എന്നാലും ചോദിക്കട്ടെ സുഖമാണോ നിങ്ങൾക്ക്

Stories

നോട്ട് നിരോധനം
ജി എസ് ടി
നിപ്പ
പ്രളയം
പിന്നെയും പ്രളയം
കൊറോണ
ലോക്ക് ഡൗൺ
കൂട്ട മരണങ്ങൾ
ദയനീയ വാർത്തകൾ
തൊഴിലില്ലായ്മ
കണ്ടയ്മെൻറ് സോണുകൾ
റെഡ് അലർട്ട്
തകർപ്പൻ മഴ
പുറത്തിറങ്ങാനാവാതെ
അവസ്ഥ
കാര്യം പരുങ്ങലിലാണെന്നറിയാം..
എന്നാലും ചോദിക്കട്ടെ
സുഖമാണോ നിങ്ങൾക്ക്.

കണ്ടയ്‌ന്മെന്റ് എന്ന വീട്ടിലിരിക്കൽ പ്രക്രിയക്ക് ശേഷം അയാൾ തന്റെ ഉപജീവനമാർഗമായ കട തുറന്നു.. തുറക്കാതെ വെച്ച പൂട്ട് തുരുമ്പിച്ചു തുടങ്ങിയിരുന്നു. ഏതോ മലയാള സിനിമയിലെ യക്ഷി സിനിമകളെ വെല്ലുന്ന മാറാലകൾ മുഴുവനും കടയിലേക്ക് ആവാഹിച്ചിട്ടുണ്ട്. അവ വകഞ്ഞുമാറ്റി അകത്തേക്ക് കയറിയ അയാൾ അമ്പരന്നു . എലിയും കൂറയും തിന്നു തീർത്തും കടിച്ചുമുറിച്ചും വികൃതമാക്കിയ സാധനങ്ങൾ കണ്ട് തലയിൽ കൈ വെച്ച് നിന്നു . എങ്ങിനെ കണക്കു കൂട്ടിയാലും തനിക്ക് ചുരുങ്ങിയത് രണ്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ടാകും. എല്ലാം ഒന്നിൽ നിന്നും വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു. മനസ്സ് പെരുത്തു… ആശ്വാസത്തിന് ഒരു തുമ്പും കാണാനില്ല. അപ്പോഴാണ് അയാൾ തൊട്ടടുത്ത ചെരിപ്പു കടയിലെ സുഹൃത്തിനെ കുറിച്ച് ഓർത്തത്. അയാൾക്കും ഇതുപോലെ എന്തെങ്കിലും നഷ്ടം വന്നു കാണുമോ? അയാൾ പുറത്തിറങ്ങി ഇറങ്ങി വിളിച്ചു ചോദിച്ചു ലത്തീഫ് എന്താ നിങ്ങളുടെ സ്ഥിതി? എന്തു പറയാനാ ഒരു അഞ്ച് ലക്ഷം രൂപ കടം വാങ്ങിയാൽ വീണ്ടും ആരംഭിക്കാം സങ്കടച്ചിരിയോടെ അയാൾ പറഞ്ഞു തീർത്തു. അത്രയേറെ ബാധ്യതകൾ വന്നിട്ടുണ്ട് പാവത്തിന്. തനിക്ക് രണ്ട് ലക്ഷമല്ലെ .. ലത്തീഫിന് 5 ലക്ഷം .. സഹതാപം തോന്നിയെങ്കിലും തനിക്ക് ഇത്തിരി ആശ്വാസം വന്നത് പോലെ. അപ്പോൾ നമ്മുടെ പുതിയ തീയേറ്റർ ഉടമക്ക് എത്ര നഷ്ടം വന്നിട്ടുണ്ടോ ആവോ? ഭീമമായ ലോണും കാര്യവുമായി തിയേറ്റർ പണിതിട്ട് മാസങ്ങളേ ആയിട്ടുള്ളൂ… അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോൾ ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം രൂപ നഷ്ടമായിരിക്കുന്നു.. ഇനി ഒരു വർഷത്തേക്കെങ്കിലും തീയേറ്റർ ഓടുമോന്നറിയില്ല. നഷ്ടങ്ങളുടെ പട്ടിക ഇനിയും കൂടും. പിന്നെ പരിചയക്കാരനായ ടെക്സ്റ്റൈൽസ് ഉടമയെ വിളിച്ചുചോദിച്ചു. അദ്ദേഹത്തിന് 15 ലക്ഷത്തിലധികം രൂപ നഷ്ടം ഉണ്ടായത്രെ.. സീസൺ മുഴുവൻ പോയ വേദനയും . ഈസ്റ്ററും പെരുന്നാളും വിഷുവും പോലുള്ള ഉത്സവങ്ങൾ മുഴുവൻ നഷ്ടമായിരിക്കുന്നു. ഇനി വരാനുള്ളത് മഴക്കാലവും പ്രളയവും .ഇടത്തരം കമ്പനികൾക്കെ കോടികളുടെ നഷ്ടങ്ങളാണ് വന്നിരിക്കുന്നത്. അപ്പോൾ തനിക്ക് വെറും രണ്ട് ലക്ഷം അല്ലേ.. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ച കാലത്ത് ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം . അയാൾ ആശ്വാസത്താൽ കടയിലെ പൊടികൾ തട്ടിമാറ്റി വൃത്തിയാക്കൽ ആരംഭിച്ചു..
ശുഭ പ്രതീക്ഷയോടെ ..

ടി.കെ.ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *