ആത്മസംതൃപ്തിക്ക് വേണ്ടിയാവണം. യാത്രൾ അനുഭവങ്ങൾക്ക് വേണ്ടിയാവണം. യാത്രകൾ ഹൃദയം നിറക്കുന്നതാവണം. യാത്രകൾ സന്തോഷിപ്പിക്കുന്നതാവണം. യാത്രകൾ ആഹ്ളാദാനന്ദങ്ങൾ മനസ്സിൽ നിറക്കുമ്പോഴും ഹൃദയത്തിൽ കാരുണ്യം ചൊരിയുന്ന നനുത്ത ചിന്തകൾ ബാക്കിയാക്കുന്നതായിരിക്കണം.
യാത്രകളിൽ നിന്ന് ജീവിതത്തിൽ പകർത്താൻ വിലപ്പെട്ട മൂല്യങ്ങളെന്തെങ്കിലും ബാക്കിയാവണം.
ഇതാവണം ഒരു യാത്ര.
ഇതിനു കൂടിയായിരിക്കണം ഒരു യാത്ര.പ്രിയ സൗഹൃദങ്ങളേ ഞാനും നടത്തി ഒരു യാത്ര…!എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം. !!അത്ഭുതങ്ങൾ
ഒളിപ്പിച്ച് വച്ച മരതകദ്വീപുകളിലേക്കല്ലായിരുന്നു ആ യാത്ര.
പക്ഷേ, സൗഹൃദങ്ങളുടെ അമൂല്യ രത്നങ്ങൾ കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയവരുടെ അരികിലേക്ക് തന്നെയിരുന്നു ആ യാത്ര.!വിസ്മയങ്ങൾ കാത്തു വെച്ച വൻനഗരങ്ങളിലേക്കല്ലായിരുന്നു ആ യാത്ര. ഭക്ഷണവൈവിധ്യങ്ങൾ കൊണ്ട്, സ്നേഹനിർബന്ധങ്ങളോടെ അത് സൽക്കരിച്ച് കഴിപ്പിച്ച വിസ്മയക്കൂടുകളിലേക്കുള്ള യാത്ര തന്നെയായിരുന്നു അത്.തണുത്തുറഞ്ഞ് പോയ ഹിമതലങ്ങളിലേക്കല്ലായിരുന്നു ആ യാത്ര.
കാരുണ്യം കൊണ്ട് ഉള്ള് തണുപ്പിച്ച മഞ്ഞിൻ കൂടാരങ്ങളിലേക്ക് തന്നെയായിരുന്നു അത്.ഉഷ്ണക്കാറ്റടിച്ച് വീശിയടിക്കുന്ന മരുഭൂമികളിലേക്കല്ലായിരുന്നു ആ യാത്ര.
പരിചരണത്തിൻ്റെയും പരിഗണനയുടെയും ചുറുചുറുക്കിൻ്റെയും ചൂട് നിറഞ്ഞ് നിൽക്കുന്ന മണലാരണ്യത്തിലേക്ക് തന്നെയായിരുന്നു അത്.ആഡംബരത്തിൻ്റെ അവസാന വാക്കുകൾ പോലെ
പ്രൗഢിയോടെ നിൽക്കുന്ന രാജ കൊട്ടാരങ്ങളിലേക്കല്ലായിരുന്നു ആ യാത്ര.
ചങ്ങാത്തത്തിൻ്റെ ഗാംഭീര്യം ആകാശത്തോളമുയർന്ന് നിൽക്കുന്ന അത്യാഡംബരക്കോട്ടകളിലേക്ക് തന്നെയായിരുന്നു അത്.സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും ദയയുടെയും സഹാനുഭൂതിയുടെയും സൗഹൃദത്തിൻ്റെയും ആദരവിൻ്റെയും പരിഗണനകളുടെയും അനുഭൂതികളുടെയും തെളിനീര് നിറഞ്ഞ് നിൽക്കുന്ന , മനുഷ്യത്വത്തിൻ്റെ, കാരുണ്യത്തിൻ്റെ, ചേർത്തു പിടിക്കലിൻ്റെ, കരുതലിൻ്റെ ,കല്ലിച്ച രൂപങ്ങളായ ആത്മ സൗഹൃദങ്ങളുടെ നാട്ടിലേക്ക്…!ജീവിതത്തിലിതുവരെ കാണാതെ
ശബ്ദസന്ദേശങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും മാത്രം അടുത്തറിഞ്ഞ പ്രിയപ്പെട്ടവരുടെ അടുത്തേക്ക്.ആരാണ് എനിക്കവർ ..?
ആരായിരുന്നു എനിക്കവർ.?പലപ്പോഴായി ഒപ്പം കൂടിയവർ. പലപ്പോഴായി ഞാൻ ഒപ്പം കൂട്ടിയവർ. വിസ്മയങ്ങളുടെ സാങ്കേതികസൗകര്യം ഒരുപാടങ്ങ് വളർന്നപ്പോൾ രൂപപ്പെട്ട കൂട്ടായ്മകളിലൂടെ പല നാടുകളിലുള്ള സമാന ഹൃദയങ്ങളുള്ളവർ ഒന്നിച്ചു ചേർന്നപ്പോഴുണ്ടായ സൗഹൃദങ്ങൾ. അതൊക്കെ വെറും താൽക്കാലിക കൂട്ടായ്മകളല്ലേ എന്ന് ചിന്തിക്കുന്നവരെയും പുതുമഴയിൽരൂപംകൊണ്ട വെള്ളക്കുഴിയിലേക്ക് വീഴുന്ന നീക്കുമിളകളെപ്പോലെ നിമിഷ നേരത്തിനുള്ളിൽ പൊട്ടിപ്പോകാൻ വിധിക്കപ്പെട്ട വെറും സംസാര സൗഹൃദങ്ങളല്ലേ അതൊക്കെ എന്ന് ഉറപ്പിച്ചവരെയും അത്ഭുതപ്പെടുത്തുന്ന ഒരു യാത്ര തന്നെയായിരുന്നത്..!മലപ്പുറം എഴുത്തുകൂട്ടത്തിലെ പ്രതിഭാധനരായ കവികൾ. ഉറക്കമിളച്ചും
ഈ കൂട്ടായ്മയിലെ സജീവ സാന്നിധ്യങ്ങളായ പ്രിയസൗഹൃദങ്ങളായ മധു നായരും ശ്രീനിനിലമ്പൂരും രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ചു.
ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. ശബ്ദം കൊണ്ട് മാത്രമറിഞ്ഞ അക്ഷരങ്ങളിലൂടെ അടുത്തറിഞ്ഞ എഴുത്തുകൂട്ടം മലപ്പുറം ഗ്രൂപ്പിലെ
അടുത്തടുത്ത നാട്ടുകാരായ ആലങ്കോട് സലീംക്ക
രജികുമാർ പുലാക്കാട്
സുലൈമാൻ പെരുമുക്ക്
ബാലേട്ടൻകുറ്റിപ്പുറം
സജിത വിവേക് കോട്ടക്കൽ, എന്നിവരെ സന്ദർശിക്കാൻ .
വരുന്ന വഴിക്ക് സമയമൊത്താൽ പാപ്പച്ചൻ കടമക്കുടി, ഷബീർ ചെറുകാട്, സബിത മമ്പാട്, എന്നിവരെയും കാണാം എന്നറിയിച്ചു.ബിസിനസ്സ് തിരക്കുകളുണ്ടായിട്ടും
ഷോപ്പിൽ പ്രത്യേകമായി തിരക്കനുഭവപ്പെടുന്ന ശനിയാഴ്ച ആയിരുന്നിട്ടും സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഞാൻ സംശയമില്ലാതെ പറഞ്ഞു.
” ഒന്ന് ഞാനൂണ്ട്..
പഷേ എങ്ങനേ ഞമ്മള് പോഗ്വാ…? “”ഓട്ടർഷക്ക്…!
ൻ്റെ ഓട്ടോർഷീം കൊണ്ട് ഞാനും മധ്വേട്ടനും ആറ് മണ്യാകുമ്പോൾത്ത്ന് നെലമ്പൂര് ങ്ങളെ പെരീലെത്തും..!
ഇങ്ങളവ്ടെ റെഡ്യായി നിന്നാ .. മതി.. ” എന്ന
ശ്രീനിയുടെ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു.സമയനിഷ്ഠയിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത “മുഖം നോക്കാതെ ” യുടെ മധുനായർ.
പറഞ്ഞ വാക്ക് പാലിക്കാൻ
“രാജധാനി ” ക്ക്
വരെ തലവെക്കുന്ന “ഗൗരവവായന” യുടെ അവതാരകൻ ശ്രീനി നിലമ്പൂരും.
കടുകിട വ്യത്യാസമില്ലാതെ പറഞ്ഞ സമയത്ത് തന്നെ “താരകാ ബ്രഹ്മവും “
( ശ്രീനിയുടെ ഓട്ടോയുടെ പേരാണ്) കൊണ്ട് അവർ ഹാജരായി.കുറെക്കാലത്തിന് ശേഷം നാടിൻ്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഇടക്ക് പുറത്തേക്കൊന്ന് തലയിട്ട് പുറത്തെ കാറ്റും കൊണ്ട് ശ്രുതിയും താളവുമില്ലെങ്കിലും കിട്ടുന്ന വരികൾ ഉറക്കെപ്പാടി അലറി വിളിച്ച് നീണ്ട ഒരോട്ടോ യാത്ര.
എന്താ രസം.
ശ്രീനി എന്ന അഗ്രഗണ്യനായ ഡ്രൈവർക്കും ഞങ്ങൾക്കുമിടയിലുള്ള പോളിത്തീൻ കർട്ടൻ മാത്രമായിരുന്നു ചെറിയൊരു തടസ്സമായി മുന്നിലുണ്ടായിരുന്നത്. വൃത്തവും പ്രാസവുമൊപ്പിച്ച് നല്ല താളബോധത്തോടെ തന്നെ ശ്രീനി എന്ന സാരഥി വണ്ടിയോടിച്ചു.അനർഗളനിർഗളം പ്രവഹിക്കുന്ന അറിവിൻ അക്ഷയഖനിയായ ആലങ്കോട് ലീലാകൃഷ്ണനെന്ന മലയാളത്തിൻ്റെ പ്രിയ കവിയുടെ നാട്ടിലെ ഞങ്ങളുടെ പ്രിയ സൗഹൃദങ്ങളെക്കാണാൻ ഞങ്ങളാ നീണ്ട യാത്രയാരംഭിച്ചു.വളാഞ്ചേരിയെത്തി യാത്രാ ക്ഷീണം തീർക്കാൻ ഓരോ കാലിച്ചായ അടിച്ചു.അതിനിടക്ക് സലീംക്കയും സുലൈമാൻക്കയും രജി കുമാറും “നിങ്ങൾ എവിടെയെത്തി ? ” എന്ന അന്വേഷണവുമായി മാറി മാറി വിളിക്കുന്നു.”രാവിലത്തെ ചായ ഇവിടെയാണ് ട്ടൊ .മറക്കണ്ട ” എന്ന് സലീംക്ക പ്രത്യേകം ഓർമിപ്പിക്കുന്നു.
“ശരി ഇപ്പൊ എത്താം” എന്ന മറുപടിയും കൊടുത്ത് വീണ്ടും സുന്ദരമായ യാത്ര.ആലങ്കോട് എത്തി. വഴിയിലതാ രജികുമാർ കാത്ത് നിൽക്കുന്നു. മാസ്ക് ഊരി രജികുമാറിനെ “ജീവനോടെ ” കണ്ടു. സ്വഭാവം പോലെ തന്നെ നിഷ്കളങ്കമായ ഭംഗിയുള്ള മുഖം. നേരിട്ട് കണ്ടതിലുള്ള സന്തോഷത്തള്ളിച്ചയുടെ ഭാഗമായി എല്ലാവരും മോശമല്ലാത്ത രീതിയിൽ തന്നെ അത്യാവശ്യം ഒച്ചയുണ്ടാക്കിച്ചിരിച്ചു. അവിടന്ന്
നേരെ സലീമിക്കാൻ്റെ വീട്ടിൽ.നിറയെ
ഫലവൃക്ഷങ്ങളും ചെടികളും പിടിപ്പിച്ച അത്യാവശ്യം വലിയ വീട് തന്നെ. സ്വതസിദ്ധമായ ചിരിയോടെ സലീംക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നത് കണ്ട് കൊറോണ പോലും ലജ്ജിച്ച് തല താഴ്ത്തി.കൂടെ ഷാഹിർ മോനും സലീംക്കയുടെ മോളും ചടുലതയുള്ള ചുറുചുറുക്കുള്ള മൂന്ന് പേരക്കുട്ടികളും.അമിത പ്രതീക്ഷയുമായി ആവേശത്തോടെ കാത്ത് നിൽക്കുന്നവരെക്കണ്ടാൽ സ്വയം മറക്കുമെന്ന പ്രപഞ്ച സത്യം ബോധ്യപ്പെടുകയായിരുന്നു ഞങ്ങൾക്കവിടെ.
നിറഞ്ഞ ചിരിയോടെ നിഴൽ പോലെ കൂടെ നിൽക്കുന്ന സുഹ്റ എന്ന സൂറാത്തയും
ബാല്യകാലസഖിയിലെ മജീദിനെക്കാൾ സുഹ്റയെക്കരുതുന്ന സലീംക്കയും ഞങ്ങളെ അകത്തേക്കാനയിച്ചു.സംസാരങ്ങളുടെ ആദ്യഘട്ടം ഗംഭീരമായിക്കഴിഞ്ഞു. “സുലൈമാൻ പെരുമുക്ക് വന്നിട്ട് ചായ കുടിക്കാം .
കക്ഷി ഇപ്പോഴെത്തും ” എന്ന സലീംക്കയുടെ നിർദ്ദേശം എല്ലാവർക്കും ഓകെ.കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ആ വീട്ടുകാർ തന്നെ ആയിക്കഴിഞ്ഞിരുന്നു.അതാ ഗെയിറ്റിലൂടെ “സുസുക്കി ആക്സസ്” എന്ന കട്ടനീലകളറുള്ള കൊച്ചു സ്കൂട്ടറിൽ അധികം ഉയരമില്ലാത്ത ഒരു കൊച്ചു മനുഷ്യൻ.
ലൈറ്റ് പിങ്ക് കളറുള്ള സാധാരണ ഒരു ഷർട്ടും ആഡംബരങ്ങളില്ലാത്ത ചാരനിറത്തിലുള്ള പാൻ്റുമിട്ട് സുലൈമാൻ പെരുമുക്ക് എന്ന വലിയ കവി കടന്നു വരുന്നു. കഷണ്ടി കയറിയ നരച്ച മുടികളുള്ള തല. കൊച്ചു കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിരി. ശബ്ദമാണെങ്കിൽ വളരെ പതിഞ്ഞ പാവം പിടിച്ച ശബ്ദം. അതിഥികളെ കണ്ട സന്തോഷം കൊണ്ട് പ്രകാശിതമാണാമുഖം. ഇന്നാ… പിന്നെ ചായ കുടിച്ച്വല്ലേ…?”
സൂറാത്തയാണ്.
കുടിച്ചു കളയാം.
നല്ല വിശപ്പുണ്ട്.കൂട്ടരേ…
ഒരു പ്രാതൽ എന്നാൽ നമ്മുടെ സങ്കൽപ്പം എന്താവും.?
ആ സങ്കൽപ്പത്തെ അടിമുടി തകർത്ത് തരിപ്പണമാക്കിക്കളഞ്ഞു സലീം ആലങ്കോട് എന്ന സ്നേഹസമ്പന്നനായ പച്ചമനുഷ്യനും അദ്ദേഹത്തിൻ്റെ സൽക്കാര പ്രിയരായ കുടുംബവും.സുഹ്റാത്താൻ്റെ കൈപ്പുണ്യം ആവോളം ചേർത്ത അതിഗംഭീരമായ കിടുക്കൻ സെറ്റപ്പിലുള്ള ഘടാഘടിയൻ പ്രാതൽ.നൈസ്പത്തിരി.
തേങ്ങാപ്പാൽ.
നല്ല മൊരിഞ്ഞ വലിയ ദോശ. ചൂട്പുട്ട്. പപ്പടം. നാടൻ മൈസൂർ പഴം. പോത്തിൻ്റെ ലിവറ് കുരുമുളകിട്ട് വരട്ടിയത്. തേങ്ങയരച്ച അടിപൊളി കോഴിക്കറി.
പൂ പോലെയുള്ള ഇഡ്ഡലി.
രുചികരമായ ചട്നി .
വെട്ടിയാൽ മുറിയാത്ത തകർപ്പൻ പാൽച്ചായ. ഹൊ…!!
വയറ് ഠപ്പോന്ന് നിറഞ്ഞു. അതിലേറെ മനസ്സും. അതിഥികളെ സൽക്കരിക്കുന്നതിൽ പ്രൊഫഷണലിസം തന്നെ കാണിച്ചു കളഞ്ഞു അവർ.ഭക്ഷണത്തിനോട് ഞങ്ങളാരും ഒട്ടും അപരിചിതത്വം കാണിച്ചതേയില്ല. കൊണ്ടും കൊടുത്തും ഞങ്ങൾ മുന്നേറി.അത് കഴിഞ്ഞ് എല്ലാവരും സിറ്റിംഗ് റൂമിൽ വട്ടത്തിലിരുന്നു. കുടുംബകാര്യങ്ങളും സാഹിത്യവും രാഷ്ട്രീയവും എഴുത്തുകൂട്ടവും ചർച്ചയായി. കുറേ നേരം കൂടി ഇരുന്ന് “എന്നാൽ പിന്നെ സുലൈമാൻ പെരുമുക്കിൻ്റെ വീടൊന്ന് കാണാം ” എന്ന നിർദ്ദേശം വന്നു.
“ഉച്ചഭക്ഷണം അവിടുന്നാണ് ട്ടൊ ” എന്ന ഭീഷണി
പതിഞ്ഞ സ്വരത്തിൽ സുലൈമാക്ക മുഴക്കി.
എന്നാൽ “അടുത്ത ആക്രമണം അവിടെ വച്ചാവാം ” എന്ന തീരുമാനവുമായി ഞങ്ങളിറങ്ങാൻ എണീറ്റു. “ന്നാ .. ഞാനും കൂടെ വരാം.” എന്ന് സലീംക്കയും. ഓക്കെ എന്ന് പറഞ്ഞ് ഞങ്ങളിറങ്ങാൻ തുടങ്ങിയതും അകത്ത് മുറിയിൽ നിന്ന് ഒരലറിക്കരച്ചിൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു.
(ബാക്കി അടുത്ത ഞായറാഴ്ച ഇതേ സമയം ..)
സാക്കിർ – സാക്കി
നിലമ്പൂർ