മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനന്‍. ഷീല, ശോഭന, മഞ്ജു വാര്യര്‍ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് എന്നാല്‍ സ്ത്രീകള്‍ക്ക് റോളുകളില്ല എന്നാണ് മാളവിക പറയുന്നത്.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക വ്യക്തമാക്കുന്നത്.
പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ്. മമ്മൂട്ടിയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിച്ചത് എന്നും താരം വെളിപ്പെടുത്തി. 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് മമ്മൂട്ടി ചോദിച്ചു.അങ്ങനെയാണ് പട്ടം പോലെയില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും താരം പറഞ്ഞു. നേരത്തെ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനിരുന്ന സിനിമ മുടങ്ങിപ്പോയതിനെ കുറിച്ചും മാളവിക പറഞ്ഞിരുന്നു.