പള്ളിക്കൂടത്തിന്റെയോർമ്മകൾ
………………………………………………
ഓർമ്മതൻമിഴിചെപ്പിൽ കാത്തുവെച്ചൊരാബാല്യം,
നുറുങ്ങു കവിതകൾ
കഥകൾ ചൊല്ലീടുന്നു.
തോളത്തു സഞ്ചിയുമായി
കൂട്ടുകാരൊത്തു നമ്മൾ,
മഴയിൽകുടചൂടി
പതുക്കെ നടന്നതും.
വഴിയിൽപറന്നൊരു
തുമ്പിയെപിടിച്ചതും,
കല്ലെടുക്കാഞ്ഞിട്ടതിൻ
ചിറക് മുറിച്ചതും.
തോട്ടുവക്കത്തിൻചാരെ
കിടക്കും വയലിലെ,
വെള്ളത്തിൽ കിടന്നൊരു
തവളയെ പിടിച്ചതും,
മഴയിൽ കുതിർന്നതും
പാതകളരുവിയായ്,
ചെളിയിൽ പുതഞ്ഞതും
പുസ്തകം നനഞ്ഞതും.
പാതയോരത്തെമതിൽ-
ക്കെട്ടിലെമാവിൻമേലെ, മാങ്ങകൾപ്പഴുത്തതും
കല്ലെടുത്തെറിഞ്ഞതും,
എനിക്കും നിനക്കുമായ്
പകുത്തിട്ടെടുത്തതും.
കാലങ്ങളേറെയായി-
യോർമ്മതൻ ബാല്യകാലം,
ഓർക്കുവാൻ സുഖമുള്ള –
വസന്തംതന്നേപോയി.. ***
(സുരേഷ് കൊടുവാറ്റിൽ )