അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര; ഓരോ താളുകളിലായി അനവധി പുസ്തകങ്ങളിലൂടെയും മനുഷ്യരിലൂടെയും അസാധാരണമായും അനായാസമായും സാങ്കല്പികമായും യാഥാർഥ്യ ബോധത്തോടെയും സഞ്ചരിക്കുന്നൊരു പുസ്തകം ഇതാദ്യമായാണ് ഞാൻ വായിക്കുന്നത്. പുസ്തകത്തിലൂടെ ഞാൻ അനുഭവിച്ചത് കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നൊരു പ്രതീതി ആയിരുന്നു. വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നോവലിൽ
അനേകം എഴുത്തുകാരെയും അവരുടെ രചനകളെയും അനുഭവങ്ങളേയും ഒരൊറ്റ നൂലിൽ ഭംഗിയുള്ള വർണ്ണമുത്തുകൾ ചേർത്ത് വെച്ച പോലെ കോർത്തെടുക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കാഫ്കയും ബോര്‍ഹസും നെരൂദയും റൂമിയും ദസ്തയേവ്സ്കിയും തുടങ്ങി ഒട്ടേറെ എഴുത്തുകാർ നോവലിനിടയ്ക്ക് പലപ്പോഴായി കടന്നുവരുന്നുണ്ടെങ്കിലും ഇത് നോവലിന്റെ ഘടനയിൽ ഒരു അതിഭാവുകത്വം സൃഷ്ടിക്കുന്നില്ല എന്നത് എഴുത്തുകാരന്റെ രചനാവൈഭവത്തെ സൂചിപ്പിക്കുന്നു. കഥാപാത്രങ്ങൾക്കൊപ്പം വളരെ അലസമായിട്ടാണ് പലപ്പോഴും അത് ചുറ്റപ്പെട്ടു നിൽക്കുന്നത്. അലി, സൂസന്ന, അഭി, തണ്ടിയേക്കൻ, നീലകണ്ഠൻ പരമാര, വെള്ളത്തൂവൽ ചന്ദ്രൻ, പശുപതി, അമുദ, ഫാത്വിമ, ഇക്ബാൽ, കൃഷ്ണൻ, ലക്ഷ്മി, കാര്‍മേഘം, ജോസഫ്, പോൾ……ഓരോ കഥാപാത്രത്തിനും വ്യത്യസ്തത നൽകി സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും ഇരുളടഞ്ഞ പ്രാന്തങ്ങളിലൂടെ മനസ്സിന്റെ അന്ത്യമില്ലാത്ത അന്വേഷണത്തിലൂടെയുമുള്ള കഥാഗതി വായനക്കാരന് ഒട്ടുംതന്നെ മടുപ്പുളവാക്കാത്ത തരത്തിലുള്ളതാണ്.
നമ്മുടെ സ്നേഹങ്ങൾ എത്രയാഴത്തിൽ മണ്ണടിഞ്ഞാലും, എത്ര ഋതുക്കൾ അതിനു മീതെ കടന്നു പോയാലും, നാം പുരാവസ്തു ഗവേഷകരെപ്പോലെ അതിലേക്ക് കുഴിച്ചു ചെന്നുകൊണ്ടിരിക്കും🌻
വിവേക് വയനാട്