രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാൾ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്. ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനകൾ ബാക്കിയാക്കി ലിനി കടന്ന് പോയെങ്കിലും മരണം കീഴ്പ്പെടുത്തുന്നതിന് മുൻപുള്ള നിമിഷങ്ങളിൽ അവർ പകർന്നു നൽകിയ പാഠങ്ങൾ എക്കാലവും വിലമതിക്കുന്നതാണ്. പ്രത്യേകിച്ച് മാനവരാശി മുഴുവൻ കൊവിഡെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഈ കാലഘട്ടത്തിൽ.
തനിക്ക് രോഗമുണ്ടെന്ന് തോന്നി തുടങ്ങിയപ്പോൾ തന്നെ പാൽമണം മാറാത്ത കുഞ്ഞിനെയുൾപ്പടെ പ്രിയപ്പെട്ടവരെയെല്ലാം അകറ്റി നിർത്തി ലിനി സ്വയം തെരഞ്ഞെടുത്ത ”ഏകാന്തവാസം”എന്ന വലിയ കരുതലാണ് മലയാളി കണ്ട ആദ്യത്തെ “ Quarantine” .കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് തന്നെയും പ്രവേശിപ്പിക്കണമെന്ന് സഹപ്രവർത്തകരോട് അങ്ങോട്ട് ആവശ്യപ്പെട്ട ”കരുതൽ” മലയാളിക്ക് ലിനിയെന്ന മാലാഖ പരിചയപ്പെടുത്തിയ ഈ മാതൃക തന്നെയാണ് കൊവിഡ് വ്യാപനം തടയാൻ ഇന്ന് ലോക ജനതയൊന്നാകെ സ്വീകരിച്ച സെൽഫ് ക്വാറൻ്റൈൻ എന്ന പ്രതിരോധ മാർഗം. പേരാമ്പ്രയിലെ സൂപ്പിക്കടയിൽ പടർന്ന് പിടിച്ചത് നിപയാണെന്ന് Baby Memorial ആശുപത്രിയിലെ രോഗിയിലൂടെ നിർണ്ണയിക്കപ്പെടുന്നതിനും മുമ്പേ ഇത് ജീവനെടുക്കുന്ന മഹാവ്യാധിയാണെന്നും താൻ അതിൻ്റെ പിടിയിൽ അമർന്നു കഴിഞ്ഞെന്നും ലിനി സ്വയം ഉറപ്പിച്ച് കാണണം. അന്ന് ലിനി സ്വീകരിച്ച ആ ക്വാറൻ്റൈൻ മാതൃക കൊവിഡ് കാലത്ത് മാത്രമല്ല ആതുര സേവന രംഗത്തിൻ്റെ മുന്നോട്ടുള്ള പ്രയാണങ്ങളിലെക്കാലവും തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ഒരു കടലാസുകഷ്ണത്തിൽ സ്വപ്നങ്ങളെല്ലാം കുറിച്ച് നൽകി യാത്രയായ സിസ്റ്റർ ലിനി തന്നെയാണ് കൊവിഡെന്ന ദുരന്ത മുഖത്ത് തളരാതെ പോരാടാൻ ഞാൻ ഉൾപ്പടെയുള്ള ആരോഗ്യപ്രവത്തകർക്ക് ഊർജ്ജം. പ്രിയപ്പെട്ട മറ്റെന്തിനേക്കാളും മുൻപന്തിയിലാണ് രോഗികളെ പരിചരിക്കുകയെന്ന ദൗത്യമെന്ന് അവർ പകർന്നു നൽകിയ സന്ദേശം തന്നെയാണ് ഈ ഇരുണ്ടകാലത്തും ആരോഗ്യ പ്രവർത്തകരായാകെ മുന്നോട്ട് നയിക്കുന്ന വെളിച്ചം. കേരളം അതിജീവിച്ച ഒരു ദുരന്തകാലത്തിൻ്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം .