ഉന്നം പിഴയ്ക്കാത്ത ഒരു കല്ല് കഥ / അനിൽ കുറ്റിച്ചിറ

Stories

ഉന്നം പിഴയ്ക്കാത്ത ഒരു കല്ല്
കഥ / അനിൽ കുറ്റിച്ചിറ
ഇരുണ്ട ഗുഹ പോലെ തോന്നിക്കുന്ന ഈ വലിയ കെട്ടിടത്തില്‍ പേടിയുടെ നനഞ്ഞ കുപ്പായമിട്ട് ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. കട്ടിലില്‍ കിടക്കുന്ന രോഗി എന്റെ അച്ഛനാണ്. എന്റെ മാത്രമല്ല ഓണക്കൂറിലെ മറ്റു പലരുടേയും അച്ഛനാണ്. എന്നിട്ടും എനിക്കും സേതുമാധവനും മാത്രമേ അയാളെ ചുമന്ന് ഇവിടെ എത്തിക്കണമെന്ന് തോന്നിയൊള്ളൂ. അല്ലെങ്കിലും ഒരിക്കല്‍ പോലും അച്ഛാ എന്ന് വിളിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് മാത്രമായിരുന്നു പണ്ടേ അയാളെപ്പറ്റി ആധിയുണ്ടായിരുന്നത്.
എന്റെയും സേതുമാധവന്റെയും വീടുകള്‍ തമ്മില്‍ ഒരു വലിയ കൈത്തോടിന്റെ അകലമേയുള്ളൂ. എന്നിട്ടും ഞങ്ങളുടെ അമ്മമാര്‍ പരസ്പരം നേര്‍ക്കുവരികയോ ഒന്നും സംസാരിക്കുകയോ ചെയ്തിരുന്നില്ല. അച്ഛനെവിടെയെന്ന് തിരക്കുന്നതിനുള്ള തിരിച്ചറിവിനും മുമ്പേ കുട്ടിക്കാലത്ത് തീപാറുന്ന ഒരു മദ്ധ്യാഹ്നത്തില്‍ ഞങ്ങള്‍ പരസ്പരം ആ രഹസ്യം കണ്ടറിഞ്ഞു. ഊഴം കാത്ത് ബാര്‍ബര്‍ഷോപ്പിന്റെ ബഞ്ചില്‍ വലിയ കണ്ണാടിക്ക് മുമ്പിലിരിക്കുമ്പോള്‍ സേതുമാധവനാണ് ആദ്യം കണ്ടു പിടിച്ചത്
ഞങ്ങള്‍ക്ക് ഒരേ ഛായ!
ഉള്ളില്‍ കടും കെട്ടു വീഴിച്ച അത്ഭുതത്തിന് അമ്മമാര്‍ തന്ന മറുപടി, ഒരു മുട്ടന്‍ തെറി; ഞങ്ങളെ പെട്ടെന്ന് കൂട്ടുകാരാക്കി.
ബാല്യത്തില്‍ ഞങ്ങള്‍ തലതാഴ്ത്തി ഓണക്കൂറിലെ മണ്‍ വഴികളിലൂടെ നടന്നു. കവലയില്‍ കടത്തിണ്ണകളിലിരിക്കുന്നവരുടെ കുശുകുശുപ്പും അടക്കിപ്പിടിച്ച ചിരിയും ഞങ്ങളില്‍ അഴുക്കുവെള്ളം പോലെ വീണു. എന്തിനും പോന്നവനായി അവിവാഹിതനായ അയാള്‍ നെഞ്ച് വിരിച്ച് ഉറച്ച മാംസപേശി കളുമായി ഗ്രാമത്തെ മെരുക്കി നിര്‍ത്തി.
ഒളിച്ചു നിന്ന് അച്ഛനെ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നു. സേതുമാധവന്‍ കല്ല് വലിച്ചെറിഞ്ഞിട്ട് ഓടും. ഒരിക്കല്‍ അയാളുടെ മുതുകില്‍ ഒരു വലിയ അടയാളമുണ്ടാക്കുവാനും അവന് കഴിഞ്ഞു. ഉത്സവത്തിന് ഒത്തുകൂടുന്ന പെണ്ണുങ്ങള്‍ അമ്മയോട് അടക്കം പറഞ്ഞു. പല ഗര്‍ഭപാത്രങ്ങളില്‍ ഓണക്കൂറിലാകെ പിറവി കൊള്ളുന്ന അനിയന്‍മാരും അനിയത്തിമാരും ഞങ്ങളുടെ ഉറക്കത്തില്‍ വന്ന് ഉറക്കെ കരയുക പതിവാക്കി. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയുടെ ദിവസം ഇടവഴിയിലെ മഞ്ഞവെളിച്ചത്തില്‍ സേതുമാധവന്‍ പറഞ്ഞു.
”ഞാന്‍ പോവ്വാ… എനിക്കീ നാട് മടുത്തു”
”എങ്ങോട്ടാ?”
ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന്‍ നടപ്പിന് വേഗം കൂട്ടി. ഞാന്‍ പിന്നാലെ എത്തി ചോദ്യം ആവര്‍ത്തിച്ചു.
”ദൂരെ അയാളുടെ നിഴല് വീഴാത്ത ഒരു നാട്ടിലേക്ക്”
ഓണക്കൂറിലെ പിന്നീടുള്ള കാലം അയാളെക്കുറിച്ചുള്ള ആധി പങ്കിടാന്‍ ഞാന്‍ ഒറ്റക്കായി. സേതുമാധവന്‍ പോയി; എങ്ങോട്ടെന്ന് ആര്‍ക്കും അറിയില്ല.
”നിന്റെ മറ്റവന്‍ എവിടെ?”
വഴികളിലെ നിഴലുകള്‍ പോലും ചോദിച്ചു ചിരിച്ചു. ഞാന്‍ തല ഉയര്‍ത്താനാവാതെ മണ്‍തരികളെണ്ണി ഓണക്കൂറിലൂടെ നടന്നു. എന്റെ അമ്മയ്ക്ക് വയ്യാതാകുന്നതിനു മുമ്പേ ഞാന്‍ പണിക്ക് പോയിത്തുടങ്ങി. ടാറിങ്ങ്, ചിറക്കെട്ട്, മണല്‍വാരല്‍ കൂടുതല്‍ കൂലി കിട്ടുന്നവയിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും.
ഓണക്കൂറിലെ മണ്‍വഴികള്‍ മെറ്റല്‍ വിരിച്ച് ടാര്‍ ചെയ്തു. തെരുവ് വിളക്കുകള്‍ പകല്‍പോലും കത്തുന്നതിലേക്ക് കാലം പുരോഗമിച്ചു. ഇതിനിടയില്‍ അയാള്‍ ആരോഗ്യം ക്ഷയിച്ച് പലരുടേയും പരിഹാസങ്ങള്‍ ഏറ്റുവാങ്ങി കടത്തിണ്ണയിലും ആല്‍ത്തറയിലും ഒറ്റപ്പെട്ടു. അയാളുടെ വിരിഞ്ഞ നെഞ്ചും ഉറച്ച ശരീരവും ചുവന്ന കണ്ണുകളും കാലം എനിക്ക് നീട്ടിത്തന്നു. എന്നിട്ടും തല ഉയര്‍ത്താതെ മണ്‍തരികളെണ്ണിയാണ് ഞാന്‍ നടന്നത്. ആരുടേയും മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പഴയതു പോലെ അയാളെ ഇടയ്ക്കിടെ ഞാന്‍ ഒളിച്ചു നോക്കി. നരച്ച താടി മീശയും തളര്‍ന്ന് തൂങ്ങിയ ശരീരമെങ്കിലും ചുവന്ന കണ്ണുകളില്‍ ഇപ്പോഴും തക്കം പാത്തിരിക്കുന്ന വന്യമൃഗത്തിനെ ഞാന്‍ ആദരവോടെയാണ് നോക്കിക്കണ്ടത്.
അമ്മ ചൂണ്ടിക്കാട്ടിയ പെണ്ണിനെത്തന്നെ ഞാന്‍ കെട്ടി. പഠിപ്പില്ലാത്ത അവളുടെ മുന്‍വശത്തെ പല്ലുകളൊക്കെയും നിരതെറ്റി തിക്കിത്തിരക്കി നിന്നു. അവയൊക്കെ ചേര്‍ന്ന് അവളുടെ ചിരിയെ കരച്ചിലിലേക്ക് കൈപിടിച്ചു. മാറും അരക്കെട്ടും വല്ലാതെ കനത്ത് ഇരുട്ടു നിറഞ്ഞ മുറിയില്‍ എന്നെ വെല്ലു വിളിച്ചു. അവള്‍ പ്രസവിച്ചില്ല. സ്വന്തം നാട്ടിലെ ചോവന്‍മാരുടേയും ചേട്ടന്‍മാരുടെയും കരുത്തും ഭംഗിയും വര്‍ണ്ണിച്ച് അവള്‍ ഇരുട്ടില്‍ എന്നെ ശ്വാസം മുട്ടിച്ചു. ഞാന്‍ പകല്‍ മുഴുവന്‍ പണിയെടുത്ത് പണിയെടുത്ത് അമ്മയ്ക്ക് ചികിത്സയും അവള്‍ക്ക് മന്ത്രവാദവും മുറതെറ്റാതെ നടത്തി.
ഒരു മേടച്ചൂടില്‍ സേതുമാധവന്‍ തിരിച്ചു വന്നു. ഞാന്‍ പണികഴിഞ്ഞ് വരുന്ന വഴിയില്‍ അവന്‍ എന്നെ കാത്തുനിന്നു. വളര്‍ന്നിട്ടും ഞങ്ങള്‍ രൂപസാമ്യമൊന്നും കൈവിട്ടിരുന്നില്ല. പാന്റും ഷര്‍ട്ടുമിട്ട് കണ്ണാടിയില്‍ നോക്കുന്നതുപോലെ ഞാന്‍ അവനെ അത്ഭുതത്തോടെ നോക്കി.
”നിന്നെ നോക്കിത്തന്നാ ഞാന്‍ ഇത്രേം നേരം ഇവിടെ നിന്നത്” അവന്‍ എന്റെ കൈപിടിച്ചു. എന്റെ തന്നെ ശബ്ദം കേള്‍ക്കുന്നതില്‍ എനിക്ക് കൗതുകം തോന്നി. എന്റെ കണ്ണു നിറഞ്ഞു.
”നീ എപ്പോ വന്നു?”
”പുലര്‍ച്ചെ മെയിലിന്… ഞാന്‍ നിന്റെ വീട്ടില്‍ പോയി. അമ്മേം നിന്റെ പെണ്ണുമ്പിള്ളേം കണ്ടു”
”ഒവ്വോ?”
വേണ്ടാത്തതെന്തോ ചെയ്തുവെന്ന തോന്നല്‍ എന്റെ ചോദ്യത്തിലുണ്ടായിരുന്നോ എന്നൊരു സംശയം. അയാളുടെ കൂസലില്ലായ്മ സേതുമാധവനാണ് കിട്ടിയിരിക്കുന്നത്. ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.
”നീ ഇനിയെന്നാണ് മടക്കം?”
ഞാന്‍ പൊളിഞ്ഞ കലുങ്കില്‍ ഇരുന്നുകൊണ്ട് അവന്റെ കൈ പിടിച്ചു. നാട്ടുവഴി ഇരുട്ടിന് വഴിമാറുകയാണ്. മിന്നാമിനുങ്ങികള്‍ പൊങ്ങിപ്പറന്നു. അവന്‍ ദൂരെ നോക്കി പറഞ്ഞു.
”ഞാന്‍ ഇനി പോണില്ല. ഇവിടെത്തന്നെ കൂടുവാ..”
ഞാന്‍ അമ്പരപ്പോടെയാണ് കേട്ടത്. പക്ഷെ പെട്ടെന്ന് എനിക്ക് മേലാകെ തണുത്തത് പോലെ തോന്നി. അവന്‍ തലകുനിച്ച് എന്റെ മുഖത്തിന് നേരെ അടുപ്പിച്ച് ചോദിച്ചു.
”നീ അയാളെ കാണാറുണ്ടോ?” അവന്റെ ശബ്ദം കനം വെക്കുന്നു.
”കേട്ടില്ലെ, നമ്മുടെ തന്തക്കാലനെ?”
ഞാന്‍ ഒന്നു മൂളി.
”നീ നോക്കിക്കോളൂ, അയാള് പുഴുത്ത് നരകിച്ച് ഈ ഓണക്കൂറില് നടന്നു തെണ്ടും”
തിരിഞ്ഞുനിന്ന് കല്ല് വലിച്ചെറിഞ്ഞ പഴയ സേതുമാധവനെ ഞാന്‍ ഓര്‍മ്മിച്ചു. കുറെ നേരത്തേക്ക് ചീവിടുകള്‍ മാത്രം സംസാരിച്ചു. അതിനിടയ്ക്ക് അവന്‍ ഒരു സിഗരറ്റ് കൊളുത്തി വലിച്ചു. എനിക്ക് പരിചയമല്ലാത്ത ഒരു ഗന്ധം നാട്ടുവഴിയില്‍ നിറഞ്ഞു.
”മുതുകിലെ മുറിവിലേക്ക് ഉപ്പ് കോരിയിടുന്ന പോലെ ഇതുമോര്‍ത്തുകൊണ്ട് തന്നാ ഞാന്‍ അവിടേം കഴിഞ്ഞത്..” അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. വീണ്ടും ചീവീടുകള്‍ മാത്രം സംസാരിച്ചു. പിന്നെ ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.
രാത്രി ഉറക്കത്തില്‍ ഞാന്‍ അയാളുടെ തോളിലേറി വരമ്പിലൂടെ യാത്ര ചെയ്തു. അയാളുടെ വിരിഞ്ഞ നെഞ്ചിലേക്ക് തൂങ്ങുന്ന എന്റെ മെലിഞ്ഞ കാലുകളില്‍ അയാള്‍ ഒരേ താളത്തില്‍ തട്ടിക്കൊ
ണ്ടിരുന്നു. ആറാം ക്ലാസ്സുകാരന്‍ സേതുമാധവന്‍ വലിച്ചെറിഞ്ഞ കല്ല് എന്റെ കണ്ണ് തകര്‍ത്തു. ഇരുട്ടിലേക്ക് ഒച്ചവെച്ച് ഉണര്‍ന്നപ്പോള്‍ അവളുടെ താളം തെറ്റുന്ന കൂര്‍ക്കംവലി. മുറിയിലെ റാന്തലില്‍ ഇടവിട്ട് മിന്നുന്ന മിന്നാമിനുങ്ങുകള്‍.
എന്റെയും സേതുമാധവന്റെയും കൂടിക്കാഴ്ചകള്‍ ഓണക്കൂറില്‍ വീണ്ടും പതിവുകാഴ്ചയായി. കടത്തിണ്ണയില്‍ നിന്ന് ആരും അടക്കം പറഞ്ഞില്ല. ചിരിച്ചില്ല. എങ്കിലും ഞങ്ങള്‍ തല ഉയര്‍ത്താതെ നടന്നു. സംസാരിക്കുന്നതു മുഴുവനും അയാളെക്കുറിച്ചായിരിക്കുവാന്‍ സേതുമാധവന്‍ കൂടുതല്‍ ശ്രദ്ധിച്ചു.
”ഇന്നു ഞാന്‍ കണ്ടു കടത്തിണ്ണയില്‍ കൂനിക്കൂടിയിരിക്കണൂ. ശവം. ഒറ്റച്ചവിട്ടിന് കൊല്ലണം” സേതുമാധവന്‍ പല്ലിറുമ്മി.
”വയസ്സായില്ലെ ഇനി തൊഴിച്ചിട്ടും അടിച്ചിട്ടും… ചവിട്ടിയിടും…” ഞാന്‍ അറിയാതെ വീണ വാക്കുകളില്‍ തൂങ്ങി. അവന്‍ എന്റെ നേര്‍ക്ക് ചീറി.
”നിനക്കെന്താ തന്തക്കാലനോട് സഹതാപം?”
അയാള്‍ ഞങ്ങളുടെ ഉറക്കമത്രയും വീണ്ടും അപഹരിക്കുന്നു വെന്ന സേതുമാധവന്റെ നിഗമനം ശരിയാണെന്ന് എനിക്കും തോന്നി. എന്നിട്ടും സേതുമാധവനറിയാതെ ആ നരച്ച കോലത്തിനെ കവലയില്‍ പലപ്പോഴും ഞാന്‍ ഒളിച്ച് നോക്കി.
മഴക്കാലമായപ്പോള്‍ സേതുമാധവന്‍ എനിക്കായുള്ള കാത്തിരിപ്പ് വഴിയില്‍ നിന്നും എന്റെ വീട്ടിലേക്ക് മാറ്റി. അസാധാരണമായ ഒരടുപ്പം നേടിയെടുത്ത് അവന്‍ അമ്മയോടും ഭാര്യയോടും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
”നീ വന്നിട്ട് ഏറെ നേരമായോ…?”
ഞാന്‍ തിണ്ണയില്‍ കുട മടക്കിവെച്ച് ചോദിച്ചു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചു.
”ഇല്ല ഇപ്പോ വന്നിട്ടേയുള്ളൂ”
എന്റെ ഭാര്യയാണ് മറുപടി പറഞ്ഞതെന്നത് എന്നെ ഒന്ന് ഞെട്ടിച്ചു. മഴനോക്കി ചാരുകസേരയില്‍ കട്ടന്‍ കാപ്പിയും കുടിച്ചിരിക്കുമ്പോള്‍ സേതുമാധവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
”അയാള്‍ പഞ്ചായത്താപ്പീസിന്റെ തിണ്ണയിലാക്കി കിടപ്പ്” അവന്‍ വലിച്ചൂതി വിടുന്ന സിഗരറ്റു പുക മഴയിലേക്കിറങ്ങാന്‍ മടിച്ച് മുറിയില്‍ ചുറ്റിക്കറങ്ങി.”കൂട്ടിന് ഞൊണ്ടുള്ള ഒരു പിച്ചക്കാരിയു മുണ്ടെന്നാ നാട്ടാര് പറയണത്”
ഞാന്‍ ഒന്നും മിണ്ടാതെ മഴ കണ്ടിരുന്നു.
”അയാള്‍ ചത്തു കിട്ടിയിരുന്നെങ്കില്‍, സമാധാനമായിട്ട് ഉറങ്ങാമായിരുന്നു. ഈ നാട്ടിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. നാശം”
”നിനക്ക് അതൊന്നും കണ്ടില്ലാന്ന് വച്ചൂടെ?”
എന്റെ മറുപടിയിലെ ക്ഷോഭത്തിന്റെ അടക്കിവയ്പ്പ് ഞാന്‍ തിരിച്ചറിഞ്ഞു.
”എന്താ ഞാന്‍ വന്നത് നിനക്ക് പിടിച്ചില്ലെ?”
സേതുമാധവന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തത് എന്റെ ഭാര്യയാണ്.
”അല്ലെങ്കിലും ഇങ്ങോര്‍ക്ക് ആരേം പിടിക്കൂല്ല. സേത്വേട്ടന്‍ വന്നാല് എന്താ ഇവിടാര്‍ക്കും ഒരു കേടൂല്ല”
ഞാന്‍ എന്റെ ഭാര്യയെ മിഴിച്ചു നോക്കി. എനിക്ക് ഒരിക്കലും നീട്ടിത്തരാത്ത എന്തോ ഒരു ഭാവം സേതുമാധവന് അവള്‍ നല്‍കു
ന്നതു പോലെ തോന്നി.
മഴ തകര്‍ത്തു പെയ്തു. ഇടവഴികളിലും പറമ്പുകളിലും വെള്ളം നിറഞ്ഞു. പകലുകളില്‍ സേതുമാധവന്‍ എന്റെ വീട്ടില്‍ തന്നെ കൂടി. അമ്മയോടും അവളോടും അച്ഛന്റെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് രോഷം കൊണ്ടു. രാത്രി എന്നോട് ചേര്‍ന്ന് കിടന്ന് അവള്‍ ചോദിച്ചു.
”ഒരച്ഛന് പിറന്നിട്ടും നിങ്ങളെന്താ ഇങ്ങനെ?”
”എങ്ങനെ?”
”ഇത്ര തണുപ്പായിട്ട്. സേത്വേട്ടനെ നോക്ക് ”
പണ്ട് കവലയില്‍ നിന്ന് കിട്ടിയ അഴുക്കുവെള്ളത്തിന്റെ മഴ എന്നെ നനച്ചു. ജനലിലൂടെ കൊള്ളിയാന്‍ വന്നു മടങ്ങി.
ഒരു ഉച്ചയ്ക്ക് സേതുമാധവന്‍ എന്റെ പണി സ്ഥലത്തേക്ക് വന്നു. മഴ തകര്‍ത്തു പെയ്തതിനു പിന്നാലെ വെയില്‍ പരന്ന നേരമായിരുന്നു. ഞാന്‍ സിമന്റും മണലും കൂട്ടിക്കുഴച്ച് ചട്ടികളിലേക്ക് കോരി നിറച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
”ടാ.. ഒന്നുവന്നേ..”
സേതുമാധവന്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു. ചട്ടികള്‍ കാല്‍കൊണ്ട് തട്ടിനീക്കി ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
”എന്തു പറ്റി?”
”നീ വാ.. അയാള്‍ക്ക് തിരെ സുഖമില്ല”
”ഞാന്‍ ഈ പണികഴിഞ്ഞിട്ട്….”
”വരാനല്ലെ പറഞ്ഞത്”
അവന്‍ എന്റെ കൈ പിടിച്ച് വലിച്ചു. അവന്റെ കണ്ണുകള്‍ തിളക്കം നഷ്ടപ്പെട്ട് തളര്‍ന്നതായി കാണപ്പെട്ടു. ഉള്ളില്‍ സൂക്ഷിച്ച രഹസ്യം എന്റെ മുമ്പില്‍ കണ്ണീരായ് തകര്‍ന്നു വീഴുന്നതിന്റെ ഭയവും അവനില്‍ ഞാന്‍ കണ്ടു.
”അയാളെ കൊണ്ടാക്കാന്‍ ഒരു ആശുപത്രി ഞാന്‍ ശരിയാക്കിയിട്ടുണ്ട്. കുറച്ച് ദൂരെയാണ് നീയൊന്ന് കൂടെ പോണം”
ഞാന്‍ ഒന്നു ഞെട്ടി.
”ഞാനോ?”
”പിന്നല്ലാതെ; മരിക്കുന്നതു വരെ ആരെങ്കിലും കൂടെ നില്‍ക്കേണ്ടി വരില്ലെ?”
”മരിക്കുന്നതു വരെയോ?”
”ഇനി അധികനാളുണ്ടാവില്ല ഏറിയാല്‍ നാല് ദിവസം”
സേതുമാധവന്‍ എന്തെല്ലാമോ തീരുമാനിച്ചുറച്ചപോലെയാണ് മുമ്പേ നടക്കുന്നത്.
”ഞാന്‍ പോയാല്‍ അമ്മയും അവളും ഇവിടെ തനിച്ചാവില്ലേ?”
”അതിനെന്താ, ഞാനില്ലെ ഇവിടെ?”അവന്‍ പതിയെ ചിരിക്കാന്‍ ശ്രമിച്ചു.
”എങ്കില്‍ നിനക്ക് പോയാലെന്താ?” എന്റെ ശബ്ദത്തില്‍ നിന്നും സൗമ്യതയത്രയും പോയ്‌പ്പോയിരുന്നു.
”ഇവിടെ എല്ലാവരുടേയും ചോദ്യത്തിന് നിനക്ക് ഉത്തരം പറയാമോ?”
പെട്ടെന്ന് സേതുമാധവന്‍ തിരിച്ചു ചോദിച്ചു. എനിക്ക് ഉത്തരം മുട്ടി. എന്റെ പേടി ഇവന്‍ അവസരോചിതമായി ഉപയോഗിക്കുക യാണോ? ഞാന്‍ സംശയിച്ചു. പക്ഷേ അയാളെ തെരുവില്‍ പുഴുത്ത് കിടന്നു മരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. സേതുമാധവന്‍ തിരിഞ്ഞു നിന്ന് എന്റെ തോളില്‍ കൈവച്ചു.
”ഏറിയാല്‍ ഒരാഴ്ച… മരിച്ചാല്‍ നിനക്ക് മടങ്ങിപോന്നൂടെ? എല്ലാ സൗകര്യവും ഞാന്‍ അവിടെ ഒരുക്കിയിട്ടുണ്ട്.”
അവന്റെ ശബ്ദം കൂടുതല്‍ കരുത്തുണ്ടായതുപോലെ എനിക്ക് തോന്നി.
ഞാന്‍ അവനെ അനുസരിക്കുക തന്നെയാണ്.
ഒരു അമാവാസി രാത്രിയിലാണ് ഈ ആശുപത്രിയിലെത്തുന്നത്. കടവാതിലുകള്‍ നെടുകെയും കുറുകെയും പറക്കുന്ന വരാന്തയിലൂടെ നടന്ന് ഡോക്ടറും ഞങ്ങള്‍ക്കൊപ്പം കിടക്കയ്ക്കരുകില്‍ എത്തി. സേതുമാധവന്‍ അയാളോട് സംസാരിച്ചത് എനിക്കറിയാത്ത ഏതോ ഭാഷയിലായിരുന്നു. നഴ്‌സുമാര്‍ അവന്റെ ആജ്ഞ കാത്തുനിന്നു. ഈച്ച അരിക്കുന്ന മുറുവുകളില്‍ അവര്‍ മരുന്നു വെക്കുമ്പോഴേക്കും സേതുമാധവന്‍ മടങ്ങിപ്പോയി. ഇപ്പോള്‍ ഇരുപത്തിയാറ് ദിവസം കഴിഞ്ഞിരിക്കുന്നു. എന്നും രാത്രി അവന്‍ വിളിച്ച് ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് ഒരു നേഴ്‌സ് പറഞ്ഞ് ഞാനറിഞ്ഞു. അവനെന്താണ് എന്നെ വിളിക്കാത്തത്?
”നീ പേടിക്കണ്ട ഏറിയാല്‍ ഒരാഴ്ച”
സേതുമാധവന്റെ ശബ്ദം എപ്പോഴും എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
രാത്രി ഞാന്‍ മയക്കത്തില്‍ നിന്നും ഞെട്ടിയുണരുമ്പോള്‍ കഫം കുറുകുന്ന ശബ്ദം നിലച്ചിരിക്കുന്നു. മെല്ലെ എഴുന്നേറ്റ് അയാളുടെ കൈ പിടിച്ചു. അപ്രതീക്ഷിതമായി ഒരു മരവിപ്പ് എന്റെ വിരലിലൂടെ അരിച്ചു കയറുന്നു. തൊള്ളയിലെ അനക്കം നിലച്ചിരിക്കുന്നു. സന്തോഷം കൊണ്ടെനിക്ക് ശ്വാസം മുട്ടി. എന്റെ അലര്‍ച്ച കേട്ടെത്തിയ നേഴ്‌സുമാര്‍ മരണം വളരെ ഖേദത്തോടെയാണ് സ്ഥിരീകരിച്ചത് എന്നത് എന്നെ അത്ഭുതപ്പെടുത്തി.
”സേതുമാധവന് ഫോണ്‍ ചെയ്യണം”
എന്റെ വാക്കുകള്‍ അവര്‍ കേട്ടതായി ഭാവിച്ചില്ല.
മരവിച്ച അയാളെ കിടക്കവിരിയോടെ ഒരു കാവല്‍ക്കാരന്‍ സ്ട്രച്ചറിലേക്ക് വലിച്ചിട്ടു. അപ്പോള്‍ വെളുത്ത നിറമുള്ള നേഴ്‌സ് ധൃതിയില്‍ പുതിയ കിടക്കവിരി കട്ടിലില്‍ നിവര്‍ത്തി വിരിച്ചു. സ്ട്രച്ചറിലെ ശവം വരാന്തയിലേക്ക് നീങ്ങുമ്പോഴേക്ക് ഒരു നേഴ്‌സ് എന്നെ കിടക്കയിലേക്ക് തള്ളി. എന്റെ എതിര്‍പ്പുകള്‍ അവര്‍ അവഗണിച്ചു. എന്റെ പ്രതിഷേധങ്ങളെ അവര്‍ കട്ടില്‍ കാലുകളിലേക്ക് ബന്ധിച്ചു. തടിച്ച ഒരുത്തി എനിക്കായുള്ള മരുന്ന് സിറിഞ്ചിലേക്ക് വലിച്ചുകയറ്റി.
ഉച്ചത്തില്‍ കരഞ്ഞ് ഞാന്‍ കണ്ണുകളടച്ചപ്പോള്‍ തെളിഞ്ഞു വന്ന നരച്ച വെളിച്ചത്തില്‍ സേതുമാധവന്‍ എന്റെ നേര്‍ക്ക് ഒരു കല്ലുയര്‍ത്തി ഉന്നം വച്ചു.

Leave a Reply

Your email address will not be published. Required fields are marked *