തലശ്ശേരി;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ മുൻപിൽ എത്തിച്ചത് ഇളയമ്മയും ഭർത്താവുമെന്നു പൊലീസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി കുയ്യാലി ഷറാറ ബംഗ്ലാവിൽ യു.കെ.ഷറഫുദീനെ (66) കോടതി റിമാൻഡ് ചെയ്തു.
പരിശോധനയിൽ ഇസിജിയിൽ വ്യത്യാസം കാണപ്പെട്ടതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇൗ ദമ്പതികളാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാർച്ച് 23ന് പ്രതികൾ, ധർമടത്ത് ഡോക്ടറെ കാണാൻ പോകാനുണ്ടെന്ന് പറഞ്ഞു കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി കുയ്യാലിയിൽ എത്തിച്ചു. അവിടെയെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഫോട്ടോ കണ്ടാണ് ആളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. കല്യാണം കഴിക്കാമെന്നും പണം തരാമെന്നും പ്രതി വാഗ്ദാനം ചെയ്തു. കുട്ടി ബന്ധുക്കളോട് പറഞ്ഞതിനെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. കതിരൂർ പൊലീസിന് ലഭിച്ച പരാതി ധർമടത്തേക്കു കൊടുത്തതിനെത്തുടർന്ന് ധർമടം പൊലീസ് കഴിഞ്ഞ ദിവസം ഷറഫുദീനെ അറസ്റ്റ് ചെയ്യാൻ കുയ്യാലിയിലെ വീട്ടിലെത്തിയെങ്കിലും ആദ്യം ഇയാൾ പൊലീസിനൊപ്പം പോകാൻ തയാറായില്ല. പിന്നീട് തലശ്ശേരിയിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.