കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ

Movies Reviews

ഒരു സിനിമ ഒരഭിനേതാവിന്റെ കരിയറിനെ അപ്പാടെ മാറ്റിമറിക്കുന്നതെങ്ങനെ എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണു ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ഷാജി അസീസ്‌ സംവിധാനം ചെയ്ത (ഇന്നലെ സീ ചാനലിലും സീ 5ലും ഓ.ടി.ടി. റിലീസ്‌ ആയ) ‘വോൾഫ്‌’.
പറഞ്ഞു വരുന്നത്‌ ഇർഷാദിനെക്കുറിച്ച്‌ ‌ കൂടിയാണു. ഇരുപതാം വയസ്സിൽ അഭിനയിച്ചു തുടങ്ങുകയും ഇരുപത്തഞ്ചോളം വർഷങ്ങളായി ചെറുതും വലുതുമായ റോളുകളിലൂടെ ഇൻഡസ്റ്റ്രിയിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന ഇർഷാദിന്റെ ചലച്ചിത്രനാൾവഴികളിൽ പ്രകമ്പനപൂർണ്ണമായ ഒരു പൊളിച്ചെഴുത്തിന്റെ നാഴികക്കല്ല് പാകുകയാണു ‘വോൾഫി’ലെ ജോ എന്ന കഥാപാത്രം.

പ്രണയമാണു ഏറ്റവും വലിയ സ്വാതന്ത്ര്യം. എന്നാൽ പ്രണയവും സ്വാതന്ത്ര്യബോധവും തമ്മിൽ മുഖാമുഖം നിൽക്കുമ്പോൾ സംഭവിക്കാവുന്ന ഋതുഭേദങ്ങളെക്കുറിച്ചാണു മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ചെന്നായ’ എന്ന ഇന്ദുഗോപന്റെ ഒറിജിനൽ സ്റ്റോറി സംസാരിക്കുന്നത്‌.
‘ചെന്നായ’, ‘വോൾഫ്‌’ ആയി മാറുന്നതിനിടയിൽ സംഭവിച്ച
സിനിമാറ്റിക്‌ കോംപ്രമൈസുകൾക്കിടയിൽ കഥയുടെ ഊറ്റം ചോർന്നുപോകുന്നുവെങ്കിലും കൂടി, അതേ പ്രമേയം തന്നെയാണു പടത്തിൽ ആവിഷകരിക്കാൻ ശ്രമിക്കുന്നത്‌. ലോക്ക്ഡൗൺ പ്രഖ്യാപന ദിവസം പ്രതിശ്രുത വധുവിന്റെ വീട്ടിൽ കുടുങ്ങിപ്പോകുന്ന ഒരു യുവാവിനെക്കുറിച്ചുള്ള വാർത്തകളാവാം കഥയുടെ പ്രചോദനം. ഓൺലൈൻ വ്യാജപ്രണയക്കെണികളെക്കുറിച്ചുള്ള വാർത്തകളും പശ്ചാത്തലത്തിലുണ്ടാവാം.
എന്നാൽ അതിനപ്പുറം, അവൾക്കും (സംയുക്താ മേനോൻ) അവനു(അർജുൻ അശോകൻ)മിടയിൽ സ്വാതന്ത്ര്യാന്വേഷണത്തിന്റെ കനലുകൾ എരിയാൻ തുടങ്ങുന്നിടത്ത്‌ കഥ മറ്റൊരു തലത്തിലേക്ക്‌ വികസിക്കുന്നു. പരസ്പര വിചാരണകളുടെയും സ്വത്വാന്വേഷണങ്ങളുടെയും ഈ അടർക്കളത്തിലേക്ക്‌ കാട്ടുതീ പോലെ പടർന്നുകയറുകയാണു ഇർഷാദിന്റെ ‘ജോ’ എന്ന കഥാപാത്രം. അവളുടെ
സ്വാതന്ത്ര്യത്തിന്റെ ചിറകുകളായും മതിലുകളായും പകർന്നാടുന്ന, ഇത്രമേൽ
ദുർജ്ഞേയതയുടെ സൗന്ദര്യവും ആഴവുമുള്ള ഒരു കഥാപാത്രത്തെ സമീപകാലത്തൊന്നും മലയാള സിനിമയിൽ കണ്ടിട്ടില്ല. മൂവർക്കുമിടയിൽ സ്നേഹവും വിശ്വാസവും വ്യക്തിത്വവും അഭിമാന-ദുരഭിമാനബോധങ്ങളുമെല്ലാം വിചാരണ ചെയ്യപ്പെടുന്നുവെങ്കിലും അടിസ്ഥാനപരമായി സ്ത്രീസ്വത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അകത്തളങ്ങളിലേക്കായിരുന്നു ആ സംവാദം
തുളച്ചുകയറിത്തുടങ്ങിയത്‌.
പക്ഷെ നിർഭാഗ്യവശാൽ പുതിയ ആകാശങ്ങൾ തുറന്നിടുകയും ഒടുവിൽ പാട്രിയാർക്കിയുടെ പഴയ ഗർത്തങ്ങളിലേക്ക്‌ തന്നെ ചെന്നുപതിക്കുകയും ചെയ്യുവാനായിരുന്നു സിനിമയുടെ ആത്യന്തികവിധി എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ.

നിയന്ത്രിതാഭിനയത്തിന്റെ ചാരുതയും ശരീരഭാഷയുടെ സൂക്ഷ്മതയും കൊണ്ട്‌ ജോയെ ഇർഷാദ്‌ ‌ അനശ്വരമാക്കിയിരിക്കുന്നു.
രൗദ്രശാന്തതയുടെ ലയം എന്ന് വിശേഷിപ്പിക്കാവുന്നത്ര മനോഹരമായ പ്രകടനം.
അർജുനും സംയുക്തയും തങ്ങളുടെ വേഷങ്ങൾ സുന്ദരമാക്കിയപ്പോൾ
പാതി വെന്ത കഥാപാത്രങ്ങളിലൂടെ വെറുതെ പാഴാകുകയായിരുന്നു ജാഫർ ഇടുക്കിയുടെയും
ഷൈൻ ടോം ചാക്കോയുടെയും സമയം.
ഒരൊന്നര മണിക്കൂറിലേക്ക്‌ പടം ഒതുക്കുകയും കോമ്പ്രമൈസുകൾക്ക്‌ വഴിപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ‘വോൾഫി’ന്റെ ഭംഗി ഇരട്ടിക്കുമായിരുന്നെന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ, ജോയുടെ വന്യസൗന്ദര്യം ഈ സിനിമ കാണാനുള്ള പ്രേരണയായി നിലനിൽക്കുമെന്ന് അടിവര.

കെ.സി ഷൈജൽ വയനാട്

Leave a Reply

Your email address will not be published. Required fields are marked *