അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നു

Gulf

ആരോഗ്യമേഖലയുടെ വളർച്ചയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകരും ചികിത്സാരംഗത്തെ മികവുകളുമാണ് കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നത്.ലോകത്തിന് പ്രതീക്ഷകളുടെ ഭാവി സമ്മാനിക്കാൻ കഴിയുകയെന്നതാണു യുഎഇയുടെ ലക്ഷ്യമെന്നും അറബ് ഹെൽത്ത് രാജ്യാന്തര മേളയുടെ സമാപനദിവസം സന്ദർശനം നടത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വെല്ലുവിളികൾ നേരിടാനും വികസനപദ്ധതികൾക്കു രൂപം നൽകാനുമാണ് അറിവുകൾ പങ്കുവയ്ക്കുന്ന രാജ്യാന്തര മേളകൾക്ക് അവസരമൊരുക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
വൈജ്ഞാനിക മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും സാങ്കേതിക വിദഗ്ധർക്കും ഗവേഷകർക്കും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന രാജ്യമാണ് യുഎഇ. കോവിഡ് സാഹചര്യത്തിൽ വൈദ്യശാസ്ത്ര രംഗത്ത് ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിടാനായെന്നും വ്യക്തമാക്കി.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുരന്തനിവാരണ പരമോന്നത സമിതി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *