ദലിത്‌-ഇടത്‌ വിരുദ്ധ സങ്കൽപനങ്ങളോട്‌ വിയോജിക്കാതെ വയ്യ

Movies Reviews

‘നായാട്ട്‌’…റിയലിസത്തിന്റെയും ത്രില്ലറിന്റെയും വിരുദ്ധ ട്രാക്കുകളെ ചേർത്തുനിർത്തുന്ന, പോസിറ്റീവും നെഗറ്റീവുമായ
രാഷ്ടീയ ഉള്ളടക്കമുള്ള, കാണാൻ കൊള്ളാവുന്നൊരു എന്റർടെയ്നറാണു ഷാഹി കബീറിന്റെ രചനയിൽ മാർട്ടിൻ പ്രക്കാട്ട്‌ ഒരുക്കിയ ‘നായാട്ട്‌’.

വിവിധ റാങ്കുകളിലും സീനിയോറിറ്റികളിലുമുള്ള, ഒരു വനിതയുൾപ്പെടെ മൂന്ന് പൊലീസുകാർ (ജോജോ, കുഞ്ചാക്കോ ബോബൻ, നിമിഷ) അവിചാരിതമായി ഒരു കൊലക്കേസിൽ പ്രതി ചേർക്കപ്പെടുന്നതും, രക്ഷപ്പെടാൻ അവരും പിടികൂടാൻ പൊലീസ്‌ സേനയും നടത്തുന്ന ശ്രമങ്ങളും അതിന്റെ പര്യവസാനവുമാണു ഒറ്റവരിയിൽ ‘നായാട്ടി’ന്റെ കഥ.
ഈ ത്രില്ലർ ത്രെഡിൽ
സ്റ്റേറ്റ്‌, അധികാരം, വോട്ട്‌ബാങ്ക്‌ കക്ഷിരാഷ്ട്രീയം എന്നീ
എലമെന്റുകളെ
ഉൾച്ചേർക്കുന്നതോടെ പടത്തിന്റെ ലെവൽ മാറുകയാണു. പക്ഷെ
ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നതിനിടയിൽ റ്റൂൾ
ആയി ഉപയോഗിക്കപ്പെടുന്ന ദലിത്‌-ഇടത്‌ വിരുദ്ധ
സങ്കൽപനങ്ങളോട്‌
വിയോജിക്കാതെയും വയ്യ.

പൊലീസ്‌, നാടിന്റെ സമാധാനവും നിയമവാഴ്ചയും ഉറപ്പ് വരുത്താൻ നിയുക്തമായ ഔദ്യോഗിക ഏജൻസിയാണു. ഒരേസമയം കൃത്യനിർവഹണത്തിന്റെയും സമൂഹപരിപാലനത്തിന്റെയും ത്യാഗപൂർണ്ണമായ ഭാഷയും മാഫിയാവത്കരണത്തിന്റെയും മനുഷ്യത്വനിരാസത്തിന്റെയും ക്രിമിനൽഭാഷയും സംസാരിക്കുന്ന പരസ്പരഘാതകമായ
ഇരട്ടത്തലകളുള്ള വിചിത്ര ശരീരമായാണു ഫലത്തിൽ
പൊലീസിന്റെ നിലനിൽപ്‌. സ്റ്റേറ്റ്‌ , എപ്പോഴൊക്കെ ടെററിസം സ്പോൺസർ
ചെയ്യാൻ താത്പര്യപ്പെടുന്നുവോ, അപ്പോഴെല്ലാം അതിന്റെ കൈകാര്യകർത്താക്കളായി അവതരിക്കുക എന്നതാണു പൊലീസിന്റെയും പട്ടാളത്തിന്റെയുമെല്ലാം ഏറ്റവും ബീഭത്സമായ വിപരിണാമം.
ഇങ്ങനെ, സിവിക്‌ ആയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്ഥാപിക്കപ്പെടുകയും ടെററിസ്റ്റ്‌ ആയ ആന്തരചോദനകളുടെ നാഡീവ്യൂഹത്താൽ ചലിപ്പിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു സിസ്റ്റത്തിന്റെയും ഏറ്റവും ബെയ്‌സിക്കായ ഒരു സവിശേഷത, അതിന്റെ ഘടനയിൽ തന്നെ ലയിച്ചു ചേരുന്ന അൺസിവിലൈസ്ഡ്‌ ആയ ബിഹേവിയറൽ പാറ്റേൺ ആയിരിക്കും.
ജോർജ്ജ്‌ ഫ്ലോയ്ഡിന്റെ കണ്ഠനാളിക്കു ചുറ്റും (വംശീയഭ്രാന്തിനൊപ്പം)
വരിഞ്ഞുമുറുകി നിന്ന ആ വൃത്തികെട്ട അമേരിക്കൻ കാലുകൾക്കും വഴിയിൽ കാണുന്ന മനുഷ്യരുടെ മെക്കിട്ട്‌ കയറുന്ന നമ്മുടെ ഒരുപറ്റം നാടൻ പൊലീസുകാരുടെ വൃത്തികെട്ട മനോഭാവങ്ങൾക്കും ഇത്രമേൽ ജാതകപ്പൊരുത്തമുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ അശുദ്ധമായ ആഭ്യന്തര ഘടനയിൽ തുടങ്ങി
സ്റ്റേറ്റ്‌ സ്പോൺസേർഡ്‌ ടെററിസത്തിന്റെ
വേട്ടപ്പട്ടികളായി ഒടുങ്ങുന്നത്‌ വരെയുള്ള പൊലീസിങ്ങിന്റെ അപലപനീയമായ അകം കാഴ്ചകൾ തുറന്നു കാട്ടാൻ പരിശ്രമിക്കുന്നു എന്നതാണു ‘നായാട്ടി’ന്റെ ഏറ്റവും ശ്രദ്ധേയമായ വശം.
തൊട്ടാൽ പൊട്ടുന്ന ഈഗോയിലും
സദാ മുഴങ്ങുന്ന തെറിവിളിയിലും കൽപനകളിലും തിടംവച്ചു നിൽക്കുന്ന അധികാരദണ്ഡിന്റെ ഹുങ്കാരം
ഒരുവശത്തും, ഒരിക്കലും കത്താനരുതാതെ പുകഞ്ഞും എരിഞ്ഞും തീരുന്ന അനീതിയുടെയും
അടിച്ചമർത്തപ്പെടലിന്റെയും
അസംതൃപ്തിയുടെയും അനിരോധ്യമായ ഫ്രസ്ട്രേഷനുകൾ മറുവശത്തും ഹയറാർക്കിയുടെ എല്ലാ തലങ്ങളിലും വീർപ്പടക്കി നിൽക്കുന്നത്‌ ‘നായാട്ടി’ൽ. ഉടനീളം കാണാം. (ഇത്രമേൽ വെന്തുരുകുന്ന ഒരു ഫർണ്ണസിൽ നിന്ന് നീതി, തുല്യത, ജനാധിപത്യം തുടങ്ങിയ ശാന്തമൂല്യങ്ങളുടെ ബഹിർസ്ഫുരണം പ്രതീക്ഷിക്കുന്നിടത്താണു തെറ്റ്‌ എന്ന് സർക്കാസ്റ്റിക്കായി തിരിച്ചറിയാവുന്നതേയുള്ളൂ ! ). ഈ ശ്വാസം മുട്ടിക്കുന്ന ഫ്രെയിംവർക്കിന്റെ സഹജമായ സമ്മർദ്ദങ്ങൾക്ക്‌ മീതെയാണു നാട്ടിലെ സാദാ മുതലാളി മുതൽ ചങ്ങാത്ത മുതലാളിത്തത്തിനു വേണ്ടി വരെയും, പ്രാദേശിക കക്ഷി രാഷ്ട്രീയം മുതൽ മത ഫാഷിസ്റ്റ്‌ സ്റ്റേറ്റ്‌ താത്പര്യങ്ങൾക്ക്‌ വരെയും ഭരണകൂടത്തിന്റെ വിവിധ ശ്രേണികൾ പൊലീസിനെ നിരന്തരം
വേട്ടപ്പട്ടികളാക്കി നടത്തുന്ന നായാട്ടിന്റെ
കാഠിന്യം. ‘ഗുണ്ടകൾക്ക്‌ പോലും ഒരു കൊട്ടേഷൻ വേണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സാതന്ത്ര്യമുണ്ട്‌’, പൊലീസിനതില്ല; അനുസരിക്കുക മാത്രം എന്ന് ജോജോയുടെ കഥാപാത്രം ആത്മനിന്ദയോടെ പറയുന്നത്‌ കേൾക്കാം. ഈ നായാട്ടിന്റെ ഏറ്റവും ക്രൂരവും ദയനീയവുമായ ട്രജക്റ്ററി, ഇതിൽ ഒരർഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇവരെല്ലാവരും വേട്ടക്കാരും ഇരകളുമാണു എന്നതാണു.

ഏതാനും ദലിത്‌ യുവാക്കളുമായി ബന്ധപ്പെട്ട ഒരു കേസിനിടയിൽ അവർക്കും പൊലീസിനുമിടയിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളിൽ നിന്നാണു കഥ ആരംഭിക്കുന്നത്‌. കൂടുതൽ ഗുരുതരമായ ഒരു തലത്തിലേക്ക്‌ അവിചാരിതമായി അത്‌ ചെന്ന് പതിക്കുന്നതോടെയാണു കാര്യങ്ങൾ കൈവിട്ടുപോകുന്നത്‌.
അക്യൂസ്ഡ്‌ ആയ മൂന്ന് പൊലീസുകാർ അറസ്റ്റ്‌ ഭയന്ന് ഒളിവിൽ പോകുകയും
അതോടെ പൊലീസ്‌ വെഴ്സസ്‌ പൊലീസ്‌ ഗെയിമിലേക്ക്‌ കഥയുടെ ഗതി തിരിയുകയും ചെയ്യുന്നു. വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയമാണു ഈ കളിയിൽ ഭരണകൂടത്തിന്റെ താത്‌പര്യം. ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടു തലേ ദിവസങ്ങളിലാണു സംഭവങ്ങൾ അരങ്ങേറുന്നതെന്നതിനാൽ അനീതിയ്ക്കിരയായ ദലിത്‌ കൂട്ടായ്മയുടെ പ്രതിഷേധാഗ്നിയ്ക്ക്‌ മുൻപിൽ പിടിച്ചു നിൽക്കുവാൻ പൊലീസുകാരുടെ അറസ്റ്റ്‌ മാത്രമാണു മുഖ്യമന്ത്രിയുടെ മുൻപിലുള്ള പോംവഴി.
സ്വന്തം കുടുംബത്തെ പോലും മാറ്റിവച്ച്‌ ഡിപാർട്മെന്റിനെ ത്യാഗപൂർണമായി സേവിച്ചതിന്റെ ചരിത്രമെല്ലാം കൃതഘ്നതാപൂർവം വഴിമാറിപ്പോകുന്നത്‌ ജോജുവിനും സബോർഡിനേറ്റ്സിനും കണ്ണീരോടെ നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂ.

ഓഥർ ബാകിങ്‌ ജോജുവിനും കൂട്ടർക്കുമാണെങ്കിലും അവരുടെ
സന്തോഷങ്ങളും നന്മകളും നഷ്ടങ്ങളും
മാത്രമല്ല, ദു:ഖവും ദേഷ്യവും ദുരഭിമാനവും തെറ്റുകളും കൂടി മറയില്ലാതെ തുറന്നുകാട്ടുവാൻ തിരക്കഥാകൃത്തും സംവിധായകനും തയ്യാറാകുന്നുണ്ട്‌. അത്രയും നല്ലത്‌. എന്നാൽ അതിലുപരിയായി, തങ്ങളാൽ പൊലിഞ്ഞുപോയ ഒരു മനുഷ്യന്റെ
ജീവന്റെ വിലയ്ക്ക്‌ കണക്ക്‌ ബോധിപ്പിക്കാതെ പറ്റില്ല എന്ന പ്രാഥമികമായ നീതിബോധം അവരിൽ ഒരാളെപ്പോലും ഒരിക്കലും മഥിക്കുന്നില്ല എന്നത്‌ ഒട്ടും സ്വീകാര്യമായിത്തോന്നുന്നില്ല. ഈ വൈയക്തികമായ നീതിബോധത്തിനപ്പുറം, സ്റ്റേറ്റിന്റെ വേട്ടമൃഗങ്ങൾ സ്റ്റേറ്റിന്റെ തന്നെ ഇരകളായി മാറുന്നതിന്റെ ശക്തമായ രാഷ്ട്രീയം മലയാളം മുഖ്യധാരാ സ്ക്രീനിൽ ദർശിക്കുന്നതിന്റെ സന്തോഷത്തിനുമപ്പുറത്ത്‌, ‘നായാട്ട്‌’ എന്നെ അലോസരപ്പെടുത്തുന്നത്‌ ദലിത്‌ പ്രതിനിധാനത്തിൽ സിനിമ കൈക്കൊള്ളുന്ന അക്ഷന്തവ്യമായ വരേണ്യ പൊതുബോധമാണു. ‘കുനിഞ്ഞു നിൽക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി സാറേ’ എന്ന് നെഞ്ചൂക്കോടെ പ്രഖ്യാപിക്കണമെങ്കിൽ ആ ദലിതൻ കള്ളും കഞ്ചാവും ഉപയോഗിക്കുന്ന, സ്ത്രീത്വത്തെ ബഹുമാനിക്കാത്ത,
അക്രമ സ്വഭാവമുള്ള, ഔട്കാസ്റ്റ്‌ ചെയ്യപ്പെടേണ്ട ഒരാളാവും എന്നതിൽ സിനിമയ്ക്ക്‌ യാതൊരു സംശയവുമില്ല. ഈ ആട്രിബ്യൂട്ടുകളാവട്ടെ, ഒട്ടും നവീനവുമല്ല. കാട്ടാളൻ, അസുരൻ തുടങ്ങിയ ദലിത്‌ – കീഴാള വിരുദ്ധ
ടെർമിനോളജികളുടെ സദൃശമഹാഖ്യാനങ്ങളുടെ കാലികമായ തുടർച്ച മാത്രമാണത്‌. നായകരിലൊരാൾ ദലിത്‌ ആണു എന്നതുകൊണ്ട്‌ കണ്ണടച്ചു മറികടക്കാവുന്നതല്ല സാമൂഹിക നീതിയുടെ രാഷ്ട്രീയ സമസ്യകൾ.
നീതിയ്ക്ക്‌ വേണ്ടി സമരം ചെയ്യുന്ന ദലിത്‌ കൂട്ടായ്മയെ ജാതി പ്രീണന – വോട്ട്ബാങ്ക്‌ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നതിലും ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌. അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ പല്ലക്ക്‌ ചുമക്കുന്ന സവർണ്ണജാതി രാഷ്ട്രീയം രാജകീയവും ഉയിർപ്പിന്റെ ദലിത്‌ സ്വത്വരാഷ്ട്രീയം മാത്രം ‘ആസുര’വുമാകുന്നതിന്റെ ചരിത്രവും വർത്തമാനവുമാണു ഇൻഡ്യൻ എലക്റ്റോറൽ പോളിറ്റിക്സ്‌. ഏറ്റവുമൊടുവിൽ കേരളം, ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വരെ ഈ പിത്തലാട്ടമാണല്ലോ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. അങ്ങനെയൊരു ഘട്ടത്തിൽപ്പോലും,
ജാതി – വോട്ട്‌ബാങ്ക്‌ രാഷ്ട്രീയം സമം
ദലിത്‌ രാഷ്ട്രീയം എന്ന സമവാക്യമാണു ‘നായാട്ടു’കാർക്ക്‌ പഥ്യം. അതിനു സമാന്തരമായി, വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ കുളിപ്പുരയിൽ എല്ലാവരും നഗ്നരായിരിക്കുമ്പോഴും അരിവാൾ ചുറ്റിക മാത്രം അതിന്റെ അടയാളമായി പ്രത്യക്ഷപ്പെടുന്നതിലും ഉളവാകുന്ന അസ്വസ്ഥത ചെറുതല്ല.

‘ആക്ഷൻ ഹീറോ ബിജു’വിൽ
നിന്നും ഒരുപടി കൂടി മുന്നോട്ട്‌ കടന്ന്
പൊലീസ്‌ ജീവിതത്തിന്റെ അകവും
റിയലിസ്റ്റിക്കായി
ചിത്രീകരിക്കരിക്കുന്ന ‘നായാട്ട്‌’, ഇൻവെസ്റ്റിഗേഷൻ രംഗങ്ങളിൽ ത്രില്ലർ മൂഡ്‌ കൈക്കൊള്ളുന്നതായിക്കാണാം.
അറസ്റ്റ്‌ വഴങ്ങുന്നതിലും നല്ലത്‌ ഒളിവിൽപ്പോകുന്നതാണെന്ന തീരുമാനത്തിലും സ്റ്റേഷന്റെ സുരക്ഷിതത്വം പരിഗണിക്കാതിരുന്ന നിമിഷയുടെ സമീപനത്തിലുമെല്ലാം ഉയർന്ന് വരാവുന്ന ലോജിക്കൽ ചോദ്യങ്ങളെ സിറ്റുവേഷന്റെ കെയോസ്‌ കൊണ്ട്‌ മറികടക്കുവാൻ സംവിധായകനു സാധിക്കുന്നുണ്ട്‌. എന്നാൽ ഒളിച്ചോട്ടത്തിന്റെ സന്ദർഭങ്ങൾ ചിലപ്പോഴൊക്കെ മൂന്നാർ ടൂർ വിഡിയോ ആയി മാറുന്നുമുണ്ട്‌. ആ സ്ലിപ്പുകളെയൊക്കെ നിഷ്പ്രഭമാക്കുന്നത്‌ പക്ഷെ ചിത്രത്തിന്റെ ബ്രെയ്‌വ്‌ ക്ലൈമാക്സ്‌ ആണു. ഇഞ്ച്വറി ടൈമിൽ നടന്നേക്കാവുന്ന ട്വിസ്റ്റിൽ അന്തിമ വിജയം നായകരെ തേടിയെത്തുമെന്ന മാസിന്റെ കണക്കുകൂട്ടലുകൾക്കിടയിലേക്ക്‌ ഗ്രേ ക്ലൈമാക്സിൽ തങ്ങൾ കൊടുക്കാനാഗ്രഹിക്കുന്ന മെസ്സേജിനെ ബാങ്‌ ചെയ്ത്‌ നിർത്തുന്ന റൈറ്റർ- ഡയരക്ടർ ബ്രില്യൻസ്‌ കൈയടി അർഹിക്കുന്നു.

ജോജുവും ബോബനും നിമിഷയും അനിലും ജാഫർ ഇടുക്കിയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ പ്രതീക്ഷാനുസാരം
ഗംഭീരമാക്കിയപ്പോൾ
സ്ക്രീൻ പ്രസൻസിൽ ഞെട്ടിച്ചുകളഞ്ഞത്‌
യമ ആണു. ഷൈജു ഖാലിദിന്റെ പതിവ്‌ പോലെ സുന്ദരമായ ദൃശ്യങ്ങളും മഹേഷ്‌ നാരായണന്റെ എഡിറ്റിങ്ങും വിഷ്ണു വിജയ്‌ – അഖിൽ അലക്സിന്റെ സംഗീതവും സിനിമയ്ക്ക്‌ ഭംഗിയേറ്റുന്നു

കെ സി ഷൈജൽ വയനാട്

Leave a Reply

Your email address will not be published. Required fields are marked *