ഹരിത എം എഴുതുന്നു…
2000 ത്തിൽ ജീവിച്ചിരുന്ന ഒരു ശരാശരി മലയാളിയുടെ പ്രണയഭാവനയെന്നത് കാമുകിയെ സദാ പിന്തുടർന്ന് ശല്യം ചെയ്ത് അവളെക്കൊണ്ട് തന്നെ സ്വീകരിപ്പിക്കുക
എന്നതായിരുന്നു (Stalking).അത് നോർമലൈസ് ചെയ്യാനും കാല്പനികവൽക്കരിക്കാനും അക്കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും തയ്യാറായിട്ടുമുണ്ട്. പിന്നീട് ഈ വികാരത്തിന് അനേകം വ്യാഖ്യാനങ്ങളും വായനകളും വന്നു പോയി.
കാലവും ടെക്നൊളജിക്കൽ കൾച്ചറും മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ സിനിമാറ്റിക് ഭാവനകൾക്കും രൂപമാറ്റം ഉണ്ടായി. ഓഫീസിലും വീട്ടിലും എന്നുതുടങ്ങി പോകുന്നിടത്തെല്ലാം പിന്തുടർന്ന് ശല്ല്യം ചെയ്യുന്ന കാമുകന്മാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി വിർച്വൽ സ്റ്റോക്കിങ് ആരംഭിച്ചു.
കലിപ്പൻ കാന്താരി മോഡ് പ്രണയങ്ങൾ പിന്നീടാണ് ജനകീയവത്കരിക്കപ്പെടുന്നത്.ആങ്കർ മാനേജ്മെന്റിൽ പരാജയപ്പെടുന്ന ആൽഫാ മെയിൽ ആയ കലിപ്പൻ കാമുകന്റെ നിഴലും അടിമയുമായി ജീവിക്കുന്ന കാന്താരി എന്ന ടോക്സിക് സമഭാവനയെ സോഷ്യൽ മീഡിയയും, അർജുൻ റെഡ്ഢി പോലെയുള്ള സിനിമകളും മാർക്കറ്റ് ചെയ്തു.
96 പോലെയുള്ള സിനിമകൾ, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആകസ്മികമായി വന്നു പെട്ട പ്രണയത്തിന്റെ അനുഭൂതിയിൽ ജീവിതം തന്നെ ഫ്രീസ് ചെയ്‌തുവെച്ചു കാത്തിരിക്കുന്ന പ്ലേറ്റോണിക്കും നിസ്സഹായരുമായ നായകന്മാരെ സമാന്തരമായി അവതരിപ്പിച്ചു. പ്രണയത്തിന്റെ ഉദാത്തഭാവം എന്ന നിലയ്ക്ക് 96 ലെ ‘റാം’ ആഘോഷിക്കപ്പെടുകയുണ്ടായി.
ഓരോ കാലത്തും ആ കാലത്തിനു ചേർന്നതോ ചേരാത്തതോ ആയ പ്രണയത്തിന്റെ ഒരു ആദര്‍ശമാതൃക ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി പ്രചരിക്കപ്പെട്ടുകൊണ്ടേയിരുന്നു.
വികലമായ വൈകാരിക പരാശ്രയത്വവും (emotional independence) ഒബ്സെഷനുമാണ് പ്രണയമെന്ന് പറഞ്ഞുവെച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ എന്ന സിനിമ കടന്നുപോകുന്നത്.
സ്‌പെക്റ്റക്യുലർ ഫിക്ഷൻ (spectacular fiction) /സൂപ്പർഹീറോ മൂവീസ് ഷാനറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയാണ് മിന്നൽ മുരളി.
മിന്നൽ മുരളി എന്ന അതിമാനുഷൻ ആ സിനിമയിൽ രണ്ടാം തരക്കാരനാണ് , ഷിബു എന്ന പ്രതിനായകന്റേതാണ് കഥ .അയാളുടെ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും വിവരണമാണ് സിനിമയുടെ കാതൽ.മനോനിലയിൽ പൊരുത്തക്കേടുകളുള്ള ഷിബുവിന്റെ പ്രണയത്തെ ആഘോഷിക്കുന്ന സമകാലീന കേരളീയ സാഹചര്യം അൽപ്പം പ്രശ്നവൽക്കരിക്കപ്പെടേണ്ട ഒന്നാണ്.
ഉഷ എന്ന കഥാപാത്രത്തോടുള്ള ഷിബുവിന്റെ പ്രണയത്തെ സിനിമ അവതരിപ്പിച്ചതിലും, അത് ആഘോഷിക്കപ്പെടുന്ന വിധവും ഭയപ്പെടുത്തുന്ന ചില വാദമുഖങ്ങളെ മുന്നിലേക്കിട്ടു തരുന്നു.
കഠിനമായ ഒബ്സെഷനിൽ നിന്ന് വരുന്ന പരാശ്രയത്വമാണ് മാനസികാവസ്ഥയിൽ പാകപ്പിഴകളുള്ള ഷിബുവിൽ പ്രണയമെന്ന വ്യാജേന നിലനിന്നു വരുന്നത്.എന്നിരിക്കിലും
പ്രണയം എന്ന ഏക ഡയമൻഷനിൽ ഷിബുവിനെ ഉൾക്കൊള്ളിക്കാൻ സിനിമ ശ്രമിച്ചിട്ടില്ല.സാംസ്കരിക്കപെടാത്ത ക്രൗര്യം സൂക്ഷ്മത്തിൽ പുതഞ്ഞു കിടക്കുന്ന അയാളുടെ വ്യക്തിഘടനയിൽ പ്രണയം പരാവർത്തനം ചെയ്യപ്പെട്ടു കിടക്കുക മാത്രമാണ് ചെയ്യുന്നത്.
ആകെയുണ്ടായിരുന്ന സുഹൃത്തിനെ കുത്തിക്കൊന്ന കാളയെ ജീവനോടെ കത്തിച്ചു കൊന്ന ഏഴുവയസുകാരനായ ഷിബുവിലെ ക്രിമിനൽ അഭിവാഞ്ജയുടെ റെഫെറൻസ് അയാളിൽ സ്വാഭാവികമായി രൂപപ്പെട്ട/നിർമ്മിക്കപ്പെട്ട വില്ലനിസത്തിന്റെ ആഴത്തെ അടയാളപ്പെടുത്തുന്നുണ്ട്.
പ്രായത്തിനൊക്കാത്ത പ്രതികാരബുദ്ധിയും അത് പ്രാവർത്തികമാക്കാൻ കണ്ടെടുക്കുന്ന മാർഗവും തുലനം ചെയ്തുകൊണ്ടാണ് അയാളുടെ വ്യക്തിജീവിതത്തെ വായിക്കേണ്ടത്.ജീവിതത്തിലുടനീളം വില്ലനിസത്തിന്റെ മൈക്രോ ഷേഡിൽ ആണ് അയാൾ ജീവിച്ചത്.അതിനെ പുറത്തുവിടുമ്പോൾ അയാൾ അനുഭവിക്കുന്ന eഎക്സ്റ്റസിയുടെ കിക്കുകൾ സിനിമയിൽ പലയിടത്തായി വീണുകിടപ്പുണ്ട്.
ഉഷയുടെ ജീവിതത്തിൽ നീണ്ട ഇരുപത്തിയെട്ട് വർഷങ്ങൾ ഷിബു ഉണ്ടായിട്ടില്ല.അതിനർത്ഥം ഇടപെടാനുള്ള സാഹചര്യങ്ങളെ അയാൾ നിരാകരിക്കുകയായിരുന്നു എന്നല്ല.അവളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കൃത്യമായൊരു സാഹചര്യം ഒത്തുവന്നപ്പോൾ അത് ഉപയോഗപ്പെടുത്തുകയും, അതിന് തടസമായി അണിനിരന്ന മുഴുവൻ ആളുകളെയും (അവർ വിഭിന്ന തരത്തിൽ ടോക്സിക്ക് ആണ് എങ്കിൽ കൂടി) നശിപ്പിച്ചുകൊണ്ടുമാണ് അയാൾ അവളുടെ ജീവിതത്തിലേയ്ക്ക് സഞ്ചരിച്ചത്.എന്നാൽ അയാളുടെ വിഷമയമായ പ്രണയത്തിന്റെ പങ്കുപറ്റാൻ യോഗമില്ലാതെ ഉഷ കൊല്ലപ്പെടുകയാണ്.കൊല്ലപ്പെടുന്നതിന് മുൻപ് തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരാൻ വേണ്ടി അയാൾ ചെയ്തുകൂട്ടിയ ക്രൈമുകളെ കുറിച്ച് ഒന്നുമറിയാതെ, അയാളുടെ പ്രണയത്തെ മാത്രം മുഖവിലയ്‌ക്കെടുത്തുകൊണ്ട് അവളയാളെ
ജീവിതത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.ഈ സന്ദർഭത്തെയാണ് സോഷ്യൽ മീഡിയയും സാംസ്കാരിക ബുദ്ധിജീവികളും ഉദാത്തമായ പ്രണയരംഗം എന്ന രീതിയിൽ ഉദ്‌ഘോഷിക്കുന്നത്.ഈ അവസരത്തെ ഒന്ന് തലതിരിച്ചിട്ടാൽ ഇതിനകത്തെ പ്രണയമെന്നു വിവക്ഷിക്കപ്പെടുന്ന വികാരത്തിന്റെ ഭീകരത വ്യക്തമാകും.
ആൾക്കൂട്ടാക്രമണത്തിന്റെ ഭാഗമായി ഉഷ കൊല്ലപ്പെട്ടിട്ടില്ല എന്ന് വിചാരിക്കുക,അയാളുമായി അവൾ ഒരുമിച്ചു ജീവിച്ചു എന്നും കരുതുക, പിന്നീടെപ്പോഴെങ്കിലും അവൾക്ക് അയാളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോരണമെന്ന് തോന്നിയാൽ അയാൾ ആ തീരുമാനത്തെ ചെറുക്കുന്നത് അവളെ കൊലപ്പെടുത്തിക്കൊണ്ടാവും.കാരണം തന്നെ തുല്യതയോടെ പരിഗണിച്ച വ്യക്തികളുടെ നഷ്ടത്തെ അയാൾ നേരിടുന്നത് അവർക്ക് കൃത്യമായ നാശനഷ്ടങ്ങൾ തിരികെ കൊടുത്തുകൊണ്ടാണ് .അവർ അയാളുടെ ജീവിതത്തിൽ ഇടപെടുകയും ശേഷം ഇറങ്ങിപ്പോരുകയും ചെയ്താൽ ഇതേ പ്രണയം/സൗഹൃദം തന്നെ അവരെ വധിക്കാനുള്ള അയാളുടെ മോറ്റീവ് ആയും മാറും.
ക്രൈമിന്റെ സ്വാഭാവികമായ ഒരുക്കപ്പെടലിലേയ്ക്ക് പ്രണയം എങ്ങനെയാണ് വഴിതെളിയിച്ചത് എന്ന കാഴ്ചയെ യുക്തിഭദ്രതയോടെ മിന്നൽ മുരളി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.
നായകനിലെ മൂല്യബോധത്തെയോ ധാർമ്മികതയെയോ ഏറ്റെടുക്കും മുൻപ് വില്ലനാൽ നിർമ്മിക്കപ്പെടുന്ന തിന്മയുടെ കുറച്ചുകൂടി സ്റ്റൈലിഷ് ആയ
പ്രതിബോധത്തിൽ മലയാളി അഭിരമിച്ചു തുടങ്ങിയിട്ട് കാലമായി.
സംരക്ഷിത കവചത്തിനുള്ളിൽ നിന്നുകൊണ്ട്/ അങ്ങനെ വിശ്വസിച്ചുകൊണ്ട് ഒരു ക്രൈം ചെയ്യാൻ ‘മോറൽ ഹിപ്പോക്രസി’യുടെ സഹായം മനുഷ്യൻ തേടാറുണ്ട്.
‘ഇന്ന ആളോടുള്ള പ്രണയത്താൽ’, ‘ഇന്ന വ്യക്തിയെ സഹായിക്കാൻ വേണ്ടി’, ‘പ്രതികാരം ഒരു മോറൽ ബാധ്യതയായി മാറുമ്പോൾ’;ഇത്തരം സാഹചര്യങ്ങളിൽ,
വ്യക്തിപരമായി ചിന്തിക്കുമ്പോൾ എത്തിക്കലാണ് എന്ന് തോന്നുന്ന ആവശ്യങ്ങളെ പൂർത്തികരിക്കാൻ വേണ്ടി ക്രൈമിൽ ഏർപ്പെട്ടാൽ അതിൽ നിന്ന് ധാർമ്മികത എന്ന ‘ബാധ്യതയെ’ ഈ ബോധ്യമുപയോഗിച്ച് തഴയാനാവും.ഇതിന്റെ പരിധിയിൽ മനുഷ്യൻ നടത്തുന്ന ആന്റിസോഷ്യൽ പ്രവർത്തനങ്ങൾ സ്വാഭാവികമായി ന്യായീകരിക്കപ്പെടും. അതുവഴി ക്രൈമിന്റെ കാഴ്ച്ചക്കാരനോ കേൾവി ക്കാരനോ ആകുന്ന മൂന്നാമന് ക്രൈമിൽ ഉൾപ്പെട്ട വ്യക്തിയോട് അനുതാപപ്പെടാൻ അബോധമായി അവസരം ലഭിക്കും.
മിന്നൽ മുരളിയിലേയ്ക്ക് വന്നാൽ ഷിബുവിന്റെ ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌മെന്റിൽ പിണഞ്ഞുകിടക്കുന്ന ഒരു നിസ്സഹായതയുണ്ട്.തന്റെ കീറിയ പേഴ്സ് കണ്ടെത്തിതരണമെന്ന് അയാൾ പോലീസിനോട് അപേക്ഷിക്കുന്നത് മുതൽ പ്രേക്ഷകൻ ഷിബുവുമായി ഒരു ഇമോഷണൽ കോൺട്രാക്റ്റിൽ ഒപ്പ് വെച്ചു തുടങ്ങുന്നു.
അവിചാരിതമായി ആ പേഴ്സ് കണ്ടെടുക്കുമ്പോൾ ആ ആഹ്ലാദത്തെ അടയാളപെടുത്താൻ അയാൾ ഉപയോഗിക്കുന്ന ബോഡി ലാംഗ്വേജിൽ ബോധപൂർവ്വമല്ലാതെ കടന്നു വന്ന, ഒരു കുട്ടിയുടേതിന് തുല്യമായ ‘നിഷ്കപടത’ യുണ്ട് എന്ന് കാണാം.ഈ ആഹ്ലാദം അയാൾ സ്വീകരിക്കുന്നതിന്റെ പകുതിയെങ്കിലും വികാരവായ്‌പോടെ അയാളിൽ നിന്ന് ഏറ്റുവാങ്ങുന്ന ആരും അയാൾക്ക് ചുറ്റുമില്ല എന്നും കാണാം.
അയാളിലേയ്ക്ക് പ്രേക്ഷകന് നിർലോഭം സഞ്ചരിക്കാനുള്ള പാലമായി ആദ്യമായി ഈ സന്ദർഭത്തെയാണ് ബേസിൽ വിഭാവനം ചെയ്തത്.
വർഷങ്ങളായി യാതൊരു പ്രതീക്ഷകളുമില്ലാതെ കാത്തിരിക്കുന്നൊരു പ്രണയത്തിന്റെ വക്താവ് കൂടിയാണ് അയാൾ എന്ന് വരുമ്പോൾ ഒരു കൊലപാതകമൊക്കെ അതിന്റെ ഭാഗമായി ഷിബു ചെയ്താലും അതത്ര സാരമാക്കാനില്ല എന്ന നോർമലൈസേഷനിൽ സിനിമ നിർബന്ധപൂർവ്വം പ്രേക്ഷകനെ എത്തിക്കുന്നു.
അവിടെ മുതലാണ് ജെയ്‌സൺ എന്ന കേന്ദ്രകഥാപാത്രത്തെ മുന്നിൽ നിർത്തി ഷിബുവിന്റെ കഥയാണ് മിന്നൽ മുരളി പറയുന്നത് എന്ന തോന്നൽ ഉണ്ടാകുന്നത്.കാരണം സൂപ്പർഹീറോ ആകാനുള്ള ജെയ്‌സണിന്റെ കാരണങ്ങൾക്ക് വില്ലനാകാനുള്ള ഷിബുവിന്റേതിനെതിനേക്കാൾ ബലക്കുറവ് കാഴ്ച്ചക്കാരന് അനുഭവപ്പെട്ടു തുടങ്ങി എന്നത് കൊണ്ട് തന്നെ.
ജെയ്‌സണിന്റെ കഥയ്ക്കും അയാളിൽ യാന്ത്രികമായി രൂപംകൊള്ളുന്ന
രക്ഷക പരിവേഷത്തിനും പ്രേക്ഷകനുമായി വൈകാരിക ബന്ധം ഉണ്ടാക്കി എടുക്കാൻ ഉപരിപ്ലവമായി മാത്രമേ സിനിമ ശ്രമിച്ചിട്ടുള്ളു.സമയമെടുത്ത് ബിൽറ്റ് ചെയ്തത് വില്ലനും പ്രേക്ഷകനും തമ്മിലുള്ള താദാത്മ്യപ്പെടലാണ്.
അപ്പോൾ മുതൽ ഷിബു ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള അബോധമായ ഒരു താല്പര്യം പ്രേക്ഷകൻ ഉണ്ടാക്കി എടുക്കുന്നു.അയാളിലെ ക്രിമിനലിലെ ഉണ്ടാക്കിയത് സമൂഹമാണല്ലോ ആ സമൂഹത്തിനോട് അയാൾ പക പോകുന്നതിൽ എന്താണ് തെറ്റ്(ഞാനും നിങ്ങളും ഉൾപ്പെടുന്ന ഒരു സാമൂഹിക ആവാസ വ്യവസ്ഥയാണ് അവിടെയും സമൂഹം) എന്ന് പ്രേക്ഷകന് സ്വമേധയാ തീർപ്പ് കൽപ്പിക്കാനുള്ള ബാക്ക്സ്റ്റോറി കൂടി ഷിബുവിന് കൊടുക്കുമ്പോൾ ഈ സർക്കിൾ പൂർത്തിയാവുന്നു.കുറച്ചുകൂടി വ്യക്തമാക്കിയാൽ അധഃകൃതനായി തുടരുന്ന ഒരാൾ അയാളുടെ സൈക്കിക്ക് ഒബ്സെഷൻ പൂർത്തിയാക്കുന്നതിന് വേണ്ടി ഒരു കൊലപാതകം നടത്തിയാലും അത് ന്യായീകരിക്കപ്പെടാം എന്ന സാമൂഹികവിരുദ്ധ ആശയത്തെയാണ് അബോധമായി സിനിമ പിന്താങ്ങുന്നത്.
ഈ ഘട്ടത്തിലാണ് ഒരു ശരാശരി മലയാളി സിനിമാസ്വാദകൻ ഷിബുവിലെ ക്രമിനലിന്റെ പ്രവൃത്തികളിലെ പൈശാചികതയെ റൊമാന്റിസൈസ് ചെയ്തുതുടങ്ങുന്നത്. ഉഷയോടുള്ള അയാളുടെ ടോക്സിക്ക് ഒബ്സഷനെ പ്രണയമെന്ന് തെറ്റിദ്ധരിച്ചു തുടങ്ങുന്നതും ഇവിടെ മുതലാണ്.
തന്നെ തങ്ങൾക്കൊപ്പം പോന്നൊരു മനുഷ്യനായി അംഗീകരിച്ച ഓരോരുത്തരെയും അയാൾ ഉഷയെ പരിഗണിച്ച വിധത്തിൽ തന്നെയാവാം സമീപിച്ചിരിക്കുക.
തന്റെ കൂടെ നിൽക്കുന്ന തന്നെ ഒപ്പം നിർത്തുന്നുവെന്ന് തോന്നിപ്പിച്ച മനുഷ്യരുടെ നഷ്ടങ്ങളുടെ കാരണക്കാരോട് അയാൾ പകവീട്ടി വന്നതും ഒരേ രീതിയിലാണ്.
അയാളോട് കരുണ കാണിച്ച മനുഷ്യർ തുലോം കുറവായിരുന്നു എന്ന ഷിബുവിന്റെ അന്യതാബോധത്തിൽ നിന്ന് പ്രേക്ഷകൻ സിമ്പതി സ്വാഭാവികമായി സ്വരൂപിക്കുന്നു.അതിനാൽ ജീവിതത്തിലുടനീളം തന്റേതെന്ന് തോന്നിപ്പിച്ച മനുഷ്യരെ സ്വന്തമാക്കാൻ അയാൾ നടത്തുന്ന നീക്കങ്ങൾക്ക് അവർ അബോധമായിത്തന്നെ കോൺസെന്റ് നൽകുന്നു.
പ്രണയകൊലയെ ന്യായീകരിക്കുന്ന സാംസ്കാരിക സംവിധാനം മുമ്പത്തേക്കാൾ ശക്തിപ്പെട്ട ഒരു കാലത്തിലേക്കാണ് ഷിബു വരുന്നത്.തന്റെ ഇംഗീതത്തിന് വഴങ്ങാത്ത ആരെയും എന്തിനെയും നശിപ്പിച്ചു കളയുക എന്ന, ചികിത്‌സ ആവശ്യമുള്ളൊരു ആന്റി സോഷ്യൽ സെന്സിബിലിറ്റിയെയാണ് പ്രത്യക്ഷത്തിൽ അയാൾ പ്രധിനിധീകരിക്കുന്നത്.
സ്വന്തം താല്പര്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും/ആരേയും ഒഴിവാക്കുക എന്ന ഗോത്രവൈകാരികത ഉല്പാദിപ്പിക്കുന്ന കൊലപാതകങ്ങളെ അതിന്റെ ഇന്ധനമായി വർത്തിക്കുന്ന അപകടകരമായ ഇമോഷണൽ ബാന്ധവങ്ങളെ , ടോക്സിക് ഒബ്സഷനെ പ്രണയമെന്ന് അടിവരയിടുകയാണ് ഷിബു-ഉഷ ബന്ധം. ഇത് ആഘോഷിക്കപ്പെടുമ്പോൾ മാനസിക രോഗവും , അതിന്റെ പ്രത്യഘാതങ്ങളുമാണ് സമാന്തരമായി ആഘോഷിക്കപ്പെടുന്നത്.
അതിന് ദൂരവ്യാപകമായ സാംസ്കാരികാഘാതങ്ങൾ ഉണ്ടാക്കാനാകും എന്നോർമ്മിക്കുന്നത് നല്ലതാണ്.