ഇഷാന്റെ ലോകം,നമ്മുടെയും

Novel Reviews

പത്തുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും ബാലമനസ്സിന്റെ നിഷ്കളങ്കതയും നൈർമല്യവും തീർത്തും കൈമോശം വന്നിട്ടില്ലാത്ത മുതിർന്നവർക്കും ആസ്വാദകരമായി വായിച്ചുപോകാവുന്ന ഒരു കൃതിയാണ് ശ്രീ ജോസ്‌ ലറ്റ് ജോസഫിന്റെ Joselet Joseph ‘ഇഷാൻ എന്ന കുട്ടി’ എന്ന ഈ ചെറിയ നോവൽ.

ഞാനിത് ഒറ്റയിരുപ്പിന് വായിച്ചുതീർത്ത് പുസ്തകം താഴെവെക്കുമ്പോൾ രണ്ടുമണിക്കൂർ പോലും ആയിരുന്നില്ല.
ആദ്യ ഭാഗങ്ങളുടെ വായന അല്പം പതുക്കെയായിരുന്നു.അത് വിരസതകൊണ്ട് ആയിരുന്നില്ല.പെട്ടെന്ന് തീർന്നുപോകാതിരിക്കാനായി ഞാൻ മനപ്പൂർവം അങ്ങിനെ ചെയ്തതാണ്.
കേന്ദ്രകഥാപാത്രമായ ഇഷാനെയും
അവന്റെ അനുജൻ ഐലനെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അവരുടെ ജീവിതവുമെല്ലാം അത്രയും തന്മയത്വത്തോടെയും മനോഹരമായും
ആണ് കഥാകൃത്ത് വരച്ചുവച്ചിട്ടുള്ളത്.

കഥ നടക്കുന്ന ഭൂമിക കേരളമോ ഇന്ത്യയിലെ മറ്റുഭാഗങ്ങൾപോലുമോ അല്ല .
ആഭ്യന്തരയുദ്ധം തകർത്തുകളഞ്ഞ സിറിയയോ ഇറാക്കോ അഫ്ഗാനിസ്ഥാനോ പോലുള്ള ഒരു രാജ്യത്തിന്റെ ഉൾനാടൻ ഗ്രാമങ്ങലൊന്നിലാണ് കഥ നടക്കുന്നത്.

വ്യത്യസ്‌തമായ കഥയുടെ പരിസരം ഒരിക്കലും
കഥയുടെ ഒഴുക്കിനെയോ വായനാസുഖത്തെയോ ബാധിക്കുന്നില്ല എന്നത് തീർച്ചയായും കഥാകൃത്തിന്റെ വിജയം തന്നെയാണ്.പ്രഭാത് ബുക്സിലൂടെ നമ്മുടെ കൈകളിലെത്തിയ റഷ്യൻ ബാലകഥകളും നാടോടികഥകളുമെല്ലാം രസിച്ചുവായിച്ച് സായൂജ്യമടഞ്ഞ ഒരു കുട്ടിക്കാലത്തിലൂടെയാണല്ലോ നമ്മളും കടന്നുവന്നിട്ടുള്ളത്.അതുകൊണ്ട് കുട്ടികൾക്കും ഈ കഥ ഉൾക്കൊള്ളാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല
എന്ന് എനിക്കുറപ്പുണ്ട്.എന്തായാലും ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിലും നമ്മുടെ കുട്ടികളുടെ വിദൂരഭാവിയിൽപ്പോലും കടന്നുവരാത്തൊരുലോകം നമുക്കുചുറ്റും ഉണ്ടെന്ന് ഈ കഥനം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

പുസ്തകത്തിന്റെ പാതിഭാഗം കഴിയുന്നതോടെ ഒരു സയൻസ് ഫിക്ഷൻ നോവലിന്റെ ഭാവമാണ് പ്രകടമായി കാണുന്നത്.ഉദ്വോഗജനകമായ കാര്യങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി കടന്നുവരുന്ന അവിടംമുതൽ പേജുകൾ മറിയുന്നത് വായനക്കാർ അറിയുകയേയില്ല.ജോർജ്ജ് ഓർവെല്ലിന്റെ 1984 എന്ന നോവൽ എന്തോ എനിക്ക് ഓർമ്മവന്നു.

കുട്ടികളുടെ കഥകൾ സാരോപദേശങ്ങളാൽ സമ്പന്നമായിരിക്കണമെന്നും സന്തോഷപര്യവസാനിയാകണമെന്നും ഒക്കെയുള്ള പതിവ് ശീലങ്ങളെ അതിലങ്കിക്കുന്നുവെന്ന ഒരു പ്രത്യകത കൂടിയുണ്ട് ഈ പുസ്തകത്തിന്.
എന്നിട്ടും അതൊരു ന്യൂനത ആയി അനുഭവപ്പെടുന്നില്ല എന്നുള്ളത് കഥാകൃത്തിന്റെ രചനാവൈഭവംതന്നെയാണ്.
അദ്ദേഹം ഒരു സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയതുകൊണ്ടായിരിക്കാം ഈ പുസ്തകത്തിന്റെ വായന പകർന്നുതരുന്നത് ആത്യന്തികമായി ഒരു ചലച്ചിത്രത്തിന്റെ ദൃശ്യചാരുത തന്നെയാണ്.

റിവ്യൂ എഴുതിയത്ഃ കിഷോർ ദാസ്‌

Leave a Reply

Your email address will not be published. Required fields are marked *