നിയമന ശുപാർശ ലഭിച്ചവരെ ഉടൻ ജോലിയിൽ എടുക്കണംഃ ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ

General

തിരുവനന്തപുരംഃ സംസ്ഥാനത്ത് എൽ.പി സ്കൂൾ തലം മുതൽ കോളേജ് തലം വരെയുള്ള വിവിധങ്ങളായ അധ്യാപക തസ്തികകളിൽ നിയമന ശുപാർശയും നിയമന ഉത്തരവും നൽകിയ സാഹചര്യത്തിൽ നിയമനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തെയ്യാറാകണമെന്ന് ആൾ കേരള അഡ്വൈസ് മെമ്മോ ഹോൾഡേഴ്സ് (ടീച്ചേഴ്സ്) അസോസിയേഷൻ ആവശ്യപ്പെട്ടു. എൽ.പി സ്കൂൾ അസിസ്റ്റന്റ്, യു.പി.സ്കൂൾ അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ ,ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ് പ്രൊഫസർ മുതലായ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 2020 ജനുവരി മുതൽ നിയമന ശുപാർശ കൈപ്പറ്റിയിട്ടും 1500 ഓളം ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ്. സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം നൽകൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.സാധാരണ ഗതിയിൽ അധ്യയന വർഷാവസാനം നിയമന ശുപാർശ ലഭിച്ചവർക്ക് മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതിനു ശേഷമാണ് നിയമനം നൽകാറുള്ളത്. എന്നാൽ കോവിഡ് മഹാമാരി കാരണം ഈ അധ്യയന വർഷം സ്കൂൾ തുറക്കാനോ തസ്തിക നിർണയം നടത്താനോ സാധിച്ചില്ല. എങ്കിലും സ്കൂളുകളുടെ എല്ലാ പ്രവർത്തനവും കൃത്യമായി ഓൺലൈൻ സംവിധാനം വഴി നടത്തുന്നുണ്ട് എന്ന വിലയിരുത്തലാണ് നിലവിലുള്ളത്.മറ്റ് എല്ലാ മേഖലകളിലും കൃത്യമായി നിയമനം നടത്തുന്ന സംസ്ഥാന സർക്കാർ അധ്യാപക നിയമനം നടത്താതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക മാന്ദ്യമാണ്,ഒപ്പം സ്കൂൾ തുറന്നിട്ടില്ലെന്ന സാങ്കേതികത്വവും.
പല സ്‌കൂളുകളിലും അധ്യാപകരുടെ അഭാവം അധ്യാപന പഠന പ്രക്രിയകളെ സാരമായി ബാധിക്കുമ്പോഴും അഡ്വൈസ് നൽകിയ അധ്യാപക ഉദ്യോഗാർത്ഥികളെ ഇത്തരത്തിൽ അവഗണിക്കുന്നതിലെ യുക്തി വ്യക്തമാകുന്നില്ല.
വിക്ടേഴ്സ് ചാനലിലെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം എല്ലാ അധ്യാപകരുടെ അവരുടെ കുട്ടികൾക്ക് കൃത്യമായി തുടർ പ്രവർത്തനങ്ങൾ വാട്സ് ഗ്രൂപ്പ് വഴി നൽകണമെന്നാണ് നിർദ്ദേശം എങ്കിലും പല സ്‌കൂളുകളിലും അവശ്യമായത്തിന്റെ അമ്പത് ശതമാനം പോലും അധ്യാപകരില്ലെന്നു സ്ക്കൂൾ മേധാവികളും രക്ഷിതാക്കളും ഒരുപോലെ പരാതിപ്പെടുന്നു. ഒഴിഞ്ഞുകിടക്കുന്ന ഈ അധ്യാപക തസ്തികകളിൽ വിധ്യാര്തികളുടെ പഠന പ്രവർത്തനങ്ങളെ വിലയിരുത്താനോ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നല്കുവാണോ ആരും ഇല്ലെന്നതാണ് വസ്തുത.ഇത് രക്ഷിതാക്കളെ ഏറെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ അധ്യയന വർഷം വരെ താല്കാലിക അധ്യാപകരെങ്കിലും ജോലി ചെയ്തിരുന്നെങ്കിൽ ഈ അധ്യയന വർഷം താല്കാലിക നിയമനവും നടത്തിയിട്ടില്ല. ആയിരത്തിനു മുകളിൽ അധ്യാപകർ നിയമന ശുപാർശയും കയ്യിൽ പിടിച്ചിരിക്കുമ്പോഴാണ് വിദ്യാർത്ഥികൾക്ക് അധ്യാപകരില്ലാത്ത അവസ്ഥ നിലനിൽക്കുന്നത്.

നിയമന ശുപാർശ കൈപ്പറ്റി മൂന്ന് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന പി.എസ്.സി ചട്ടമുണ്ടായിട്ടും ഏഴ് മാസമായിട്ടും നിയമനം നൽകാതെ നൂറുകണക്കിന് അധ്യാപകരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. മറ്റ് എല്ലാ സർക്കാരിനേക്കാളും പി.എസ്.സി നിയമനം നടത്തിയ സർക്കാരാണ് എൽ.ഡി.എഫ് സർക്കാർ എന്ന് വാദിക്കുമ്പോഴാണ് ആയിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പേരിനു മാത്രം നിയമന ശുപാർശ നൽകി ജോലി നൽകാതെ, അവഗണിക്കുന്നത്.

അധ്യാപക തസ്തികകളിൽ ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത് ചുരുങ്ങിയത് 8 വർഷമെങ്കിലും കൂടുമ്പോഴാണ്. ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്റേറ്റ്, ടി.ടി.സി, ബി.എഡ്, എം.എഡ്, എം.ഫിൽ,നെറ്റ്, സെറ്റ്,കെ ടെറ്റ്, സി.ടെറ്റ് തുടങ്ങി ഓരോ അധ്യാപക തസ്തികയ്ക്കും ആവശ്യമായതിനേക്കാൾ യോഗ്യത നേടി പി.എസ് നടത്തിയ എഴുത്തുപരീക്ഷയും അഭിമുഖവും പാസായി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ കയ്യിൽ കിട്ടിയിട്ടും അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിക്ക് കയറാനാവാതെ കപ്പിനും ചുണ്ടിനുമിടയിൽ എന്ന അവസ്ഥയിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണീനീരിന് സർക്കാർ വില കല്പിക്കാത്തതിന്റെ കാരണമെന്താണ്. 2685 സ്പെഷലിസ്റ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ സർക്കാർ അനുമതി നൽകുമ്പോഴാണ് സ്ഥിര നിയമനം ലഭിച്ചവരോട് അനീതി കാട്ടുന്നത് എന്ന് മനസ്സിലാക്കണം.കഴിഞ്ഞ അധ്യയന വർഷം വരെ ഈ ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേരും, താല്കാലിക അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്. സ്‌കൂൾ തുറക്കാത്തതിനാൽ ഈ, അധ്യയന വർഷം ആ ജോലിയും ലഭിച്ചില്ല.അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരാകട്ടെ നിയമന ശുപാർശ ലഭിച്ചതോടെ ആ സ്ഥാപനത്തിലെ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ നാലഞ്ച് മാസമായി യാതൊരു വരുമാനമാർഗവുമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്.സെപ്തംബർ മാസമെങ്കിലും സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഉദ്യോഗാർത്ഥികളെ ഡിസംബറിലും സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ഈ അക്കാദമിക വർഷം സീറോ അക്കാദമിക വർഷമാക്കാനുള്ള ആലോചന നടക്കുന്നുവെന്ന വാർത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പുമായും മന്ത്രിമാരുമായും വിവിധ അധ്യാപക സംഘടനകളുമായി സംസാരിക്കുമ്പോൾ സ്കൂൾ തുറക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന ഉറച്ച തീരുമാനമാണ് നൽകുന്നത്. എന്നാൽ LPതലം മുതൽ കോളേജ് തലം മുതൽ ഒരേ തീരുമാനമല്ല നടപ്പിലാക്കിയത് എന്നതിന് കൃത്യമായ തെളിവുകൾ നിലനിൽക്കുന്നുണ്ട്. UPSA ലിസ്റ്റിൽ ജനുവരിയിൽ നിയമന ശുപാർശ ലഭിച്ച തിരുവനന്തപുരം, എറണാകുളം ,വയനാട് ജില്ലയിലെ UPSA ഉദ്യോഗാർത്ഥികൾക്കും കണ്ണൂർ ജില്ലയിലെ LPSA ഉദ്യോഗാർത്ഥികൾക്കും ഫെബ്രുവരിയിൽ നിയമനം നൽകിയിട്ടുണ്ട്. അതേ സമയം ജനുവരിയിൽ നിയമന ശുപാർശ നൽകിയ മറ്റ് ജില്ലക്കാർക്ക് നിയമനം നൽകിയിട്ടുമില്ല. HSST Economics ൽ. 96 പേർക്കും HSST ഇംഗ്ലീഷിൽ 87 പേർക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നിയമന ശുപാർശ നൽകിയെങ്കിലും ഇതുവരെ നിയമനം നൽകിയില്ല. അസിസ്റ്റന്റ് പ്രൊഫസർ കൊമേഴ്സ് തസ്തികയിൽ മാർച്ച് മാസം നിയമന ശുപാർശ ലഭിച്ചവർക്ക് ആഗസ്റ്റ് മാസം നിയമനം നൽകിയിട്ടുമുണ്ട്.അട്ടപ്പാടി ഗവ.കോളേജിലും,പതിരിപ്പാല ഗവ.കോളേജിലുമാണ് നിയമനം നേടിയത്.അതു പോലെ എയ്ഡഡ് കോളേജുകളിലും സർവ്വകലാശാലകളിലും കോവിഡ് പശ്ചാത്തലത്തിലും നിയമനം നൽകുന്നുണ്ട്. മാവേലിക്കര ബിഷപ്പ് കോളേജിൽ 2020 ജൂൺ 1 ന് 5നിയമനങ്ങൾ (ഇംഗ്ലീഷ് 2, ഫിസിക്സ് – 1, കെമിസ്ട്രി – 1, എക്കണോമിക്സ് – 1) നടന്നതിന് വിവരാവകാശ രേഖയുണ്ട്..വിദ്യാഭ്യാസ വകുപ്പിൽ ഒരേ നീതിയല്ല നടപ്പിലാകുന്നത് എന്നാണ് ഇതിൽ നിന്ന് ബോധ്യപ്പെടുന്നത്‌. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആൾ കേരള അഡ്വൈസ് മെമ്മോ ഹോള്ഡര്സ് (ടീച്ചേഴ്സ്) അസോസിയേഷൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *