വായിച്ചാലും വളരും വായിച്ചില്ലേലും വളരും. പക്ഷെ വായിച്ച് വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണി മാഷുടെ വരികളാണ്. ഇന്നത്തെ ഈ ദിവസത്തിൽ മാഷിന്റെ ഈ വരികൾ ഓർക്കാതെ നമുക്കെങ്ങനാ തുടങ്ങാൻ പറ്റുക അല്ലേ?
പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
പുസ്തകത്താളുകളെ പ്രണയിച്ചവരുടെ ദിനം, ഓരോ പേജിൽ നിന്നും കിട്ടുന്ന പുതു മണത്തെ പ്രണയിച്ചവരുടെ ദിനം, വെളുത്ത പേപ്പറുകളിൽ കോറിയിട്ട അക്ഷരങ്ങളെ പ്രണയിച്ചവരുടെ ദിനം. അച്ചടിയിൽ നിന്ന് ഡിജിറ്റലിലേക്ക് മാറിയപ്പോഴും പുസ്തക പ്രേമികളുടെ എണ്ണം കുറയുന്നില്ല എന്ന് വേണമെങ്കിൽ പറയാം.
ഡിജിറ്റലിന്റെ കടന്നു വരവോടെ പുസ്തകങ്ങൾ കുറയുന്നു വായന മരിക്കുന്നു എന്ന വിലാപമാണുയരുന്നത്. എന്നാൽ ഇന്നത്തെ ജിവസത്തിലൂടെ സാംസ്കാരികമായ നമ്മുടെ മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ഇന്ന് ലോകത്തുള്ള എഴുത്തുകാരും പ്രസാധകരും ഒന്നിക്കുകയാണ്. നമ്മളും അവർക്കൊപ്പം ചേരാം.
എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയര്, മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995 ലെ യുനെസ്കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്കോ സമ്മേളനം ആഹ്വാനം ചെയ്തു. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളത്.
“ഈ ദിനത്തിൽ ഓർക്കാം ഷേക്സ്പിയർ എന്ന ഇതിഹാസത്തെ”
ലോക സാഹിത്യ ചരിത്രം ഷേക്സ്പിയർ എന്ന പേരില്ലാതെ തീർത്തും അപൂർണമായി നില്‍ക്കുന്നിടതാണ് അദ്ദേഹത്തിന്റെ പ്രസക്തി പോലും. നാടകകൃത്തും എഴുത്തുകാരനുമായി അക്ഷരങ്ങൾ കൊണ്ട് സ്വന്തമായ ഇടം ലോക സാഹിത്യത്തിൽ ഉണ്ടാക്കിയെടുത്ത പ്രതിഭ തന്നെയായിരുന്നു വില്ല്യം ഷേക്സ്പിയർ.
ജീവിച്ചിരുന്ന കാലത്ത് അത്രയൊന്നും വിഖ്യാതനാകാൻ കഴിയാതെ, മരണശേഷം മാത്രം ലോകം അറിഞ്ഞ എഴുത്തുകാരനായിരുന്നു ഷേക്സ്പിയറും. നാടകരചനകളിലാണ് ആ പേര് ഏറ്റവുമധികം വായനാലോകം ആദരിക്കുന്നത്. നാടക ആവിഷ്കാരത്തെ രണ്ടായി തരം തിരിക്കാമെങ്കിൽ ശുഭപര്യവസായി ആയതും ദുരന്തപര്യവസായി ആയതുമായ രണ്ടുതരം വിഭാഗങ്ങൾ പ്രധാനമായി പറയാം. ഈ രണ്ടു വിഭാഗത്തിലും പെട്ട പ്രശസ്തമായ നാടകങ്ങൾ അദ്ദേഹം എഴുതി, എന്നാൽ കൂടുതലും പ്രശസ്തവും ദുരന്ത പര്യവസായി ആയ നാടകങ്ങൾ ആണെന്നുള്ളതിന് സംശയമേതുമില്ല. കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയ ഷേക്സ്പീരിയൻ നാടകങ്ങൾ ഏറ്റവും വലിയ ദുരന്ത നാടകങ്ങളായി സാഹിത്യ ലോകത്ത് കരുതപ്പെടുന്നു.
ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. നമ്മുടെ വായനശാലകള്‍ പോലുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഈ അവസത്തില്‍ എടുത്തു പറയേണ്ടതാണ്.
പുസ്തകങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ചില പ്രത്യേകതകളുണ്ട്. അവ മനുഷ്യരെ ഒരുമിപ്പിക്കുന്നു. ലോകസംസ്കാരത്തെ വ്യാപനംചെയ്യുന്നത് അവയിലൂടെയാണ്. മനുഷ്യടെ സ്വപ്നങ്ങളെ ഭാവികാലത്തിനുപകാരപ്പെടാന് പാകത്തില്‍ വിതരണം ചെയ്യുന്നത് വായനയിലൂടെയാണ്. ഗ്രന്ഥങ്ങള്‍ക്കുള്ള ഇത്തരം കഴിവുകള്‍ പുസ്തകദിനത്തില്‍ അംഗീകരിക്കപ്പെടുന്നു.
ജൂണ്‍ 19ന് ആരംഭിക്കുന്ന വായനാവാരത്തിലെ പോലെ ഗ്രന്ഥപാരായണ ശീലമുണ്ടാക്കാനുള്ള പരിപാടികളാണ് പുസ്തകദിനത്തിലുമുള്ളത്. സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന എഴുത്തുകാരെ ബഹുമാനിക്കുന്നത് ഈ ദിനാചരണത്തിന്റെ ഭാഗമായാണ്.
ഏപ്രില്‍ 23 പുസ്തകദിനമായതിനു ചില കാരണങ്ങളുണ്ട്…
സ്പെയിന്‍കാര്‍ ഏപ്രില്‍ 23 റോസാപ്പൂദിനമായി ആചരിച്ചിരുന്നു. പുസ്തകങ്ങള്‍ കൈമാറിയാണവര്‍ അന്നത്തെ ദിവസം സ്നേഹബഹുമാനങ്ങള് പകുത്തിരുന്നത്. 1616 ഏപ്രില്‍ 23ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന് മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും ഉയര്‍ന്ന സാംസ്കാരികതയുടെയും സഹിഷ്ണുതയുടെയും ലക്ഷണമാണ്.
സ്പെയിന്‍കാരുടെ പുസ്തകപ്രേമത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് യുനെസ്കോ പുസ്തകദിനാചരണത്തിന് തുടക്കമിട്ടത്. 1616 ഏപ്രില്‍ 23നാണ് ഷേക്സ്പിയര് മരിച്ചത്. മറ്റൊരു ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്നും കരുതുന്നു. അതും ഈ ദിവസത്തെ പ്രിയപ്പെട്ടതാക്കുന്നു.
വായനയ്ക്കു പുറമേ പുസ്തകങ്ങളുടെ, ലഭ്യത, പുസ്തകപ്രസാധനത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കല്‍, ലൈബ്രറികള്‍, പുസ്തകക്കടകള്‍ എന്നിവകളോട് കാണിക്കേണ്ട പരിഗണനയുടെ ആവശ്യകതയെക്കുറിച്ചും ലോക പുസ്തകദിനം നമ്മളെ ഓര്‍മിപ്പിക്കുന്നു.
വായനയെ കുറിച്ച് മഹാന്മാരുടെ വാക്കുകൾ നോക്കാം..
“സ്വര്‍ഗ്ഗം ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാന്‍ കരുതാറുണ്ട്”
-ബോര് ഹെസെ
“ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വായന പകരുന്നത്”
-സോമര്‍സെറ്റ് മോം
“വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.”
“പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.”
“എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.”
-കുഞ്ഞുണ്ണി മാഷ്
“ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും”
-എ പി ജെ അബ്ദുല്‍ കലാം
“വായനക്കാരന് മരണത്തിനു മുന്‍പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ ഒന്നും വായിക്കാത്തവന് ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു”
-ജോര്‍ജ്ജ് ആന്‍ മാര്ട്ടിന്
“വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്”
-ബെർതോൾഡ് ബ്രെഹ്ത്
“പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്”
-ക്രിസ്റ്റ്ഫർ മോർളി
“ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.”
-പ്രാങ്ക് സാപ്പ
“നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല”
“ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.”
-മാർക്ക് ട്വയ്ൻ
“ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും”
-ഫ്രാൻസിസ് ബേക്കൺ
“എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്”
-ലൂയി ബോർജ്ജേ
“പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്”
-സാമുവൽ ബട്ലർ
“നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം”
-റൊബർട്ട്സൺ ഡേവിഡ്
“ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന”
-ജോസഫ് അഡിസൺ
“ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.”
-ജോൺ ബർജർ
“അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല”
-എഡ്വേഡ് ലൈട്ടൺ
“വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.”
-ജോൺ ചീവർ
“ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന”
-എഡ്വേഡ് ഗിബൺ
ലോക പുസ്തക ദിനാശംസകൾ ….❤️
വിവേക് വയനാട്