പുഴമീനുകളെ കൊല്ലുന്ന വിധം’ വിവേക് വയനാടിന്റെ കുറിപ്പ്

Reviews

ഏകാന്തമായ പ്രവൃത്തിയാണ് എഴുത്ത്. അതില്‍ മറ്റൊരാളുടെ ഇടപെടല്‍ തീര്‍ത്തും അലോസരമായിരിക്കും. ഓരോ എഴുത്തുകാരനും, എഴുത്തുകാരിയും സ്വന്തമായി ഭാവനാ ലോകം കെട്ടിപ്പടുത്തായിരിക്കും കഥ മെനയുന്നത്. അതില്‍ രണ്ടാമതൊരാള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടെന്നത് വലിയ ചോദ്യമാണ്. എന്നാല്‍ ഒരുകൂട്ടം എഴുത്തുകാര്‍ ചേര്‍ന്ന് കുറ്റാന്വേഷണ നോവല്‍ എഴുതിയിരിക്കുന്നു. നോവലിന് വിത്തു പാകിയത് ബെന്യാമിനാണ്. എന്നാല്‍ വളമിട്ടതും വെള്ളമൊഴിച്ചതുമെല്ലാം പലരാണ്. ഒരാള്‍ തുടങ്ങിവച്ച നോവലിന്റെ ലോകത്തേക്ക് മറ്റു പലരും കടന്നു ചെല്ലുകയും കഥയെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. റിലേ മത്സരം പോലെ നോവലിന്റെ ഓരോ ഭാഗവും ഓരോരുത്തര്‍ കൂട്ടിച്ചേര്‍ത്തു മുന്നേറുകയാണ്. മലയാള സാഹിത്യത്തിലെ പുത്തന്‍ പരീക്ഷണമാണ് ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന കുറ്റാന്വേഷണ നോവല്‍.

12 യുവ എഴുത്തുകാരുമായി ചേര്‍ന്നാണ് ബെന്യാമിന്‍ നോവല്‍ എഴുതിയത്. മുണ്ടക്കയത്തിനും അപ്പുറത്തുള്ള ഓണംകേറാമൂലയിലുള്ള സ്ഥലത്തെ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥനായാണ് ജയേന്ദ്രന്‍ എത്തിയത്. അവിടുത്തെ നാട്ടുകാരുമായി അയാള്‍ എളുപ്പത്തില്‍ അടുപ്പം സ്ഥാപിക്കുന്നു. ഇതില്‍ അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ചിറ്റപ്പന്‍-കുഞ്ഞമ്മ ദമ്പതിമാരുടെ വീട്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ചിറ്റപ്പന്‍ ഒരു ദിവസം മരിക്കുന്നു. അവിടം മുതലാണ് നോവല്‍ തുടങ്ങുന്നത്. നോവലിന്റെ ആദ്യ ഭാഗമായ മോര്‍ച്ചറി എഴുതിയിരിക്കുന്നത് ബെന്യാമിനാണ്. ചിറ്റപ്പന്‍ ശരിക്കും മരിച്ചോ എന്ന സംശയം ബാക്കി നിര്‍ത്തി മൃതദേഹം മോര്‍ച്ചറിയിലാക്കി ജയേന്ദ്രന്‍ മടങ്ങുന്നു. ചിറ്റപ്പന്‍ മരിച്ചിട്ടില്ല എന്ന തോന്നല്‍ അയാളെ പിന്തുടരുന്നു. ഇത്രയും എഴുതി നോവല്‍ മറ്റെഴുത്തുകാര്‍ക്കു വിട്ടു നല്‍കുകയാണ് ബെന്യാമിന്‍ ചെയ്തത്.

കിംഗ് ജോണ്‍സ്, ആന്‍സി മോഹന്‍ മാത്യു, അഞ്ജു സജിത്ത്, അമല്‍ സുരേന്ദ്രന്‍, വിഷ്ണു വി. ദേവ്, ജിതേഷ് ആസാദ്, അനു പി. ഇടവ, കാര്‍ത്തിക മോഹനന്‍, നിസാര്‍ മൊയ്തീന്‍ പുതുവന, ശില്‍പ നിരവില്‍പുഴ, ടി.വി. രാഹുല്‍ രാജ്, ശ്രീലാല്‍ എന്നിവരാണ് സഹ എഴുത്തുകാര്‍.

ലോക്ഡൗണ്‍ കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡിസി ബുക്‌സ് സംഘടിപ്പിച്ച കഥയമമ നോവല്‍ ക്യാംപില്‍ പങ്കെടുത്ത യുവ എഴുത്തുകാരാണ് നോവല്‍ എഴുത്തില്‍ പങ്കുചേര്‍ന്നത്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് പശ്ചാത്തലമായ തസ്രാക്കിലാണ് നോവല്‍ ക്യാംപ് സംഘടിപ്പിച്ചത്.

എസ്‌തേറിന്റെ കത്തുകളെ ചുറ്റിപ്പറ്റിയാണ് നോവല്‍ പുരോഗമിക്കുന്നത്. ഭാസ്‌കര പിള്ള എന്ന ചിറ്റപ്പനും അജ്ഞാതയായ കാമുകി എസ്‌തേറും തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കുകയാണ് നോവല്‍. ഓരോ അധ്യായത്തിലും കഥാതന്തു ഓരോ എഴുത്തുകാരും വികസിപ്പിച്ചുകൊണ്ടുപോകുന്നു. എഴുത്തുകാര്‍ പലരാണെങ്കിലും ആ വ്യതിയാനം ഭാഷയില്‍ ഇല്ല. ഒരാള്‍ എഴുതിയപോലെയേ വായനക്കാര്‍ക്കു തോന്നൂ. എന്നാല്‍ ബെന്യാമിന്‍ എഴുതിയ അവസാനത്തെ അധ്യായങ്ങളായ പുഴമീനുകളെ കൊല്ലുന്ന വിധവും പൊലീസ് ഡയറിയും മറ്റെഴുത്തുകാരുടെ ഭാഷയില്‍നിന്നും അല്‍പം വേറിട്ടു നില്‍കുന്നു. പലരുടെ ഭാവനകളിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും വായനയുടെ ഒഴുക്കിനെ അത് ഒരിക്കല്‍ പോലും അലോസരപ്പെടുത്തുന്നില്ല. പലരുടെയും ഭാവന ആയതിനാല്‍ പല വഴിക്ക് നോവല്‍ പോകാതിരിക്കാന്‍ അദൃശ്യമായ ഒരു നിയന്ത്രണം നോവലിനുണ്ടെന്ന് വായനയില്‍നിന്നു സ്പഷ്ടമാണ്.

കുറ്റാന്വേഷണ നോവല്‍ ആണെങ്കിലും കുറ്റമന്വേഷിക്കാനായി ഒരാളില്ല. പല ആളുകളിലൂടെ അന്വേഷണം മുന്നോട്ടു പോകുകയാണ്. മരണത്തെക്കുറിച്ചുള്ള സംശയം കാലക്രമേണ എല്ലാവരും മറന്നുപോകുന്നു. എന്നാല്‍ മരണത്തെക്കുറിച്ച് മറക്കാതിരുന്നൊരാള്‍ പ്രത്യക്ഷപ്പെടുന്നത് നോവലിന്റെ അവസാനമാണ്. നോവലിന്റെ അവസാനം വന്‍ ട്വിസ്റ്റാണ് വായനക്കാരനെ കാത്തിരിക്കുന്നത്. നോവലിലെവിടെയും യാതൊരു സൂചനയും നല്‍കാത്ത അവസാനം.

പുതിയ എഴുത്തുകാര്‍ക്ക് വലിയ ഉത്തേജനവും മലയാള സാഹിത്യത്തിന് പുത്തന്‍ എഴുത്തുരീതിയുമാണ് പുഴമീനുകളെ കൊല്ലുന്നവിധം. ഒറ്റയ്ക്ക് മാത്രം ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്ന ഒരു പ്രവൃത്തിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ചെയ്യുന്ന രീതി മലയാള സാഹിത്യത്തിന് അത്ര പരിചിതമല്ല. ഒരുപാട് പാകപ്പിഴകള്‍ക്കും സാധ്യതയുണ്ടായിരുന്നിട്ടും അതിനെയൊക്കെ തരണം ചെയ്താണ് പുഴമീനുകളെ കൊല്ലുന്ന വിധം എന്ന നോവല്‍ സ്വന്തമായ ഇടം കണ്ടെത്തിയത്. എസ്‌തേറിന്റെ കത്തുകളെയും ഭാസ്‌കരപിള്ളയുടെ മരണത്തെയും അന്വേഷിച്ചു പോകുന്നത് വായനക്കാരന്‍ തന്നെയാണ്. ബെന്യാമിന്‍ തുടക്കമിട്ട നോവലില്‍ ചൂണ്ടു പലകകളാണ് യുവ എഴുത്തുകാരുടെ അധ്യായങ്ങള്‍. അവസാന ലാപ്പില്‍ നോവലിലേക്ക് ഓടിയെത്തുന്ന ബെന്യാമിന്‍ ആന്റിക്ലൈമാക്‌സിന് പുറമേ ക്ലൈമാക്‌സിലേക്കും നോവലിനെ കൊണ്ടുചെന്നെത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *