവിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. തിരക്കഥാ രചയിതാവാണ് ക്യാമറാമാനെന്നത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തങ്ങളുടെ മനസ്സിലുള്ള കാഴ്ചകള്‍ ക്യാമറാമാനും സംവിധായകനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കുന്നത് ഈ കാരണംകൊണ്ടു കൂടിയാണ്.
ഈ സിനിമയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്- ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാടോടിപ്പാട്ടിനെ കഥാപാത്രങ്ങളുടെ മുന്‍കാല ജീവിത പരിസരങ്ങളുമായി മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്നു. വരികളോ അര്‍ഥമോ മനസ്സിലാകില്ലെങ്കിലും ദൂരെ കേള്‍ക്കുന്ന ഈ പാട്ട് ആസ്വദിക്കാന്‍ മലയാളിക്കും സാധിക്കും.