” മാധ്യമ ഗുണ്ടകൾ ജനാധിപത്യത്തിന് ആപത്ത് ”!!
കഴിഞ്ഞ ദിവസം വാട്സ്ആപ്പില്‍ കിട്ടിയ ഒരു ‘കാപ്സ്യൂളിന്‍റെ’ അവസാന വാക്കാണിത്. ” മാധ്യമ ഗുണ്ടകൾ ജനാധിപത്യത്തിന് ആപത്ത്. അവരെ നേരിടുക തന്നെ ചെയ്യും “
അതേ കുറിപ്പിന്‍റെ മുകളില്‍ പറയുന്ന വിഷയങ്ങള്‍ വസ്തുതാപരമായി ഏറെക്കുറെ യോജിക്കാവുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ അവസാനിപ്പിക്കുന്ന വാക്കുകളാവട്ടെ ഒരു തരത്തിലും യോജിക്കാന്‍ പറ്റുന്നതായിരുന്നില്ല.
മാധ്യമ പ്രവര്‍ത്തനം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇങ്ങനെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത സ്വാഭാവികം. എന്നാല്‍ അതെല്ലാം മാറ്റിവെച്ചുകൊണ്ട് സ്വയം വിമര്‍ശനപരമായി ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്നു തോന്നി. അതുകൊണ്ടുതന്നെ ഇതേ തരത്തില്‍ ഇതിന് മുന്‍പ് പല വിഷയങ്ങളിലായി വന്ന വാട്സ്ആപ്പ് ഫോര്‍വേഡുകള്‍ ഒന്ന് എടുത്തു പഠിച്ചു.
സമാനമായ ചില വാക്കുകളോടെയാണ് ആ മെസേജുകളെല്ലാം അവസാനിപ്പിക്കുന്നത് എന്നതായിരുന്നു വിചിത്രമായ കാര്യം. അതില്‍ ചിലത്:
”നാറിയ മാധ്യമ വെടികളെയും ഗുണ്ടകളെയും നാട്ടുകാർ കൈ വെക്കേണ്ട സമയം കഴിഞ്ഞു.
മാധ്യമ ഗുണ്ടകൾ ജനാധിപത്യത്തിന് ആപത്ത്. ”
”കിഫ്ബി വിളിച്ച പത്ര സമ്മേളന വാർത്ത മുക്കി മാതൃകയായി മാധ്യമ വേശ്യകൾ !!
മാധ്യമ ക്രിമിനലുകൾ നാടിന് ആപത്ത്. “
“വേണു വിനുമാധി ജഡ്ജുകൾ മാത്രം കൊടുക്കുന്ന ക്ലീൻ ചിറ്റ്. മാധ്യമ ഗുണ്ടകൾ നാടിന് ആപത്ത്. “
“ഈ തരം വാർത്തകൾ മുക്കുന്നതും ജനാധിപത്യമാണ് പോലും. മാധ്യമ വ്യഭിചാരം നമ്മുടെ ജനാധിപത്യത്തിന് ആപത്ത്. അത് കേന്ദ്രത്തിൽ ആയാലും കേരളത്തിൽ ആയാലും. “
“വാർത്തകൾ തമസ്ക്കരിക്കലും ലളിതവൽക്കരിക്കലും മാധ്യമ സ്വാതന്ത്യമാണ് പോലും. വൃത്തികെട്ട മാധ്യമ കൊട്ടെഷൻ സംഘങ്ങൾ ജനാധിപത്യത്തിന് ആപത്ത്. നേരിടും – നാടിന് വേണ്ടി , ജനാധിപത്യത്തിന് വേണ്ടി.”
അവസാനമായി ഇന്ന് മറ്റൊന്നുകൂടെ കിട്ടി.
“വാര്‍ത്തകളെ വ്യഭിചരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഇരുട്ടത്ത് കിട്ടിയാല്‍ 100% കൈ വെക്കും.”
വാര്‍ത്തകളെ വ്യഭിചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആരാണ് എന്നത് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ വ്യാഖ്യാനിച്ച് തീരുമാനിക്കാം. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ട് കിട്ടേണ്ടത് തന്നെയാണ് എന്നതാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്.
അപ്പോള്‍ നമുക്ക് മാധ്യമങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് തന്നെ സംസാരിക്കാം. മാധ്യമങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് എല്ലാവർക്കും പരാതിയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്ന കാര്യത്തില്‍ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
1, മാധ്യമങ്ങള്‍ സ്വയം തകർക്കുന്ന വിശ്വാസ്യത-
2, അജണ്ട നിശ്ചയിച്ചുകൊണ്ട് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കല്‍-
ഈ രണ്ട് കാര്യങ്ങളെയും രണ്ടായി തന്നെ കണ്ട് പരിശോധിക്കണം എന്നാണ് തോന്നിയിട്ടുള്ളത്. പൊതു സമൂഹത്തിന് പഴയതുപോലെ മാധ്യമങ്ങളില്‍ വരുന്ന പ്രത്യേകിച്ചും ചാനലുകളില്‍ വരുന്ന വാര്‍ത്തകളെ/ നിലപാടുകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല എന്നത് ഒരു സത്യമാണ്. എങ്ങനെയാണ് അത്രത്തോളം മാധ്യമങ്ങളുടെ വിശ്വാസ്യത തകരാന്‍ ഇടയായത്. അതാണ് പരിശോധിക്കേണ്ടത്.
1, മാധ്യമങ്ങള്‍ സ്വയം തകർക്കുന്ന വിശ്വാസ്യത-
ഏതൊരു മാധ്യമവും മുന്നോട്ടു പോകുന്നത് അവര്‍ അക്കാലമത്രയും അതിന്റെ കാഴ്ച്ചക്കാരനോട് വായനക്കാരനോട് നടത്തുന്ന ഇടപാടുകളിലൂടെയാണ്. ഈ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വാര്‍ത്തകള്‍ അല്ലെങ്കില്‍ വിവരങ്ങളാണ്. ആ വിവരങ്ങളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ നടത്തുന്ന അവലോകനങ്ങളാണ് അവരുടെ നിലപാടുകളായി പുറത്തേക്ക് വരുന്നത്.
എന്നാല്‍ ഇവിടെ ചില മാധ്യമങ്ങള്‍ കാണിക്കുന്ന പ്രത്യക്ഷത്തില്‍ തന്നെ പക്ഷപാതപരമായ ഇടപെടലുകള്‍ വലിയ തോതില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതാണ്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതു തന്നെയാണ് മാധ്യമങ്ങളുടെ പണി. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് കൂടെ അറിയേണ്ട ചോദ്യങ്ങളാവണം ചോദിക്കേണ്ടത്. അപ്പോള്‍ ജനത്തിന് അറിയേണ്ട ചോദ്യങ്ങളാണോ ചാനലുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്.
സരിതയുടെ വാഹനത്തിന് പിന്നാലെയുള്ള ചേസിങ്, ശശീന്ദ്രന്‍, ജോസ് തെറ്റയില്‍ തുടങ്ങിയ നേതാക്കള്‍ക്ക് എതിരായ ദൃശ്യങ്ങള്‍, കൂടത്തായിയില്‍ ജോളിയെയും കൊണ്ട് പോയപ്പോള്‍ ഉണ്ടായ റോഡ് ഷോ കോലാഹലങ്ങള്‍, ഓമനക്കുട്ടന് എതിരായ വ്യാജ ആരോപണം എല്ലാം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ട കാര്യമാണ്.
ഇതില്‍ ഓമനക്കുട്ടന്‍റെ കാര്യത്തില്‍ ചില മാധ്യമങ്ങളെങ്കിലും വാര്‍ത്ത തെറ്റാണെന്ന് കണ്ട് മാറ്റിപ്പറയാന്‍ തയ്യാറായി. അന്നത്തെ ന്യൂസ് 18 ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജ് തന്നെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഓമനക്കുട്ടന്‍ സംഭവത്തില്‍ മാപ്പ് പറയുകയുണ്ടായി. എന്നാല്‍ ചെയ്ത വാര്‍ത്ത തെറ്റാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷവും അത് തിരുത്താന്‍ തയ്യാറാവാതെ നിന്ന ചാനലുകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. അതങ്ങനെ തന്നെ വിര്‍ശിക്കപ്പെടുകയും വേണം.
സംഗതി എന്തായാലും എന്താണിവര്‍ കാട്ടിക്കൂട്ടുന്നത് എന്ന നിലയിലേക്ക് സാമാന്യ ജനത്തിന് തോന്നലുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അതേസമയം എല്ലാ ദിവസവും അടിയും പുകയുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മാത്രമാണ് റേറ്റിങ് ഉണ്ടാവുക എന്ന വാദവും തള്ളിക്കളയാന്‍ പറ്റിയതല്ല. അപ്പോള്‍ ബാലന്‍സ് എവിടെയാണ് എന്നതാണ് ഉയരുന്ന ചോദ്യം.
എന്തുകൊണ്ട് ചാനലുകള്‍ ഇങ്ങനെ ചെയ്യുന്നു?
ചാനലുകള്‍ കാണുമ്പോള്‍ നമ്മുടെ മുന്നിലെത്തുന്ന അവതാരകനെ/ റിപ്പോര്‍ട്ടറെയാണ് നമ്മള്‍ പലപ്പോഴും വിമര്‍ശിക്കുന്നത്. എന്നാല്‍ ഒരു റിപ്പോര്‍ട്ടറോ അവതാരകനോ ടോപ്പ് ബാക്കിലൂടെ കണ്ക്ട് ചെയ്യപ്പെട്ട ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിന്‍റെ നിയന്ത്രണത്തിലാണ്. അവിടെ ഒരു പ്രൊഡ്യൂസറുണ്ട്. അവരെ നിയന്ത്രിക്കുന്ന ഡെസ്ക്കും ചുമതലക്കാരുമുണ്ട്. എഡിറ്റോറിയലിന്റെ മൊത്തം ചുമതലയുള്ള എഡിറ്ററുണ്ട്. അതിന് മുകളില്‍ മാനേജ്മെന്റ്.
ഇവിടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടറോ, അവതാരകനോ ചെയ്യേണ്ടിവരുന്നത് മാധ്യമ മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന എന്നതാണ്. അത് റേറ്റിങുമായ ബന്ധപ്പെട്ട കാര്യങ്ങളാവും. ഇന്ന കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ റേറ്റിങ് കിട്ടും എന്ന് ധാരണയില്‍ അവര്‍ പല തീരുമാനങ്ങളും എടുക്കുന്നു. ഏറിയും കുറഞ്ഞും അത് ഏറ്റെടുക്കാന്‍ ബാധ്യതപ്പെട്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍.
റേറ്റിങില്‍ മുന്നിലെത്തിയാല്‍ മാത്രമേ കൂടുതല്‍ പരസ്യങ്ങള്‍ കിട്ടുകയുള്ളൂ. പരസ്യങ്ങള്‍ മുടങ്ങാതെ ലഭിച്ചാല്‍ മാത്രമേ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയുകയുള്ളൂ. ഈ മേഖലയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ റേറ്റിങ് കൂടുതലുള്ള പരിപാടികള്‍ ചെയ്യണം. ഇവിടെ ക്രെഡിബിലിറ്റിയും പരസ്യ വിപണിയുടെ സമ്മര്‍ദ്ദവും ഒന്നിച്ചു കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല.
അങ്ങനെ വരുമ്പോൾ ചാനലുകൾക്ക് പരസ്യങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ബിസ്നസ് മോഡൽ എത്രകാലം ഇതുപോലെ മുന്നോട്ടു കൊണ്ടുപോകാനാവും എന്നതാണ് പ്രശ്നം. സത്യത്തില്‍ പ്രശ്നത്തിന്റെ കാതല്‍ കിടക്കുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഈ ക്രഡിബിലിറ്റി ചര്‍ച്ചകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന ഒന്നാണ്.
ബിബിസിയെ നമ്മള്‍ മികച്ച ഒരു ടെലിവിഷന്‍ ചാനലായി കണക്കാക്കും. അവര്‍ പുലര്‍ത്തുന്ന എഡിറ്റോറിയല്‍ പോളിസിയെ പുകഴ്ത്തും. എന്നാല്‍ ഓരോ ബ്രിട്ടീഷ് പൗരനും കൊടുക്കുന്ന ബിബിസി ടാക്സിലൂടെയാണ് ആ മാധ്യമ സ്ഥാപനം ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാധ്യമ സ്ഥാപനമായി നിലനില്‍ക്കുന്നത്.
അതുകൊണ്ട് പരിഹാരം കാണേണ്ടത് പരസ്യങ്ങളെ മാത്രം ആശ്രയിച്ച് എങ്ങനെ ഇനിയുളള കാലം മുന്നോട്ട് പോകാനാവും എന്നതിലാണ്. പരസ്യങ്ങള്‍ക്കും ഇവന്റുള്‍ക്കും അപ്പുറത്ത് മറ്റൊരു വരുമാന മാര്‍ഗം കണ്ടുപിടിക്കാത്തിടത്തോളം കാലം ഇത് തുടരാനാണ് സാധ്യത. അല്ലെങ്കില്‍ പരസ്യ വിപണിയുടെ സമ്മര്‍ദ്ദങ്ങളില്ലാത്ത, റേറ്റിങിനും വ്യൂവര്‍ഷിപ്പിനും വേണ്ടിയുള്ള അനാരോഗ്യകരമായ മത്സരങ്ങളില്ലാത്ത പ്രൊഫഷണല്‍ മാധ്യമങ്ങളെ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഉണ്ടാക്കാനാവുമോ എന്നതാണ് ആലോചിക്കേണ്ടത്.
2, അജണ്ട നിശ്ചയിച്ചുകൊണ്ട് മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി തകര്‍ക്കല്‍-
മാധ്യമങ്ങള്‍ സ്വയം ഇല്ലാതാക്കുന്ന വിശ്വാസ്യതയ്ക്ക് അപ്പുറം മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് സോഷ്യല്‍ മീഡിയ വഹിക്കുന്നത്. എന്നാല്‍ ഇതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ്. ഇവിടെ അജണ്ട നിശ്ചയിക്കുന്നത് തീര്‍ച്ചയായും വാട്സ്ആപ്പ് കാപ്സ്യൂളുകള്‍ തന്നെയാണ്. ഒപ്പം നൂറുകണക്കിന് ഫേസ്ബുക്ക് ഗ്രൂപ്പുകളും.
ഇവിടെ മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകളെയോ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകളെയോ വിമര്‍ശിക്കുന്നതിന് ആരും എതിരല്ല. അതിനെ അങ്ങനെ തന്നെ കണ്ട് കൈകാര്യം ചെയ്യുക തന്നെ വേണം. എന്നാല്‍ മാധ്യമ വിമര്‍ശനം എന്ന പേരില്‍ വരുന്ന വാട്സആപ്പ് കുറിപ്പുകള്‍ ഒന്ന് നന്നായി പഠിച്ചു നോക്കുക.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത മാത്രമല്ല അവരുടെ ലക്ഷ്യം. മാധ്യമങ്ങളെ തന്നെയാണ്. അതിന്‍റെ ക്രെഡിബിലിറ്റി തകര്‍ത്താല്‍ പിന്നെ എഡിറ്റര്‍മാരില്ലാത്ത സോഷ്യല്‍ മീഡിയയ്ക്ക് വിധി കല്‍പ്പിക്കാം. വാട്സ്ആപ്പില്‍ വരുന്ന കാര്യങ്ങള്‍ നോക്കി ആള്‍ക്കൂട്ട കൊലകള്‍ നടത്താം. എല്ലാത്തിനും ന്യായീകരണം ഉണ്ടാക്കാം. ( വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഓര്‍ക്കുക )
നേരത്തെ ചാനല്‍ ചര്‍ച്ച നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ടാല്‍ രണ്ട് തെറിവിളിക്കണം എന്ന് പറയുന്ന പലരെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് അവരെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ നിരന്തര സോഷ്യല്‍ മീഡിയാ മസ്തിഷ്ക്ക പ്രക്ഷാളനത്തില്‍ അകപ്പെട്ട് നാളെ ആരെങ്കിലും ചാനല്‍ വളഞ്ഞ് തീയ്യിട്ടാല്‍ അതിനുള്ള ന്യായീകരണവും ഉണ്ടാവും. അതിനുള്ള ആശയ പരിസരമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഇത് അപകടകരമാണ്.
അതുകൊണ്ട് മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി തകര്‍ക്കാന്‍ അനുവദിക്കാതിരിക്കുക, കാരണം അങ്ങനെ മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി തകര്‍ന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അറിയേണ്ട കൃത്യമായ വാര്‍ത്തകള്‍പോലും അവര്‍ വിശ്വസിക്കാതാവും. പിന്നെ വ്യാജ വാര്‍ത്തകളുടെ പ്രളയമായിരിക്കും. അതിന്‍റെ നഷ്ടം സാധാരണ ജനങ്ങള്‍ക്ക് തന്നെയാണ്. ഒരു കാരണവശാലും അത് അനുവദിച്ചുകൊടുക്കാനാവില്ല..
-വരുൺ രമേഷ്-